യൂറോപ്പിലേതോ രാജ്യത്തൊരു കുട്ടി അമ്മയോടു പറഞ്ഞു, അവനിനി മുലപ്പാല്‍ വേണ്ടെന്ന്. പിസയുടെയും ഐസ്ക്രീമിന്റെയും സാന്റ്വിച്ചിന്റെയും രുചിയറിഞ്ഞ ആ ബാലന് മുലപ്പാല്‍ കയ്ച്ചു തുടങ്ങിയത്രെ. ബ്രസീലും ഒരു കുട്ടി, മുലപ്പാലിനു സമാനം സ്നേഹിച്ച ഫുട്ബോളിനെ കയ്ക്കുന്നുവെന്നു പറഞ്ഞു തിരസ്ക്കരിക്കാന്‍ തുടങ്ങിയ പൈതല്‍ ചൊല്ലി. അല്ലെങ്കില്‍ എങ്ങനെ ബ്രസീലിയന്‍ ഹൃദയങ്ങള്‍ കാല്പ്പന്തുകലയെ തള്ളിപ്പറയും. മാരക്കാനയിലെയും സാവോപോളോയിലെയും ബ്രസീലിയയിലെയും ഹരിതശോഭ ചിന്തുന്ന കളങ്ങളില്‍ പന്താട്ടം അതിന്റെ പാരമ്യതയില്‍ വിരാജിക്കുമ്പോള്‍ അഗ്നിനിറച്ച മറ്റൊരു ഗോളവും ലാറ്റനമേരിക്കന്‍ രാഷ്ട്രത്തിന്റെ അങ്ങോളമിങ്ങോളം ചുറ്റിക്കറങ്ങി നടക്കും. കാനറികള്‍ വിജയം വെട്ടിപ്പിടിച്ചാല്‍ ആഹ്ലാദപ്പെരുമഴയില്‍ ആ തീഗോളം സാഗരാഗാധതയില് വിലയംപ്രാപിക്കും. അല്ലെങ്കില്‍ ഒരു മണ്ണിനെ അതു വിഴുങ്ങും.
ചരിത്രത്തില്‍ ഇതുവരെ ദര്‍ശിക്കാത്ത പ്രതിഷേധച്ചൂളയ്ക്ക് നടുവില്‍ നിന്നാണ് ബ്രസീല്‍ ഇത്തവണ ലോകകപ്പിന് കളങ്ങളും കാവലും തീര്‍ക്കുന്നത്. ഒരു ആതിഥേയ രാജ്യവും ഇത്തരമൊരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. ജീവിതച്ചെലവിലെ കുതിച്ചുകയറ്റവും വിലവര്‍ധനകളും പശ്ചാത്തലസൗകര്യങ്ങളുടെ അഭാവവും ബ്രസീലിയന്‍ ദിനരാത്രങ്ങളെ കലുഷിതമാക്കിയിരിക്കുന്നു. പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍, അഭിമാനസ്തംഭങ്ങളായി നിലകൊണ്ട ഫുട്ബോള്‍ സ്റ്റേഡിയങ്ങളെപ്പോലും പിടിച്ചുകുലുക്കിക്കഴിഞ്ഞു. കോണ്‍ഫെഡറേഷന്‍ കപ്പിനിടെ കണ്ടു നാമത്. ബ്രസീലിന്റെ മത്സരവേദികള്‍ക്കു പുറത്തുപോലും മുദ്രാവാക്യങ്ങളുടെ പ്രകമ്പനമെത്തി. ലോക ചാമ്പ്യന്മാരായ സ്പെയ്നിനെ നിഷ്പ്രഭമാക്കി കാനറികള്‍ കാപ്പില്‍ ചുണ്ടുചേര്‍ത്തപ്പോള്‍ എല്ലാം കെട്ടടങ്ങുമെന്നു കരുതി. അതുണ്ടായില്ല ലോകകപ്പിനു മുന്നോടിയായി മഞ്ഞക്കിളികള്‍ താമസിച്ച ടീം ഹോട്ടലിനുമുന്നില്‍ പ്രകടനക്കാര്‍ തടിച്ചുകൂടി. ടീം ബസിനു മുന്നില്‍ പ്രതിരോധ മതിലുകള്‍ സൃഷ്ടിച്ച അവര്‍ തങ്ങള്‍ ഒരിക്കല്‍ ഏറെ ഇഷ്ടപ്പെട്ട ഒന്നിനോടുള്ള വെറുപ്പ് വെളിവാക്കുന്ന വാക്യങ്ങള്‍ പതിച്ചുവച്ചു. ബ്രസീലില്‍ ഇന്നു രണ്ടു വിഭാഗക്കാരുണ്ട്. ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും. ചില വീടുകളില്‍ ദേശീയപതാക പാറിക്കളിക്കുന്നു. മറ്റുചിലതില്‍ പ്രതിഷേധ ബാനറുകളും. ഒരു ജനതയെ കാലങ്ങളായി ഒന്നിച്ചു കോര്‍ത്തിണക്കിയ പ്രിയ കായിക വിനോദം ആദ്യമായി അവരില്‍ വേര്‍തിരിവ് സൃഷ്ടിച്ചിരിക്കുന്നു. വിമര്‍ശകര്‍ ചോദിക്കുന്നു, വീടുകളും റോഡുകളും നിര്‍മ്മിക്കാന്‍ പണമില്ലാത്തപ്പോള്‍ എന്തിനാണ് കോടികള്‍ മുടക്കി സ്റ്റേഡിയങ്ങള്‍ പണിയുന്നത്? എന്തിനാണ് ഫുട്ബോള്‍ മാമാങ്കത്തിന്റെ പേരില്‍ പണം ധൂര്‍ത്തടിക്കുന്നത്?. അതിനുത്തരം നല്‍കേണ്ട മഹാദൗത്യമാണ് നെയ്മറിനും ഓസ്കറിനും ഫ്രെഡിനും മാര്സലോയ്ക്കുമൊക്കെ മുന്നില്‍. നെഞ്ചില്‍ തൊട്ടു പറയാം. ബ്രസീലിയന്‍ ഫുട്ബോളിന് ഇത് അഗ്നിപരീക്ഷ. ഇന്നേവരെ ശേഖരിച്ച ഊര്‍ജ്ജത്തിന്റെയും ആര്‍ജിച്ച രണവീര്യത്തിന്റെയും അവസാന കണികയും അവര്‍ക്കു വിനിയോഗിച്ചേ തീരു. ജയം എന്നെത്തേക്കാളും അനിവാര്യമായിരിക്കുന്നു. ബ്രസീല്‍ ജയിക്കുമോ? ശതകോടി പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ട്. നെയ്മറും കൂട്ടരും നേടിയാല്‍ ഫുട്ബോള്‍ അതിന്റെ മഹിമയെ ഒരിക്കല്‍ക്കൂടി തൊട്ടറിയും.
കൂട്ടിനുള്ള ആരവങ്ങള്‍
ആകുലതകള്‍ക്കിടയിലും ആരവങ്ങള്‍ ബ്രസീലിന് കൂട്ടായുണ്ടാവും. സാംബാ താളവും മേളങ്ങളും കാതുതുളയ്ക്കുന്ന വിസിലടികളും ആര്‍പ്പുവിളികളും അലിഞ്ഞു ചേരുന്ന ശബ്ദസങ്കലനത്തിന്റെ തേരേറിയാണ് ബ്രസീല്‍ കമനീയ നേട്ടങ്ങളുടെ ഗിരിശൃംഖങ്ങള്‍ കീഴടക്കിപ്പോന്നത്. മഞ്ഞക്കടലാകുന്ന ഗ്യാലറിയുടെ ഹൃദയമിടപ്പിന്റെ താളത്തിനൊത്ത നൃത്തച്ചുവടുകളുമായി കാനറികള്‍ ഗോളിലേക്ക് അലിഞ്ഞുചേരും. കോണ്‍ഫെഡറേഷന്‍ കപ്പിന്റെ കലാശക്കളിയില്‍ അതു ലോകം വീണ്ടും തൊട്ടറിഞ്ഞു. സ്പെയ്നിനേക്കാള്‍ നന്നായിക്കളിച്ചത് ബ്രസീലാണെന്നത് നിസ്തര്‍ക്കം. എന്നാല്‍ എതിരാളി നിലയുറപ്പിക്കും മുന്‍പേ ഫ്രഡ് നേടിയ ആദ്യ ഗോളിന് ശബ്ദഘോഷത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. രണ്ടാം പകുതിയുടെ ആരംഭത്തിലെ ഫ്രെഡ് സ്ട്രൈക്കിലും കാണികള്‍ ചൊരിഞ്ഞ ഊര്‍ജ്ജ സ്രോതസിന്റെ ബിന്ദുക്കള്‍ ദര്‍ശിക്കാം. കണിശതയാര്‍ന്ന കളിയിലൂടെ പ്രതിയോഗിയുടെ അടിതെറ്റിക്കുന്ന വിഖ്യാത സ്പാനിഷ് ടിക്കി-ടാക്ക മാരക്കാനയിലെ ഗ്യാലറിയുടെ ഹുങ്കാരനാദത്തിന്റെ ചീളുകളേറ്റ് ഛിന്നഭിന്നമായിപ്പോയി. പൂരം ‘നമ്മുടെ നാട്ടിലാണ്. പൂരം കാണാന്‍ വന്നവര്‍ക്കു കണ്ടിട്ടുപോകാം. കപ്പ് ഇവിടെയിരിക്കും’- ഒരു ബ്രസീലിയന്‍ ആരാധകന്റെ ഫെയ്സ് ബുക്ക് പോസ്റ്റിത്. സ്വന്തം ടീമിനോടു കൂറുള്ള ഓരോ ബ്രസീലുകാരന്റെയും മനസിലും ഇതുതന്നെയാവും. ആ രസികഗണം ആര്‍ത്തിരമ്പിയാല്‍ ആശങ്കയുടെയും അതിസമ്മര്ദ്ദത്തിന്റെയും ആള്മറകള്ക്കുമീതെ ബ്രസീല്‍ അതിജീവനത്തിന്റെ ഫ്രീ-കിക്ക് തൊടുക്കും.
സംതുലിത- സുശക്ത സംഘം
ബ്രസീലിയന്‍ പ്രതിഭാ ശേഖരത്തിലെ പുത്തന്‍ മുത്തുകളാണിവര്‍. വെറുതെയല്ലെ കളിവിദഗ്ധര്‍ ഈ ബ്രസീല്‍ ടീമിനെ സമീപകാലത്തെ ഏറ്റവും മികച്ചതെന്നു വിലയിരുത്തുന്നത്. ബ്രസീലുകാര്‍ യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിന്റെ കളങ്ങളിലെത്തി പണംവാരിക്കൂട്ടാറില്ല. ചിലപേരുകളൊക്കെ ഇടയ്ക്കിടയാവും നാം കേള്‍ക്കുക. ആ പതിവു തെറ്റിയിരിക്കുന്നു. എണ്ണംപറഞ്ഞ ക്ലബ്ബുകള്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്നവരാണ് ഇക്കുറി ടീമിലേറെയും. നെയ്മര്‍, ഡാനി ആല്‍വസ് (ബാഴ്സലോണ), ഓസ്കര്, ഡേവിഡ് ലൂയീസ്, റാമിറെസ്, വില്യന് (ചെല്‍സി), തിയാഗോ സില്‍വ, മാക്സ്വെല് (പിഎസ്ജി), മാര്‍സലോ (റയല്‍ മാഡ്രിഡ്), മൈക്കോണ്‍ (റോമ), ഫെര്‍ണാണ്ടീഞ്ഞോ (മാഞ്ചെസ്റ്റര്‍ സിറ്റി), പൗളീഞ്ഞോ (ടോട്ടനം), ഡാന്റെ (ബയേണ്‍ മ്യൂണിച്ച്), ഹള്‍ക്ക്(സെന്റ്പീറ്റേഴ്സ്ബര്‍ഗ്) അങ്ങനെ പോകുന്ന താരനിര. പെര്‍ഫക്റ്റ് ഫുട്ബോളര് എന്നു വിശേഷിപ്പിക്കാവുന്ന നെയ്മര്‍ നക്ഷത്രക്കൂട്ടത്തിലെ പ്രഭയേറെയുള്ളവന്. അശ്വവേഗതയും പന്തടക്കവും കരുത്തും മൂര്‍ച്ചയും കൃത്യതയും പദചലന വൈവിധ്യവും സമന്വയിച്ച നെയ്മര്‍ക്കു മുന്നില്‍ ഏതു മഹാവൈരിയും നിര്‍വീര്യമാകും.
തിക്കിത്തിരക്കിനിടയിലും സ്പേസ് കണ്ടെത്തുന്ന അര്‍ധാവസരങ്ങളും മുതലാക്കാന്‍ നൈപുണ്യമുള്ള ഫ്രെഡും അളുന്നുമുറിച്ച പാസുകളുടെയും ക്രോസുകളുടെയും ബ്രഹ്മനായ ഓസ്കറും ഒപ്പംചേരുമ്പോള് ബ്രസീല്‍ അനുപമസംഘം. പ്രതിരോധത്തിലെ വൈഢൂര്യങ്ങളും ആതിഥേയര്‍ കരുതിവച്ച ആശ്ചര്യങ്ങളില്പ്പെടുന്നു. ഗോളടിക്കുന്നവനെ മാത്രം ഹീറോയായി കണ്ടവര്‍, സ്വന്തം വലയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല, ഒരുകാലത്ത്. ശത്രു രണ്ടടിച്ചാല് നാലെണ്ണം കൊടുത്ത ജയിക്കാമെന്ന ചങ്കുറപ്പ്. അതിനവര്‍ പലപ്പോഴും ശിക്ഷിക്കപ്പെട്ടു. ഡാനി ആല്‍വസിനെയും ഡേവിഡ് ലൂയിസിനെയും മൈക്കോണിനെയും മാര്‍സലോയെയും ഡാന്റെയെയും അണിനിരത്തി ആ കുറവും പരിഹരിച്ചാണ് സ്വന്തം മണ്ണില്‍ ബ്രസീല്‍ രണപടഹം മുഴക്കുന്നത്.
ഇന്ദ്രിയാതീത ശക്തിയുടെ ഇടപെടല്‍
ബ്രസീലിന്റെ കളി അലൗകീകമായൊരു സുഖം സമ്മാനിച്ചിരുന്നു ആരാധകര്‍ക്കെന്നും. ബ്രസീല്‍ ഉണര്‍ന്നാല്‍ ലോകകപ്പ് വേദികളും ഉണരും. അമാനുഷികമായ ചില ഇടപെടലുകളാവും പലപ്പോഴും ബ്രസീലിനെ വിളിച്ചെഴുന്നേല്‍പ്പിക്കുക. അപ്പോള്‍ ചക്രവ്യൂഹങ്ങള്‍ ഭേദിക്കുന്ന പെലെമാരും എതിരാളിയുടെ ആത്മവിശ്വാസം കെടുത്തുന്ന ഗോളുകള്‍ കുറിക്കുന്ന റൊമാരിയോമാരും സീറോ ആംഗിളില്‍ നിന്ന് ലക്ഷ്യംകാണുന്ന മൈക്കോണുമാരും കരിയില കിക്കു തൊടുക്കുന്ന ഗരിഞ്ചമാരും റൊണാള്ഡീഞ്ഞോമാരുമൊക്കെ പുനര്‍ജനിക്കും. ലോകകപ്പിന്റെ മഹാവേദിയില്‍ ഒരു അഭൗമാധികാരിയുടെ കൈകകടത്തല് ബ്രസീലിനെ സഹായിച്ച നിമിഷങ്ങളേറെയാണ്. 1958ലെ ഫൈനലില്‍ സ്വീഡനെതിരെ പെലെ ഗോള്‍ നേടിയ വേള അതിലൊരെണ്ണം. 1994 ഹോളണ്ടുമായുള്ള മുഖാമുഖത്തില്‍ വിജയ ഗോള്‍ കുറിച്ച ഫ്രാങ്കോ മാജിക്കും അവിസ്മരണീയം തന്നെ. ഫൈനല്‍ വിസിലിന് ഒമ്പത് നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ 25വാരെ അകലെ നിന്ന് ഫ്രാങ്കോ പറത്തിവിട്ട ഫ്രീ-കിക്ക് വലമുത്തുമ്പോള് മായാജാലക്കൂടാരത്തില് എന്നപോലെ ഏവരും മിഴിച്ചിരുന്നു. ലിയണാര്‍ഡോയുടെ സസ്പെന്ഷന് ഇല്ലാതിരുന്നെങ്കില്‍ ഫ്രാങ്കോ കളിക്കാനേ കാണില്ലായിരുന്നുവെന്നത് മറ്റൊരു സത്യം. 2002-ല്‍ ഇംഗ്ലീഷ് ഗോളി സീമാനെ കാഴ്ച്ചക്കാരനാക്കിയ റൊണാള്‍ഡീഞ്ഞോയുടെ ഫ്രീ-കിക്കും ബ്രസീലിന്റെ കളിയിലെ പ്രകൃത്യാതീത പ്രഭാവം അടിവരയിടുന്നു. ഇക്കുറിയും ബ്രസീലിനെ കരകയറ്റുന്ന മാന്ത്രിക നിമിഷങ്ങള്‍ക്ക് കാത്തിരിക്കാം.
തീര്‍ക്കാനുള്ള കണക്കുകള്‍
മാരക്കാന ദുരന്തം ബ്രസീലുകാര്‍ക്ക് പഴങ്കഥയല്ല. നെഞ്ചിനുള്ളില്‍ ഇന്നും അതിന്റെ നീറ്റലുണ്ട്, തീര്‍ക്കാനുള്ളൊരു കണക്ക്. കറുത്തകുതിരകളുടെ വേഷമണിയാന്‍ ഉറുഗ്വെയും വരുന്നുണ്ട്. ഉറുഗ്വെ- ബ്രസീല്‍ ഫൈനലിന് കൊതിക്കുന്നവര്‍ ഏറെ. അതുകൊണ്ടും തീരുന്നില്ല ഫ്രാന്സിനിട്ടും കൊടുക്കണം. സമകാലിക ഫുട്ബോളില്‍ ബ്രസീലിനെ ശക്തമായി വെല്ലുവിളിച്ചവര്‍ ഫ്രഞ്ച് പടയാളികള്‍. 1998-ല്‍ സിനദിന്‍ സിദാന്റെ ഡബിള്‍ ഹെഡ്ഡറുകള്‍ ശരമുനപോലെ വന്നു തറച്ചത് ബ്രസീല്‍ മറന്നിട്ടില്ല. അടുത്ത പൂരത്തില്‍ പ്രാമാണിത്വം വീണ്ടെടുത്തെങ്കിലും 2006 വീണ്ടും സിദാന്റെയും കൂട്ടരുടെയും നിഗ്രഹപാടവമറിഞ്ഞു. ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി, സിദാന്റെ ബൂട്ടില്‍ നിന്ന് താഴ്ന്നിറങ്ങിയ പന്തു തൊട്ട് തിയറി ഹെന്റി ബ്രസീലിന്റെ കഥകഴിച്ചു. ആ നിതാന്ത സ്മരണകളുടെ തീച്ചൂളയില്‍ നിന്നാവണം നെയ്മറും തോഴരും ആയുധങ്ങള്‍ മെനഞ്ഞെടുക്കേണ്ടത്. അങ്ങനെയായാല്‍ ബ്രസീലിനെ തടയാന്‍ ശത്രുക്കള്‍ക്ക് നിനയ്ക്കുന്നതിനെക്കാള് കരുത്ത് കാലുകളില്‍ ആവാഹിക്കേണ്ടിവരും.
എസ്.പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: