മലയാളിയുടെ മതനിരപേക്ഷ മനസ്സില്‍ ആഴത്തിലേറ്റ മുറിവായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫ് എന്ന മലയാളം അദ്ധ്യാപകന്റെ കൈവെട്ടിമാറ്റിയ സംഭവം. അടുത്തകാലത്തായി കേരളത്തില്‍ ഉണ്ടായിരിക്കുന്ന മത തീവ്രവാദ ശക്തികളുടെ ഇരയായി മാറാന്‍ പി.ടി. കുഞ്ഞുമുഹമ്മദ് എന്ന സാഹിത്യകാരന്റെ കലാസൃഷ്ടിയെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു ചോദ്യ പേപ്പര്‍ വിവാദം കാരണമായി. തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങള്‍ കേരളത്തിലെ മതേതര സ്വഭാവത്തെ തന്നേയാണ് ചോദ്യം ചെയ്തത്. കൃത്യമായ ആസൂത്രിത മികവോടെ നടപ്പിലാക്കിയ താലിബാന് മോഡല്‍ ആക്രമണമാണ് ഇവിടെ സംഭവിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാതോരാതെ സംസാരിക്കുന്ന മലയാളിയുടെ വായടപ്പിച്ച് പോകുന്ന ചോദ്യപേപ്പര്‍ വിവാദം ഒരു മതത്തിന് എതിരാണ് എന്ന് പ്രചരിപ്പിച്ച് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ നടത്തിയതെന്ന് കരുതിപോരുന്നതില് തെറ്റില്ല. കറുത്ത ഹാസ്യത്തെ സ്നേഹിച്ച പ്രൊഫ. ടി.ജെ. ജോസഫ് സാറിന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളില്‍ താങ്ങും തണലുമായി നിന്ന ഭാര്യ സലോമിയുടെ
ആത്മഹത്യയാണ് അദ്ദേഹത്തെ വീണ്ടും വാര്‍ത്തകളില്‍ കൊണ്ടുവന്നത്. കറുത്ത നാളുകള്‍ക്കു ശേഷം സ്വന്തം സഭകൂടി കൈവിട്ടപ്പോള്‍ ജീവിത പ്രാരാബ്ധങ്ങളില്‍ തളര്‍ന്ന് പോയ സലോമി എന്ന വീട്ടമ്മയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മനസ്സിലൂടെ സുജിത്ത് വല്ലൂര്‍
സുഖ വിവരങ്ങള്‍ എന്തൊക്കെയാണ്?
കൈകളിപ്പോഴും പൂര്‍ണ്ണമായി മടങ്ങുന്നില്ല. കാര്യമായ ജോലികളൊന്നും ഈ കൈവച്ച് ചെയ്യാന്‍ സാധിക്കുന്നില്ല. തുടയിലെ മാംസപേശികളും രക്തകുഴലുകളും ചേര്‍ത്ത് തുന്നി പിടിപ്പിച്ച വലത് കൈയിലെ മൂന്ന് വിരല്‍ മാത്രമാണ് ചലിക്കുന്നത്. എഴുതാനിയിപ്പോള് ഇടത് കൈകൊണ്ടാണ്ശമിക്കുന്നത്. ആത്മകഥ എഴുതാന്‍ വേണ്ടിശ്രമിക്കുന്നുണ്ട്. പ്രസീദ്ധികരണത്തിന് ഒരു കൂട്ടര് തയ്യാറായിട്ടുണ്ട്. ഒന്നും പൂര്‍ത്തിയായിട്ടില്ല. എന്‍ഐഎയുടെ കേസ് കൂടെ കഴിഞ്ഞിട്ട് വേണം പൂര്‍ത്തിയാക്കാന്‍.
കേസിന്റെ കാര്യങ്ങള്‍ ഒക്കെ എങ്ങനെ നടക്കുന്നു?
എന്‍ഐഎയുടെ കേസിന്റെ വിചാരണ ഇപ്പോഴും നടക്കുന്നുണ്ട്. ആക്രമികളെ ഇതിന് മുമ്പെ കണ്ടിരുന്നു. 30ഓളം പ്രതികള്‍ ഉണ്ട്. അതില്‍ നാലുപേരെ പലവട്ടം കണ്ടിട്ടുണ്ട്. മൂന്നുവട്ടം ഇവര്‍ വീട്ടില്‍ വന്നിട്ടുണ്ട്. ഒരുവട്ടം അവരില്‍ ചിലര്‍ വീട്ടില്‍ ബഡ്റൂം വരെ വന്നുകയറി. ഞാന്‍ ഇവിടെ ഉണ്ടെന്ന് അവര്‍ക്ക് കൃത്യമായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വീട്ടില്‍ ഭാഗ്യവശാല്‍ എനിക്ക് മാറാന്‍ സാധിച്ചതിനാല്‍ അന്ന് രക്ഷപ്പെട്ടിരുന്നു. മൂന്നാമത്തെ തവണ അവര്‍ വന്നപ്പോള്‍ ഞങ്ങള്‍ ഡിവൈഎസ്പിക്ക് നേരിട്ട് പരാതി കൊടുത്തിരുന്നു. പ്രദേശികമായ സഹായം ആക്രമിസംഘത്തിന് ഉണ്ടെന്ന് കരുതുന്നു. ആ കത്ത് ഇപ്പോള്‍ അവര്‍ കേസിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. വലത് കൈകൊണ്ട് എഴുതിയ കത്തായത്കൊണ്ട് അത് ഇനി എഴുതാന്‍ സാധിക്കില്ലല്ലോ….!
ഈ സംഭവത്തില്‍ കുറ്റബോധം ഉണ്ടോ?
ആ ചോദ്യമിടാന്‍ കാരണമായ എന്റെ ഹാസ്യത്തിനോടുള്ള പ്രതിപതി കൊണ്ടാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ പകുതിയോടെയുണ്ടായ ഭാഷ സാഹ്യത്തിലെ ഒരു ഭാഗമാണ് കറുത്ത ഹാസ്യം, അഥവാ ബ്ലാക്ക് ഹ്യൂമര്‍. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഞാന്‍ എംഎ മലയാളത്തിന് പഠിപ്പിക്കുന്ന സമയത്ത് തീയറ്ററുമായി സിനിമ എന്ന വിഷയത്തേക്കുറിച്ച് എനിക്ക് പഠിപ്പിക്കാന്‍ ഉണ്ടായിരുന്നു. സിനിമയെക്കുറിച്ചുള്ള എല്ലാ ഘടകങ്ങളും അതില്‍ ചര്‍ച്ചാവിഷയമായി. തിരക്കഥയും അതിന്റെ ഭാഗമായി. തിരക്കഥ പഠിപ്പിക്കാന്‍ പുസ്തകങ്ങള്‍ സമാഹരിച്ച കൂട്ടത്തില്‍ ടി.എന്‍. ബിനുകുമാര്എഡിറ്റ് ചെയ്തു ബാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചതും എംജി യൂണിവേഴ്സിറ്റി എംഎ മലയാളത്തിനും ബിഎ മലയാളത്തിനും റഫര്‍ ചെയ്തതുമായ ബുക്ക് ഞാന്‍ പരിചയപ്പെടുത്തുകയുണ്ടായി. അതിലെ ലേഖനങ്ങള്‍ എല്ലാം പ്രമുഖരായതിരകഥാകൃത്തുകളുടെതാണ്. അതില്‍ ഒന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഒരു കഥ. തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍? എന്ന തലക്കെട്ടോടെ അതില്‍ ചേര്‍ത്തിരുന്ന ഒരു ലേഖനത്തില്‍ പറയുന്നത് ഒരു ?ഭാന്ത്രന്റേയും ദൈവത്തിന്റേയും? കഥയാണ്. അതില്‍ പറഞ്ഞ ഭാഗങ്ങള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു. പിന്നീട് ചിന്നനം എന്ന പാഠം പഠിപ്പിക്കുന്ന സമനയത്ത് ഈ സംഭാഷണം എനിക്ക് ഓര്‍മ്മ വന്നു. ഇതില്‍ പഠിപ്പിച്ച എല്ലാചിഹ്നങ്ങളും വന്നു പോകുന്നുണ്ട്. കൂടാതെ ഒരു കറുത്ത ഹ്യൂമറിന്റെ അടിസ്ഥാന തത്വവുമുണ്ട്. അതിനാലാണ് ഞാന്‍ ആ പാസേജ് ക്വസ്റ്റിന് പേപ്പറില്‍ ചേര്‍ത്തത്.
ചെയ്തത് തെറ്റോ ശരിയോ എന്നല്ല; ഇങ്ങനെ ഒരു സംഭവം ഉണ്ടാകരുതായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ?
അങ്ങനെ തോന്നിയിരുന്നെങ്കില്‍ അദ്ധ്യാപകവൃത്തി വേണ്ടെന്ന് വയ്ക്കുമായിരുന്നല്ലോ. അതുകൊണ്ടല്ലോ ഞാന്‍ ഇതോക്കെ ചെയ്യേണ്ടിനരുന്നത്. അതുപോലെ നിരര്‍ത്ഥകമാണ് ഈ ചോദ്യം. സാഹിത്യം എന്റെ മതമായി കണ്ടിരുന്നയാളാണ് ഞാന്‍. എന്റെ ജോലി നല്ല രീതിയില്‍ ചെയ്തു വലിയ ഒരു തുക ശമ്പളം വാങ്ങിക്കുന്ന ആളാണ് ഞാന്‍. വാങ്ങുന്ന ശമ്പളത്തിന്റെ അത്ര ആത്മാര്‍ത്ഥതയോടെ ഞാന്‍ ജോലി ചെയ്തിട്ടുള്ളു. വാള് തലക്ക് വച്ചിട്ട് ചോദിച്ചാലും ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറയത്തില്ല.
സഭയുടെ നിലപാടുകള്‍?
ഞാന്‍ ക്രിസ്തുമത വിശ്വാസിയാണ്. എന്നാല്‍ കുറെ ആളുകള്‍ക്ക് മനോ ഗുണമില്ലാത്തതിനാല്‍ ഞാന്‍ എന്റെ ക്രിസ്ത്യാനിത്വം ഉപേക്ഷിക്കണമോ? അവരാണ് തിരുത്തേണ്ടത്. അത് കാലം മാറുമ്പോള്‍ തിരുത്തി കൊള്ളും.
പ്രശ്നങ്ങള്‍ ഉണ്ടായതിന് ശേഷം മുസ്ലിം സമുദായ അംഗങ്ങള്‍ സഹായ വാഗ്ദാനവുമായി വന്നിട്ടുണ്ടോ?
ഒരുപാട് പേര്. പലരും പല സഹായങ്ങളും ചെയ്തു പോയി. കടയില്‍ ചെന്നാല്‍ പലപ്പോഴും പലരും പൈസ വാങ്ങാന്‍ കുട്ടാക്കാറില്ല.
മുന്‍പ് ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഖേദം പ്രകടിപ്പിച്ചിരുന്നില്ലേ?
ഉണ്ട് എന്റെ പ്രവൃത്തി മൂലം പലര്‍ക്കും മനോ വിഷമം ഉണ്ടായി എന്ന് കരുതുന്നു. അതില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
മാനേജ്മെന്റുമായി പ്രശ്നങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നോ?
ഇല്ല, ഞാന്‍ കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയിരുന്നു. ഞാന്‍ എന്റെ യൂണിവേഴ്സ്റ്റി ഡ്യൂട്ടി ചെയ്തു. എന്നാല്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് തീരുമാനിക്കേണ്ടത് യൂണിവേഴ്സിറ്റിയല്ലേ? എന്റെ എങ്കിലും നിലവാരമുള്ള അദ്ധ്യാപകരല്ലേ? എന്നാല്‍ അവര്‍ എന്നെ തള്ളി പറയാനാണ് ശ്രമിച്ചത്. സാഹിത്യത്തെ ഒന്നും മതങ്ങള്‍ ഞെരുക്കാന്‍ പാടില്ല. ചോദ്യപേപ്പര്‍ വിവാദമുണ്ടായ മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു കത്ത് പ്രിന്‍സിപ്പലിന് ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ അത് പോലീസില്‍ കൊടുക്കാതെ എന്നെ പിരിച്ചുവിടാനായി ഉള്ള തെളിവ് ശേഖരണത്തിന്റെ ഭാഗമാക്കി സൂക്ഷിച്ചു. ചില സാമൂഹിക വിരുദ്ധര്‍ അവിടെക്കിടന്ന് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ എന്നെ കുറ്റപ്പെടുത്താനും ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തന്നെയാണ് കൂട്ടുനിന്നത്. മുഹമ്മദ് എന്ന പേര് ഒരു കഥാപാത്രത്തിന് കൊടുത്തപ്പോള്‍ ചില മുസ്ലിം സഹോദരര്‍ പ്രവോക്ക്ഡ് ആയിട്ടുണ്ടാകും. എന്നാല്‍ അതിന് വിശദീകരണം നല്‍കേണ്ടത് മാനേജ്മെന്റും സര്‍ക്കാരുമല്ലേ? നിരപരാധിയായ എന്നെ അക്രമികള്‍ക്ക് എറിഞ്ഞ് കൊടുത്ത് സ്വന്തം സ്ഥാപനങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയിലായിരുന്നു മാനേജ്മെന്റ്.
കുറ്റവിമുക്തനായ ശേഷം ജോലിയില്‍ തിരിച്ചെടുക്കുമെന്ന് മാനേജ്മെന്റ് പറഞ്ഞിരുന്നതായി കേട്ടിരുന്നല്ലോ?
കുറ്റ വമുക്തനായ ശേഷം തിരിച്ചെടുക്കാമെന്ന് അവര്‍ പറഞ്ഞിരുന്നു. ഞാന്‍ അതിന് ഒരു രേഖ എഴുതി ഉണ്ടാക്കി മാനേജ്മെന്റിന് സമര്‍പ്പിച്ചതുമാണ്. എന്നാല്‍ അവരുടെ അഡ്വക്കേറ്റ് എതിര്‍ത്തു എന്ന കാരണം പറഞ്ഞ് പിന്നീട് ഒഴിവാകുകയാണ് ഉണ്ടായത്. ഫെബ്രുവരി അവസാനത്തോടെയാണ് അവര്‍ അതില്‍ നിന്ന് പിന്നോട്ട് പോയത്.
ഭാര്യയുടെ മരണം?
നവംബറില്‍ എന്നെ കുറ്റവിമുക്തനാക്കിയതിന് ശേഷം ജോലിയില്‍ തിരിച്ചെടുത്ത് റിട്ടെയര്‍മെന്റിന് അവസരം തരാമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഞങ്ങള്‍ എല്ലാം സന്തോഷത്തിലായിരുന്നു. ഭാര്യയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ സന്തോഷം. പത്ത് നാല്പത് മാസത്തെ ശമ്പളം എല്ലാം ഒരുമിച്ച് തിരിച്ചുകിട്ടുകയെന്നു കേട്ടപ്പോള്‍ നിലവില്‍ ഞങ്ങള്‍ അനുഭവിച്ചിരുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും ഒരു മോചനം എന്ന് കരുതി സന്തോഷിച്ചു. മകളുടെ വിവാഹമടക്കം ഞങ്ങള്‍ ആലോചിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ എല്ലാം തിരിച്ചുകിട്ടുമെന്നു കരുതിയ ഇടത്തില്‍ നിന്നും വീണ്ടും ഒരു വീഴ്ച എന്നു കണ്ടപ്പോള്‍ അവള്‍ക്ക് അത് താങ്ങാന്‍ സാധിച്ചിരുന്നില്ല. 2010-ല്‍ തുടങ്ങിയ മാനസിക പീഡനവും പിന്നീടുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം ചേര്‍ന്ന് അവള് ഡിപ്രഷന് രോഗത്തിന് ചികിത്സ തേടിയിരുന്നു. മരിക്കുന്ന ദിവസവും ആശുപത്രിയില്‍ പോയി തിരിച്ചെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് ഈ സംഭവുണ്ടായത്. ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കൈഫാസ് നയമാണ് മാനേജ്മെന്റും സര്‍ക്കാരും തനിക്കെതിരെ നടത്തിയത് എന്ന് അഭിപ്രായപ്പെട്ട പ്രൊഫസര്‍ ടി.ജെ. ജോസഫ് തന്റെ സഹനം മത തീവ്രവാദത്തിനെതിരെ ജനങ്ങളുടെ മനസ്സില്‍ ഒരു മാറ്റത്തിന്റെ തിരി തെളിച്ചുവെങ്കില്‍ സന്തോഷം ഉണ്ടെന്ന് കരുതുന്നു. ജോലിയിലേക്ക് മുന്‍കാല പ്രാബല്യത്തില്‍ കയറാന്‍ ഭാര്യയുടെ രക്തസാക്ഷിത്വം കാരണമായതില്‍ കുണ്ഠിതപ്പെടുന്നു. ആത്മക്കഥ എഴുതുവാനുള്ള ശ്രമത്തിലാണിപ്പോള്‍ അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: