ബ്രിട്ടീഷുകാര്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരികളും ഇംഗ്ലീഷ് ഭാരതത്തിന്റെ ഭരണഭാഷയുമായിരുന്ന അടിമത്തത്തിന്റെ കാലഘട്ടത്തില്‍ ഇംഗ്ലീഷില്‍ പ്രാവീണ്യം നേടിയ അനേകം മഹാപ്രതിഭകള്‍ ഭാരതത്തിലുണ്ടായി. അവരുടെ പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും ഭാരതസംസ്കാരത്തിന്റെ നേര്‍ക്ക് ലോകത്തെ ആകര്‍ഷിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യബോധത്തിന് ആകൃതികള്‍ തുയിലുണര്‍ത്തു പാട്ടുകളായി. സ്വാമി വിവേകാനന്ദന്, രവീന്ദ്രനാഥടാഗോര്‍, അരവിന്ദഘോഷ്, സ്വാമി യോഗാനന്ദ, മഹാത്മാഗാന്ധി, വിനോബാജി തുടങ്ങി ഡോ. രാധാകൃഷ്ണന് വരെയുള്ള തത്ത്വജ്ഞാനികളായ ആചാര്യന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അത്രയും തത്ത്വബോധവും വിജ്ഞാനവും അവകാശപ്പെടാനില്ലെങ്കിലും ഭാരതസംസ്കാരത്തെ ഹരോള്‍ഡ് ലാസ്കിയുടെ ചാരുകസേര സോഷ്യലിസത്തിന്റെയും ഫേബിയന്‍ സോഷ്യലിസത്തിന്റെയും ചായം പുരട്ടി മോടിപിടിപ്പിച്ച് അവതരിപ്പിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ജയപ്രകാശ് നാരായണന്, സി. രാജഗോപാലാചാരി തുടങ്ങി അനേകം പണ്ഡിതന്മാര് ഇംഗ്ലീഷില്‍ ഭാരതത്തെ അവതരിപ്പിച്ചു. ആ കൃതികളെ ബഹുമാനപൂര്‍വം സ്മരിക്കുന്നു. അവയെക്കുറിച്ചുള്ള ചര്‍ച്ച ഏതാനും ലേഖനങ്ങളില്‍ ഒതുക്കാനാവില്ല.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ വിദേശികള്‍ ഇംഗ്ലീഷില്‍ ഭാരതത്തെക്കുറിച്ചെഴുതി ഭാരതീയര്‍ക്കു വിറ്റു പണമുണ്ടാക്കിയ കൃതികളെക്കുറിച്ചു മുമ്പു സൂചിപ്പിച്ചു. ഭാരതീയര്‍ ഇംഗ്ലീഷില്‍ എഴുതി ഭാരതീയര്‍ക്കു വിറ്റു പണമുണ്ടാക്കുന്ന കൃതികള്‍ ഏറെയുണ്ട്. ഭാരതത്തിലെ പുരാണേതിഹാസങ്ങളെയും ഭാരതീയ ദര്‍ശനങ്ങളെയും പരിഹസിക്കുന്ന അനേകം കൃതികള്‍ ഭാരതത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം ഗ്രന്ഥങ്ങളില്‍ ചിലതിന്റെ രചന അറിയപ്പെടുന്ന ചില രാഷ്ട്രീയ പ്രവര്‍ത്തകരാണു നടത്തിയിട്ടുള്ളത്. ഇവരില്‍ ചിലര്‍ നമ്മുടെ പ്രതിനിധികളായി ഭരണാധിപരും ആയിട്ടുണ്ട്. വ്യക്തികളുടെയും കൃതികളുടെയും പേരുകള്‍ ഒഴിവാക്കുകയാണ്. വായനക്കാര്‍ക്ക് വ്യക്തികളെയും ഗ്രന്ഥങ്ങളെയും തിരിച്ചറിയാന്‍ വിഷമമുണ്ടാകുകയില്ല.
ഇംഗ്ലീഷില്‍ സാഹിത്യരചന നടത്തുന്ന എഴുത്തുകാരുടെ ഒന്നിലധികം സംഘടനകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകളുടെ സംഘാടകരില്‍ പ്രധാനികള്‍ ആംഗ്ലോ അമേരിക്കന്‍ പൂസ്തകക്കച്ചവടക്കാരുടെ പ്രതിനിധികള്‍ തന്നെ. ഇടയ്ക്കിടെ ഭാരതീയരായ ചില എഴുത്തുകാര്‍ക്ക് അന്താരാഷ്ട്ര പ്രസിദ്ധിയുള്ള ചില പുരസ്കാരങ്ങള്‍ കിട്ടിയതായി നാം കേള്‍ക്കാറുണ്ട്. ആ പുരസ്കാരത്തിന്റെ പ്രസിദ്ധിയുമായി അവരില്‍ ചിലരെങ്കിലും ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവനകള്‍ അടിക്കടി പുറപ്പെടുവിക്കുന്നതും നാം കണ്ടിട്ടുണ്ട്.
ഇംഗ്ലീഷുഭാഷയെ ഭാരതത്തിന്റെ ഔദ്യോഗിക ഭാഷയും വ്യവഹാരഭാഷയുമായി നിലനിറുത്തി തങ്ങളുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളമാക്കാനുള്ള ആസൂത്രിതമായ പ്രയത്നത്തില്‍ ഇംഗ്ലീഷ് പുസ്തകക്കച്ചവടക്കാര്‍ മിക്കവാറും വിജയിച്ചുകഴിഞ്ഞു. ഹിന്ദിയെ വിവിധ സംസ്ഥാനങ്ങളെ തമ്മില്‍ അടുപ്പിക്കുന്ന ബന്ധഭാഷയായിപ്പോലും വളരാന്‍ അനുവദിക്കാതെ മൂലയ്ക്കിരുത്തിയതും നാം കണ്ടു. ഇംഗ്ലീഷിന്റെ ആയുധമുപയോഗിക്കാത്ത ഈ പടയോട്ടത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് മലയാളത്തിനാണെന്നും നാം കണ്ടു.
ഇംഗ്ലീഷ് കേരളീയ ജീവിതത്തില്‍ അര്ബുദരോഗംപോലെ പ്രധാന അവയവങ്ങളെയൊക്കെ ബാധിച്ചു കഴിഞ്ഞു. ഏതാനും ഉദാഹരണങ്ങള്‍ നോക്കുക. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വൃദ്ധസമാജത്തില് ഞാന്‍ ആജീവാന്തകാലത്തേയ്ക്ക് അംഗത്വം സ്വീകരിച്ചിട്ടുണ്ട്. സമാജത്തിലെ അംഗങ്ങള്‍ മലയാളികളാണ്. പക്ഷേ വൃദ്ധസമാജത്തിന്റെ പേര് ഒരു നീണ്ട ഇംഗ്ലീഷ് പദമാണ്. ഭരണസമിതി അംഗങ്ങളെല്ലാം തിരുവനന്തപുരത്തുള്ളവരാണെങ്കിലും സമാജത്തിലെ നടപടികളെല്ലാം ഇംഗ്ലീഷിലാണ്. ഇംഗ്ലീഷുകാരന് കേട്ടാല്‍ സഹിക്കാത്തവിധം അബദ്ധജടിലമാണ് ഈ സമാജത്തിലെ അംഗങ്ങളിലധികം പേരുടെയും ഇംഗ്ലീഷ്. എങ്കിലും സമാജാംഗങ്ങള്‍ക്ക് മലയാളം ഉപയോഗിക്കാന്‍ മടിയാണ്.
തിരുവനന്തപുരത്തുള്ള ഒരു റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ അടുത്തകാലത്തു പങ്കെടുക്കേണ്ടി വന്നു. നല്ല സാമര്‍ത്ഥ്യമുള്ള ഒരുസംഘം ചെറുപ്പക്കാരാണു പ്രവര്‍ത്തകര്‍. കുറെയേറെ നല്ല കാര്യങ്ങള്‍ അവര്‍ ചെയ്തിരിക്കുന്നു. നല്ല മലയാളത്തിലാണ് അവര്‍ സംസാരിക്കുന്നത്. അവരുടെ കൂട്ടത്തിലൊരാള്‍ അറിയപ്പെടുന്ന കവിയുമാണ്. പക്ഷേ സമ്മേളനം തുടങ്ങിയപ്പോള്‍ “വെല്‍കം” തുടങ്ങി “വോട്ട് ഒഫ് താംക്സ്” വരെ എല്ലാം തെറ്റിംഗ്ലീഷിലായിരുന്നു. മലയാളം മതിയായിരുന്നു എന്ന് അവരെ ഉപദേശിച്ചില്ല. കാരണം, ഇത് സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗമാണെന്നു അറിവ്.
മറ്റൊരനുഭവം. ഒരു ക്ഷേത്രപരിസരമാണ് രംഗം. കേരളത്തില്‍ മിക്കവര്‍ക്കും പരിചയമുള്ള ഒരു ആചാര്യന്റെ ഉപനിഷദ് വ്യാഖ്യാനം തുടങ്ങുന്നു. ഏതോ പൂര്‍വപുണ്യ ഫലമാകാം, അത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഉദ്ഘാടനം കഴിഞ്ഞു. ആചാര്യന്റെ പ്രഭാഷണം ആരംഭിച്ചു. ഗംഭീരവും ശ്രുതിമധുരവുമായ ശബ്ദം. ഗംഗാപ്രവാഹംപോലെ സ്വച്ഛസുന്ദരമായ സംസ്കൃത കൈരളീ യോഗപ്രവാഹം അദ്ധ്യാത്മികതയുടെ കുളിരു പരത്തിക്കൊണ്ട് അവിടെയാകെ പ്രസരിച്ചു. പ്രായംകൊണ്ട് എന്നെക്കാള്‍ വളരെ ചെറുപ്പമായ ആ സന്ന്യാസിയുടെ കഴിവിലും പഠിപ്പിലും ഞാന്‍ മനസ്സുകൊണ്ട് അദ്ഭുതം കൂറി. ബഹുമാനത്തോടെ കേട്ടിരിക്കെ എന്തോ ഒരിടര്‍ച്ച. ഒന്നും മനസ്സിലാകുന്നില്ല. മൈക്കിലൂടെ എന്തൊക്കെയോ ശബ്ദം പുറപ്പെടുന്നുണ്ട്. സദസ്സ് അല്പമൊന്ന് അസ്വസ്ഥമായി. ശ്രദ്ധിച്ചപ്പോള്‍ ആചാര്യന് ഇംഗ്ലീഷില്‍ എന്തോ പറയാന്‍ ശ്രമിക്കുകയാണ്. ആ ഭാഷയില്‍ അദ്ദേഹത്തിനുവേണ്ട പരിചയമില്ല. അദ്ദേഹത്തില്‍നിന്ന് വികൃതം എന്നുതന്നെ വിശേഷിപ്പിക്കേണ്ട ആംഗലഭാഷാ പരിശ്രമം ആരും പ്രതീക്ഷിച്ചില്ല. അതു തികച്ചും അപ്രസക്തവും അസ്ഥാനസ്ഥവുമായിരുന്നു. ഇംഗ്ലീഷ് അവിടെ ഇറക്കുമതി ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച വികാരമെന്തായിരിക്കുമെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇടയ്ക്കു കുറച്ച് ഇംഗ്ലീഷും പറഞ്ഞില്ലെങ്കില്‍ ഇംഗ്ലീഷിനടിമകളായിപ്പോയ മലയാളികള്‍ തന്റെ പ്രസംഗത്തെ അംഗീകരിക്കുകയില്ലെന്ന ധാരണ അദ്ദേഹത്തിന്റെ ഉപബോധമനസ്സില്‍ പ്രവര്‍ത്തിച്ചിരിക്കാം.
ഈ ദുഃസ്വഭാവം മലയാള സാഹിത്യകാരര്‍ക്ക് പ്രത്യേകിച്ച് സാഹിത്യ വിമര്‍ശകര്‍ക്ക് വളരെ കൂടുതലാണ്. ഏതെങ്കിലും സാധുവിന്റെ നാലുവാക്യം ഉദ്ധരിച്ചില്ലെങ്കില്‍ സാഹിത്യ വിമര്ശനമാകുകയില്ല എന്ന മട്ടിലാണ് സാഹിത്യവിമര്‍ശകര്‍. നമ്മുടെയൊക്കെ പേരും ഒപ്പുംകൂടി ഇംഗ്ലീഷുകാരനെ അനുകരിച്ചാണ്.
മുപ്പതുകൊല്ലം മുമ്പ് ദക്ഷിണഭാരതത്തിലെ സാഹിത്യകാരരുടെ ഒരു സമ്മേളനം തിരുവനന്തപുരത്ത് ഞാന്‍ വിളിച്ചുകൂട്ടിയിരുന്നു. അതില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ കാ.ന. സുബ്രമണിയവും ഉണ്ടായിരുന്നു. കാ.ന. തമിഴിലും ഇംഗ്ലീഷിലും എഴുതുമെങ്കിലും ഇംഗ്ലീഷ് സാഹിത്യകാരനെന്ന നിലയിലായിരുന്നു കൂടുതല്‍ പ്രസിദ്ധി. മൂന്നാഴ്ച നീണ്ടുനിന്ന സമ്മേളനക്കാലത്ത് ഞങ്ങള്‍ക്ക് അടുത്തു പെരുമാറാന്‍ അവസരം ഏറെയുണ്ടായി. ഒരുദിവസം ഭാരതത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള അനൗപചാരികമായ ചര്‍ച്ചക്കിടയില്‍ അദ്ദേഹം എന്റെ പേരിനുമുമ്പില് ചേര്‍ക്കുന്ന ബി.സി. എന്ന രണ്ടക്ഷരത്തെക്കുറിച്ച് എന്നോട് ചോദിച്ചു. “ബാലകൃഷ്ണന് താങ്കളുടെ പേര്. ബി.സി. വീട്ടുപേരോ, എന്താണ്?” എന്നു ചോദ്യം. ” ബി എന്റെ അച്ഛന്റെ പേരിന്റെ ആദ്യത്തെ അക്ഷരം. സി അമ്മയുടെ പേരിന്റെയും. അച്ഛന്റെ പേര് ബാലകൃഷ്ണപിള്ള, അമ്മയുടെ പേര് ചെല്ലമ്മ”. ഞാന്‍ മറുപടി പറഞ്ഞു. “അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യത്തെ അക്ഷരം ഇന്‍ഷ്യലായി ചേര്‍ത്താല്‍ താങ്കളുടെ പേര് ബാ.ചെ. ബാലകൃഷ്ണന് എന്നാകണം. അച്ഛന്റെയും അമ്മയുടെയും പേര് ഇംഗ്ലീഷിന്റെ ലിപിയില്‍ എഴുതിയാല്‍ യമഹമസൃശവ്മി ുശഹഹമ, രവലഹഹമാാമ എന്നാകും. ആ പേരുകളില്‍ ആദ്യത്തെ അക്ഷരത്തിന്റെ പേരാണ് ബി. ആദ്യത്തെ അക്ഷരം യമ എന്നാണ്. അമ്മയുടെ പേരിന്റെ ആദ്യത്തെ അക്ഷരത്തിന്റെ പേരാണ് സി. ചെല്ലമ്മ എന്നപേരില്‍ സി ഇല്ല. രവല എന്നെഴുതിയാലെ ചെ ആകൂ. അപ്പോള്‍ താങ്കളുടെ പേര് ഇംഗ്ലീഷക്ഷരത്തിലെഴുതിയാല് യമ രവല യമഹമസൃശവ്മി എന്നല്ലേ വേണ്ടത്.”? വാദം ന്യായമാണ്. ഞാന്‍ സമ്മതിച്ചു. “എനിക്കിതു മാറ്റാനാവില്ല. കാരണം ഈ പേര് എന്റെ അച്ഛന് എനിക്കു തന്നതാണ്. അത് അദ്ദേഹത്തിന്റെ അവകാശമാണ്” ഞാന്‍ പറഞ്ഞു. “വേണ്ട സര്, അങ്ങു പേരുമാറ്റണമെന്നൊന്നും ഞാന്‍ ഉദേശിച്ചില്ല. നാം പറഞ്ഞുവന്ന സാംസ്കാരിക പശ്ചാത്തലവുമായി ബന്ധപ്പെടുത്തി ചിന്തിക്കണം. നമ്മുടെ ഈ മാതൃഭൂമി നമ്മുടെ പൂര്‍വികരുടെ പിടിപ്പുകേടുകൊണ്ട് വെള്ളക്കാരന്റെ അടിമയായി നൂറൂനൂറ്റമ്പതുകൊല്ലമേ ആ അടിമത്തം നിലനിന്നുള്ളൂ. എങ്കിലും ആ അടിമത്തത്തിന്റെ ചുമട് നാം ഇപ്പോഴും ഇറക്കിവയ്ക്കാന്‍ തയ്യാറല്ല. ഞാന്‍ എഴുത്തുകാരനാണ്. ഒരു ലേഖനം തമിഴിലെഴുതിയാല് നൂറു രൂപ കിട്ടും. അതേ ലേഖനം ഇംഗ്ലീഷിലെഴുതിയാല്‍ രണ്ടായിരം രൂപ കിട്ടും. അതു പുസ്തകമാകുമ്പോള്‍ രണ്ടുലക്ഷംരൂപ കിട്ടും. അതുകൊണ്ട് ഞാന്‍ ഇംഗ്ലീഷിലാണ് അധികമെഴുതുന്നത്. എന്റെ മക്കളെങ്കിലും ഈ അടിമത്തത്തില്‍ നിന്നു രക്ഷപ്പെടുമോ എന്നു തീര്‍ച്ചയില്ല. അങ്ങയുടെ അച്ഛന് ഇംഗ്ലീഷുകാരന്റെ അടിമത്തം അങ്ങയുടെ പേരില്‍ ചുമത്തി അങ്ങയുടെ മക്കളുടെ പേര് എനിക്കിപ്പോള്‍ അറിയാം. അവര്‍ അച്ഛന്റെ പേരിന്റെ ആദ്യക്ഷരത്തിന്റെ മട്ടില്‍ ബി തന്നെ ചുമക്കുന്നു. അമ്മയുടെ പേര് രാജമ്മ എന്നായതുകൊണ്ട് ‘രാ’ എന്നാണ് വേണ്ടതെങ്കിലും അടിമത്തത്തിന്റെ അടയാളമായി അതിനെ ‘ആര്’ എന്നു മാറ്റി. മക്കള്‍ “ബി.ആര്” എന്ന ഇന്ഷ്യല് ചുമക്കുന്നു. ഈ അടിമത്തത്തിന്റെ മുദ്ര അവര്‍ അവരുടെ മക്കളിലേയ്ക്കു പകരും. ഈ അടയാളം ദൂരെയെറിയാന്‍ നമുക്കു കഴിയണ്ടേ?
കാ.നാ. സുബ്രമണിയത്തിന്റെ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു. ഇപ്പോള്‍ മരണത്തെ സ്വാഗതം ചെയ്യാനൊരുങ്ങുന്ന എണ്‍പത്താറാം വയസ്സിലും എല്ലാവശത്തുനിന്നും ഈ ചോദ്യം ഞാന്‍ കേള്‍ക്കുന്നു. എന്റെ നാടും എന്റെ ഭാഷയും സ്വതന്ത്രമാകണ്ടേ? വേണ്ടേ? ചിന്തിക്കുക.
(അവസാനിക്കുന്നില്ല)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: