തിരുവനന്തപുരം: ലോക പുകയിലരഹിത ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മല്‍സരത്തില്‍ എറണാകുളം ജില്ല ഒന്നാമതെത്തി. അര്ജുന് പ്രസന്നന്, രാഹുല്‍ വര്‍മ എന്നിവരടങ്ങുന്ന ടീമിന് അഞ്ചു റൗണ്ടുകളിലായി 65 പോയിന്റാണ് ലഭിച്ചത്.
ആദിത്യന് എസ്, ജിത്തു കെ. ജോസ് എന്നിവരടങ്ങുന്ന കോട്ടയം ടീം 30 പോയിന്റ് നേടി രണ്ടാമതും കുമാരി ശ്രുതി ശ്രീകുമാര്‍, കുമാരി അമൃത എസ് എന്നിവരടങ്ങുന്ന കൊല്ലം ടീം 25 പോയിന്റോടെ മൂന്നാമതുമെത്തി. കേരളത്തിലെയും ഇന്ത്യയിലെയും പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ക്വിസ് മാസ്റ്ററും പ്രമുഖ ശിശുരോഗവിദഗ്ദ്ധനുമായ ഡോ. ടി.സുരേഷ്കുമാര്‍ ചോദിച്ചത്.
വിവിധ ജില്ലകളില്‍ 10 മുതല്‍ 28 വരെ തിയതികളില്‍ നടന്ന പ്രാഥമിക മല്‍സരങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി സെമിഫൈനല്‍, ഫെനല്‍ മല്‍സരങ്ങളാണ് തിരുവനന്തപുരത്തു നടന്നത്. എറണാകുളം, കൊല്ലം, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഈരണ്ടുപേര്‍ വീതമുള്ള ടീമുകളാണ് ഫൈനലിലെത്തിയത്.
ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിക്കു കീഴിലുള്ള അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സാമൂഹ്യസംഘടനകളുടെ സഹകരണത്തോടെയാണ് ലോകപുകയില രഹിത ദിനാചരണ സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും ശനിയാഴ്ച (31) നടക്കുന്ന ലോക പുകയില രഹിത ദിനാചരണ പരിപാടികളോടനുബന്ധിച്ച് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: