ഇക്കഴിഞ്ഞ ആഴ്ച വളരെ ഹൃദയംഗമമായി അടുത്ത രണ്ടുപേരുടെ ദേഹവിയോഗം മനസ്സിനെ അഗാധമായി സ്പര്‍ശിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാനകാര്യദര്ശിയായിരുന്ന കാലടി മണികണ്ഠനായിരുന്നു ഒരാള്‍. അദ്ദേഹത്തെ പരിചയപ്പെട്ടത് തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തെ പഴയ സംസ്കൃതി ഭവനില്‍ വെച്ചായിരുന്നു. പല ആവശ്യങ്ങള്‍ക്കുമായി അവിടെ പോയപ്പോഴൊക്കെ സംസ്കൃതി ഭവനില്‍ കോണി കയറിയെത്തുന്ന മുറിയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അവിടെ ധാരാളം മാസികകളും വാരികകളും വായിക്കാനുണ്ടായിരുന്നതു മറിച്ചു നോക്കിയിരുന്ന അവസരങ്ങളില്‍ അദ്ദേഹത്തിന്റെ കുശലാന്വേഷണം അതീവ ഹൃദ്യമായിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ പരീക്ഷാഭവനില്‍നിന്ന് ജോലി കഴിഞ്ഞിറങ്ങി നേരെ സംസ്കൃതി ഭവനത്തിലെത്തുകയാണ് പതിവ്. അവിടുത്തെ കൃത്യങ്ങള്‍ അവസാനിച്ചശേഷമേ വീട്ടിലേക്ക് പോകുമായിരുന്നുള്ളൂ. തന്റെ പ്രത്യേക പ്രവര്‍ത്തന ക്ഷേത്രം വിശ്വഹിന്ദു പരിഷത്തായിരുന്നെങ്കിലും പരിവാറിലെ ഏതു പ്രസ്ഥാനത്തിലും അതീവ താല്‍പ്പര്യമെടുത്തിരുന്നു മണികണ്ഠന് ചേട്ടന്.
കേരളത്തില്‍ നിലനിന്നുവരുന്ന പ്രത്യേക സാഹചര്യത്തില്‍ ഏതു മുന്നണി ഭരണത്തില്‍ വന്നാലും സംഘത്തോട് കടുത്ത കാര്‍ക്കശ്യം കാണിക്കുന്നതാണല്ലൊ പതിവ്. അങ്ങനെയായിരുന്നിട്ടും ഒട്ടേറെ സ്വയംസേവകര്‍ എക്കാലത്തും സംഘശാഖാ പ്രവര്‍ത്തനങ്ങളില്‍ അതീവ നിഷ്ഠ പുലര്‍ത്തിയവരായി ഉണ്ടായിരുന്നു.
ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന അന്‍പതുകളുടെ ആദ്യ പകുതിയിലും പിന്നീടും അതായിരുന്നു സ്ഥിതി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അന്തരിച്ച ശിശുപാലന്, എം.ഗോപിനാഥ്, ജ്യേഷ്ഠന് രാജഗോപാല്‍, ലോട്ടറി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന എന്‍. വിജയന് തുടങ്ങിയ എത്രയോ പേരെ ചൂണ്ടിക്കാട്ടാന്‍ കഴിയും. കേരളത്തിലുടനീളം അത്തരം സ്വയംസേവകരുടെ വലിയ നിര തന്നെയുണ്ടായിരുന്നു ഇന്നുമുണ്ട്. അവരില്‍ ചിലര്‍ക്കെതിരെ നിയമനടപടികള്‍ക്ക് അധികൃതര്‍ തുനിഞ്ഞപ്പോള്‍ നീതിപീഠത്തെ സമീപിച്ച് ആശ്വാസം നേടിയ ചരിത്രവുമുണ്ട്. രാവിലെ ഓഫീസില്‍ പോകുമ്പോള്‍ പൊതിച്ചോറിനൊപ്പം ശാഖയില്‍ ഉപയോഗിക്കുന്ന കാക്കി നിക്കര്‍ കൂടി പൊതിഞ്ഞെടുക്കുന്നവരായിരുന്നു പലരും. ഓഫീസില്‍ നിന്നു ശാഖ, ശാഖയില്‍നിന്ന് സമ്പര്‍ക്കം, അല്ലെങ്കില്‍ മണികണ്ഠന് ചേട്ടനെപ്പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്കെ കഴിഞ്ഞിട്ടാണ് വീട്ടിലെത്തുക. വീട്ടിലേക്കു കൂടി അല്‍പ്പം സമയം നീക്കിവെക്കണമെന്ന വീട്ടുകാരുടെ ആവശ്യം അവര്‍ അവിടുത്തെ മുതിര്‍ന്ന അധികാരിമാരോടു പറയുന്നതും സാധാരണമാണ്.
എന്റെ മകന് അനു നാരായണന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് വന്നപ്പോള്‍ കിട്ടിയ മാര്‍ക്കു പ്രതീക്ഷിച്ചത്രയില്ലാത്തതിനാല് പുനര്‍മൂല്യനം ചെയ്യുന്നതിന് അപേക്ഷ കൊടുക്കുകയും അനുകൂല പരിണാമം ലഭിക്കുകയും ചെയ്തിരുന്നു. എസ്എസ്എല്‍സി ബുക്കില്‍ അത് തിരുത്തി കിട്ടുന്നതിന് അപേക്ഷിച്ചാല്‍ വളരെ കാലതാമസമുണ്ടാകുമെന്ന് മനസ്സിലായപ്പോള്‍ തിരുവനന്തപുരത്തു ചെന്ന് ശ്രമിക്കാന്‍ നിശ്ചയിച്ചു. ഭാഗ്യത്തിന് പരീക്ഷാഭവനില്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നത് മണികണ്ഠന് ചേട്ടനായിരുന്നു. അദ്ദേഹം രേഖകള്‍ പരിശോധിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം വേണ്ട തിരുത്തല്‍ ചെയ്ത് അതിനടച്ച തുക തിരിച്ചയയ്ക്കാന്‍ നടപടികളുടെത്ത് ആണ് വിട്ടത്. തപാല്‍ വഴി അയക്കുന്ന അപേക്ഷകള്‍ക്കും അദ്ദേഹത്തിന്റെ വകുപ്പില്‍ ഒട്ടും വിളംബമുണ്ടാകാറില്ലെന്ന് മനസ്സിലായി.
സേവനത്തില്‍നിന്ന് വിരമിച്ച ശേഷം പൂര്‍ണസമയ പ്രവര്‍ത്തകനായി കലൂരിലെ വിശ്വഹിന്ദു പരിഷത്ത് കാര്യാലയത്തില്‍ കഴിയുമ്പോഴും ഇടയ്ക്കിടെ കണ്ടുകുശലം പറയാറുണ്ടായിരുന്നു. അടുത്തു കുറേ വര്‍ഷങ്ങളായി ബന്ധപ്പെടാന്‍ അവസരമില്ലാതായി. എന്നാലും പ്രാന്തീയബൈഠക്കുകളില് അതിനു കഴിയുകയും ചെയ്തു. കേരളത്തിലെ സംഘത്തിന്റെ ബഹുമുഖമായ പ്രവര്‍ത്തനത്തില്‍ തന്റെ ഭാഗം നിര്‍വഹിച്ചാണ് മണികണ്ഠന് ചേട്ടന് വിട പറഞ്ഞത്. ശിശുപാലന് ചേട്ടനേയും അദ്ദേഹത്തേയും എം. ഗോപിനാഥിനെയും ഇപ്പോഴും ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.
വൃക്ക സംബന്ധമായ അസുഖബാധയാല്‍ കഴിഞ്ഞ ആഴ്ചയില്‍ ബംഗാളിലെ ബിജെപിയുടെ തപന്‍ സിക്ദര്‍ അന്തരിച്ച വാര്‍ത്ത ടിവിയില്നിന്നാണറിഞ്ഞത്. ജനസംഘത്തിന്റെ ബംഗാള്‍ സംഘടനാ കാര്യദര്‍ശിയായിരുന്ന കാലത്ത് ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികളെപ്പോലെ ആയിരുന്നു. അവിടുത്തെ മുതിര്‍ന്ന നേതാവ് രാംപ്രസാദ് (രാംദാ) വിശ്വഹിന്ദുപരിഷത്തിലേക്കു പോയപ്പോള്‍ യുവപ്രചാരകന് തപന്‍ സിക്ദറിന് സംഘടനാകാര്യദര്‍ശി സ്ഥാനം ലഭിക്കുകയായിരുന്നു. അന്ന് പൂര്വഭാരതത്തിന്റെ ചുമതല വഹിച്ചിരുന്ന രാം ഭാവുഗോഡ്ബോലേയുടെ ശിക്ഷണത്തില്‍ “തൊപൊന്‍ ദാ” അതിവേഗം ഭാഗം ഏറ്റെടുത്തു. മാര്‍ക്സിസ്റ്റ് ഭീകരവാഴ്ച നടമാടിയ ബംഗാളിലാകെ അക്രമങ്ങള്‍ നടക്കുകയായിരുന്നു. ഉരുളക്കിഴങ്ങു വാങ്ങുന്ന ലാഘവത്തോടെ കല്‍ക്കത്തയുടെ തെരുവുകളില്‍ കൈബോംബുകള്‍ ലഭിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. കേരളത്തിലും മാര്‍ക്സിസ്റ്റ് തേര്‍വാഴ്ച നടന്നുവന്നതിനാല്‍ ഞങ്ങള്‍ക്കു ധാരാളം വിഷയങ്ങള്‍ കൈമാറാനുണ്ടായിരുന്നു. ദേശീയ കാര്യസമിതി യോഗങ്ങളില്‍ മിക്കവാറും ഞങ്ങള്‍ ഒരുമിച്ചാണ് കഴിഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് ഗുജറാത്തിലെ ആനന്ദിലും മുബൈ ദാദറിലും ഹൈദരാബാദിലും നടന്ന രഹസ്യയോഗങ്ങളിലും കാണാന്‍ അവസരം ലഭിച്ചിരുന്നു. പിന്നീട് പുതിയ അന്തരീക്ഷ തൊപൊന്‍ ദാ ബംഗാളിലെ പ്രമുഖ രാഷ്ട്രീയനേതാവായി ഉയര്‍ന്നു. ഗാന്ധിനഗറിലും പൂനെയിലും നടന്ന നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ ജന്മഭൂമിയുടെ പ്രതിനിധിയെന്ന നിലയ്ക്കുകൂടിയാണ് ഞാന്‍ പങ്കെടുത്തത്. ജനസംഘകാലത്തെ സമ്മേളനങ്ങളുടെ ലാളിത്യവും പ്രതിനിധികള്‍ തമ്മില്‍ അനുഭവപ്പെട്ടിരുന്ന ഹൃദംഗമത്വവും ക്രമേണ കുറഞ്ഞുവരുന്നതിനെപ്പറ്റി അദ്ദേഹവുമായി സംസാരിക്കാന്‍ അവസരമുണ്ടായി. ഇടയ്ക്ക് ചില കത്തുകളും പരസ്പ്പരം അയയ്ക്കുമായിരുന്നു. കേരളത്തില്‍ ജന്മഭൂമി ദിനപത്രം ആരംഭിച്ചു സാമാന്യ നിലയ്ക്കു പുരോഗമിക്കുന്നുവെന്ന കാര്യം തൊപൊന്‍ ദായ്ക്ക് വിസ്മയമായിരുന്നു.
തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും ബംഗാളില്‍ ബിജെപിക്ക് നല്ല വളര്‍ച്ചയുണ്ടായതില്‍ അദ്ദേഹത്തിന്റെ പങ്ക് ഗണ്യമായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശൈഥില്യം ആരംഭിച്ചതും കോണ്‍ഗ്രസ് പിളര്‍ന്ന് തൃണമൂല്‍ കിളര്‍ത്തു വളര്‍ന്നതും അതിന് സഹായകമായി എന്നു തീര്‍ച്ചയാണ്. അന്നത്തെ മാറിയ പരിതസ്ഥിതിയില്‍ തപന്‍ സിക്ദാറിന് പാര്‍ലമെന്റിലേക്കു ജയിക്കാന്‍ സാധിച്ചത് വന്‍നേട്ടമായി. വാജ്പേയി മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചു. തൃണമൂല്‍ സഖ്യ ം പിരിഞ്ഞ ശേഷമായിരുന്നു അദ്ദേഹം വിജയിച്ചതെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.
ഈ രണ്ട് വേര്‍പാടുകളുടെ ഓര്മ മങ്ങുന്നതിന് മുമ്പുതന്നെ കേന്ദ്രമന്ത്രി ഗോപിനാഥമുണ്ടെയുടെ അപകടമരണം നടുക്കമുണ്ടാക്കിക്കൊണ്ടു സംഭവിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളിലൊന്നില് നിന്ന് വന്ന്, സംഘശാഖയിലൂടെ സംസ്കാരങ്ങള്‍ കൈക്കൊണ്ട് ദേശീയതലത്തില്‍ സമുന്നത സ്ഥാനത്തെത്തിയ ആളായിരുന്നല്ലൊ ഗോപിനാഥ മുണ്ടെ. ഗ്രാമവികസന മന്ത്രിയായി ചുമതലയേറ്റതിന്റെ പിറ്റേന്ന് തന്നെ വിജയിപ്പിച്ച നാട്ടുകാരുടെ സ്വീകരണമേറ്റു വാങ്ങാന്‍ പുറപ്പെട്ട മുണ്ടെയുടെ വാഹനത്തെ നിയമം തെറ്റിച്ചു കയറിവന്ന ഒരു കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജനസംഘത്തിന്റെ മഹാരാഷ്ട്ര സംഘടനാകാര്യദര്‍ശിയായിരുന്ന വസന്തറാവു ഭാഗവതിന്റെ കണ്ടെത്തലായിരുന്നു പഴയ ഹൈദരാബാദിന്റെ ഭാഗമായിരുന്ന മറാട്വാഡക്കാരായിരുന്ന പ്രമോദ് മഹാജനും ഗോപിനാഥമുണ്ടെയും. ജന്മഭൂമി തുടങ്ങുന്നതിന് മുമ്പത്തെ ചല പ്രാരംഭ സജ്ജീകരണങ്ങള്‍ക്കായി ഒരുമാസത്തോളം മുംബൈയില്‍ താമസിച്ചപ്പോഴാണ് ഇരുവരേയും കണ്ടത്. അവരുടെ ഊര്ജ്ജസ്വലതയെപ്പറ്റി വസന്തറാവു ഭാഗവതിന് ഏറെ പ്രശംസയായിരുന്നു. എന്റെ അനുജന് ഔറംഗബാദില്‍ എഞ്ചിനീയറാണെന്ന് പറഞ്ഞപ്പോള്‍ അഡ്രസ് വാങ്ങി പരിചയപ്പെടുമെന്ന് പറഞ്ഞു.
പിന്നെ 1984 ല്‍ പൂനെയില്‍ നടന്ന നാഷണല്‍ കൗണ്‍സിലിന്റെ നടത്തിപ്പിലെ താരങ്ങളായിരുന്നു മഹാജനും മുണ്ടേയും. ആധുനിക സാങ്കേതികവിദ്യയുടെ സഹായം ആ സമ്മേളനത്തില്‍ ഉപയോഗിച്ചിരുന്നു. സിസിടിവി മൂലം സമ്മേളന നഗറില്‍ എവിടെയിരുന്നാലും നടപടികള്‍ കാണാന്‍ കഴിഞ്ഞിരുന്നു. സമ്മേളനം കഴിഞ്ഞുപോകുന്നതിന് മുമ്പുതന്നെ അടല്‍ജിയുടെ ഭാഷണങ്ങള്‍ അടങ്ങുന്ന കാസറ്റ് ലഭ്യമാണെന്ന് പ്രമോദ് മഹാജന് പറഞ്ഞത് ഹര്ഷാരവത്തടെ സദസ്യര്‍ സ്വീകരിച്ചു.
മഹാജനും ഗോപിനാഥമുണ്ടേയും തങ്ങളുടെ പൂര്ണസാമര്ത്ഥ്യവും കഴിവും പ്രകടിപ്പിക്കുന്നതിനു മുമ്പുതെന്ന ദുരന്തത്തിനിരയായി. ജനസംഘത്തിന്റെ സ്ഥാപകാധ്യക്ഷന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും പിന്നീട് അധ്യക്ഷന്മാരായ ഡോ. രഘുവീരയും ദീനദയാല്‍ജിയും ഇതുപോലെ ദുരന്തത്തിനിരയായവരാണ്; മൂന്നുപേരം 55 വയസ്സിനുമുമ്പ്. ഡോ. മുഖര്‍ജി കാശ്മീരിനെ ഭാരതത്തില്‍ നിന്നടര്‍ത്തി മാറ്റാന്‍ നടന്ന ഗൂഢനീക്കങ്ങള്‍ക്കെതിരെ സമരം നടത്തി ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവിടെ വേണ്ട ചികിത്സ കിട്ടാതെ മരിച്ചു. ഡോ. രഘുവീരയാകട്ടെ ആചാര്യകൃപലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാണത്തിനിടയില് പിണഞ്ഞ കാറപകടത്തില്‍ ജീവന് വെടിഞ്ഞു. ദീനദയാല്‍ജി ജനസംഘാധ്യക്ഷനായി 41-ാം ദിവസം മുഗള്‍ സെരായ് സ്റ്റേഷനു പുറത്ത് റെയില്‍ പാളത്തിനരികെ വധിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടു. വിധിക്കുമുമ്പിലെ നിസ്സഹായത എന്നല്ലാതെ എന്തുപറയാന്‍!
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: