ലണ്ടന്‍: സൗഹൃദമത്സരങ്ങളിലെ മികച്ച ജയങ്ങളോടെ നിലവിലെ ചാമ്പ്യന്‍ സ്പെയിനും മുന്‍ ചാമ്പ്യന്‍ ഇംഗ്ലണ്ടും ലോകകപ്പ് ഫുട്ബോളിനുള്ള മുന്നൊരുക്കങ്ങള്‍ ഉഗ്രനാക്കി. ഇംഗ്ലണ്ട് പെറുവിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നിഷ്പ്രഭമാക്കിയപ്പോള്‍ സ്പെയിന് ബൊളീവിയയെ 2-0ത്തിനു തോല്‍പ്പിച്ചു. സ്പാനിഷ് ഗോള്‍ സ്കോറര്‍മാരില്‍ ഫെര്‍ണാണ്ടോ ടോറസും ഇംഗ്ലീഷ് സ്കോര്‍ ഷീറ്റില്‍ ഡാനിയേല്‍ സ്റ്റര്‍ഡിജും ഇടംപിടിച്ചു.
നിലവാരമുള്ള ഫുട്ബോളിലൂടെയാണ് പെറുവിനെ ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. പ്രതിരോധമാണ് എതിരാളിയെ വകവരുത്താനുള്ള നല്ല ആയുധമെന്നു തെളിയിച്ച ഇംഗ്ലണ്ട് കണിശതയുള്ള ഫിനിഷിങ്ങിലൂടെ ഗോളുകളും കണ്ടെത്തി. 19-ാം മിനിറ്റില്‍ ഇംഗ്ലീഷ് ഗോളി ജോ ഹാര്‍ട്ടിനെ ജീന്‍ ഡെസ ചെറുതായൊന്നു പരീക്ഷച്ചതൊഴിച്ചാല് കളിയുടെ തുടക്കത്തില്‍ ഇരുടീമുകള്‍ക്കും ഗോളവസരങ്ങള്‍ കുറവായിരുന്നു. അരമണിക്കൂര്‍ പിന്നിട്ടയുടന്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ജോണ്‍സന്റെ ത്രോ ഇന്‍ പിടിച്ച സ്റ്റര്‍ഡിജ് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് പെറുവിന്റെ വലയില്‍ വീണു (1-0).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡെസയുടെ ലോങ്ങ് റേഞ്ച് ഇംഗ്ലീഷ് ഗോള്‍ പോസ്റ്റിനു തൊട്ടുമുകളിലൂടെ ഇഞ്ചിഞ്ചുകളുടെ വ്യത്യാസത്തില്‍ കടന്നുപോയി. 65-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മുന്‍തൂക്കം ഇരട്ടിപ്പിച്ചു. ഗ്യാരി കാഹിലിന്റെ ഹെഡ്ഡറും പെറുവിന്റെ പോസ്റ്റിനുള്ളില്‍ (2-0). പിന്നാലെ ഫില്‍ ജാഗിയേല്ക്കയും വെടിപൊട്ടിക്കുമ്പോള്‍ പെറു തോല്‍വി ഉറപ്പിച്ചു (3-0).
ബൊളീവിയയോട് സ്പെയിന് അല്‍പ്പം വിയര്‍പ്പൊഴുക്കി. പൊസഷന്‍ കൈയടക്കിയെങ്കിലും എതിരാളികളുടെ കടുത്ത പ്രതിരോധതന്ത്രം ലോക ജേതാക്കളെ വലച്ചു. അവശ്യംവേണ്ട സമയത്ത് ഫൗളുകള്‍ക്കും ബൊളീവിയന്‍ താരങ്ങള്‍ മടിച്ചില്ല. ആദ്യ പകുതി ഗോള്‍ രഹിതമായെന്നത് ബൊളീവിയയുടെ പ്രതിരോധ തന്ത്രത്തിന്റെ വിജയമായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്പെയിന് ലക്ഷ്യം കാണുക തന്നെ ചെയ്തു. മാര്‍ട്ടിനസിനെ എതിര് താരം ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തിനു ലഭിച്ച പെനാല്‍റ്റി ടോറസ് (51-ാം മിനിറ്റ്) പാഴാക്കിയില്ല. 84-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ ഷോട്ടും ബൊളീവിയന്‍ വലയില്‍ വളഞ്ഞുകയറി (2-0).
മറ്റൊരു മത്സരത്തില്‍ ഈജിപ്റ്റിനെ ചിലി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് അതിജീവിച്ചു. രണ്ടുഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ലാറ്റിനമേരിക്കന്‍ സംഘത്തിന്റെ തിരിച്ചുവരവ്. മൂന്നു ഗോളുകള്‍ക്ക് വഴിയൊരുക്കിയ അലക്സി സാഞ്ചസായിരുന്നു ചിലിയുടെ വിജയശില്‍പ്പി.
എഡ്വാര്‍ഡോ വര്‍ഗാസ് (2), മാര്‍സലോ ഡയസ് എന്നിവര്‍ ചിലിയുടെ ഗോള്‍വേട്ടക്കാര്‍; മുഹമ്മദ് സലയും ഖാലിദ് കമറും ഈജിപ്റ്റിന്റെ മറുപടിക്കാരും. ക്രിസ്റ്റ്യന്‍ സ്റ്റുവാനിയുടെ സ്ട്രൈക്കിന്റെ ബലത്തില്‍ ഉറുഗ്വെ വടക്കന്‍ അയര്‍ലന്റിനും തോല്‍വി സമ്മാനിച്ചു (1-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: