തെരഞ്ഞെടുപ്പ് ദിവസങ്ങളിലെ വാദപ്രതിവാദങ്ങളേക്കാള് ശക്തമായ വാക് പോരുകള്‍ക്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുകയാണ്. വിഷയം വെള്ളമാണ്. കുടിവെള്ളമല്ല, ബാറുകളില്‍ നിന്നൊഴുകുന്ന വെള്ളം. കേരളത്തിലുടനീളം റോഡരുകിലും കവലകളിലും ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളും മത്സരിച്ച് മദ്യം വിളമ്പുന്നു. മദ്യഷാപ്പില്‍ നിന്നുള്ള നീണ്ട നിര റോഡിലേക്ക് എത്തുന്നു. കുപ്പി വാങ്ങി നടന്നു പോകുന്നവന് യാതൊരു ജാള്യതയുമില്ല. കുറ്റം ആരുടേതാണ്? കുടിയന്മാരുടെയോ അതോ കുടിക്ക് സ്റ്റാറ്റസ് അനുവദിച്ച് കൊടുത്ത പരിഷ്കൃതമെന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ സമൂഹത്തിന്റെയോ ? കേരളത്തില്‍ ബിവറേജസ് കോര്പ്പറേഷന് 337 ഔട്ട്ലെറ്റുകള് 600 സ്വകാര്യ ബാറുകള്‍, 5000 കള്ള് ഷാപ്പുകള്‍. ആനന്ദലബ്ധിക്കിനിയെന്ത് വേണം. നിലവാരമില്ലാത്തതിന്റെ പേരില്‍ 418 ബാറുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയിരിക്കുന്നു. മദ്യരാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ആഭ്യന്തര യുദ്ധത്തിന് തന്നെ വഴിമരുന്നിട്ടിരിക്കുന്നു.
ഇവിടെ രണ്ടു തരത്തിലുള്ള മദ്യപന്മാരുണ്ട്. ഒന്ന് ബിസിനസ്സ് മീറ്റുകളിലും ക്ലബ്ബുകളിലും മദ്യപിക്കുന്ന സോഷ്യല്‍ ഡ്രിങ്കേഴ്സ്. ഇവര്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തേത് ദിവസക്കൂലിക്ക് പണിയെടുത്ത് കിട്ടുന്നതും ചിലപ്പോള്‍ കടം മേടിച്ചും കുടിക്കുന്നവര്‍. രണ്ടു കൂട്ടരും കുടുംബത്തിനും സംസ്കാരത്തിനും അപകടകാരികളാണ്. പ്രമുഖ ക്ലബ്ബുകളിലെ പ്രതിവാര മീറ്റിങ്ങുകളിലും പ്രതിമാസ കുടുംബ സംഗമങ്ങളിലും മദ്യം അവിഭാജ്യ ഘടകമാണ്. ഈ മദ്യപാനം കണ്ടു വളരുന്ന കുട്ടികള്‍ എന്തായിത്തീരുമെന്ന് ക്ലബ്ബ് മെമ്പര്‍ കൂടിയായ ഒരു സ്ത്രീ ആശങ്കപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇരുവിഭാഗങ്ങളിലും മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീയും കുടുംബവുമാണ്. സാധാരണക്കാരുടെ ഇടയില്‍ മദ്യപാനം പട്ടിണിയിലേക്കും കുടുംബ വഴക്കിലേക്കും നയിക്കുമ്പോള്‍ ഉന്നതശ്രേണിയില്പ്പെട്ടവരുടെ ഇടയില്‍ മദ്യപാനത്തിന്റെ ഭാഗമായുള്ള പ്രശ്നങ്ങള്‍ അതി തീവ്രമാണ്. അവയെല്ലാം സമൂഹത്തിന്റെ ശ്രദ്ധയില്‍ വരുന്നില്ലെന്ന് മാത്രം. ഉന്നത ഉദ്യോഗം വഹിച്ചിരുന്ന ഒരു വ്യക്തി മദ്യപാനത്തിന്റെ അനുബന്ധശീലങ്ങള് മൂലം ജോലിയും വീടും നഷ്ടപ്പെടുത്തിയതും കണ്ടിട്ടുണ്ട്. ആ കുടുംബം നേരിട്ടയാതനയും അപമാനവും നേരിട്ടറിയാവുന്നതാണ്. മദ്യപാനം മോശമായ സൗഹൃദങ്ങളിലേക്കും അസന്മാര്ഗ്ഗികതയിലേക്കും കുടുംബ ഛിദ്രങ്ങളിലേക്കും നീളുന്നു. ഒരു പ്രശസ്ത മാധ്യമപ്രവര്ത്തകന് ഈയിടെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ആരോഗ്യമുള്ള മദ്യം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും മദ്യം ലഭ്യമാക്കണമെന്നാണ് സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. സിനിമയ്ക്ക് പോകുമ്പോഴും നടക്കാനിറങ്ങുമ്പോഴും റസ്റ്റോറന്റില്‍ ചെല്ലുമ്പോഴും വെള്ളത്തിന് പകരം കുപ്പിയിലടച്ച മദ്യം കുടിക്കട്ടെ! ഇത്തരം ചിന്താഗതികളും അഭിപ്രായപ്രകടനങ്ങളും ഏറ്റവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.
ഒരു പ്രമുഖ കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ മഞ്ജുഷ ഇമ്മാനുവല്‍ പറയുന്നതു മദ്യപാനം ഒരു ശീലമല്ല ഒരു അസുഖമാണെന്നാണ്.
മദ്യനിരോധനം എന്നത് പ്രായോഗികമല്ലായിരിക്കാം. മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം വ്യാപകമാകണം. സ്ത്രീസംഘടനകള്‍ അതിന് മുന്‍കൈ എടുക്കണം. സര്‍ക്കാരും നിയമവ്യവസ്ഥയും കൈകോര്‍ക്കണം. ക്രിയാത്മകതയ്ക്ക് മദ്യം വേണമെന്ന് പറയുന്ന കലാകാരന്മാരും സംരംഭത്തിന്റെ ഭാഗമാകണം. ”നിര്‍ഭയ” പദ്ധതിയുമായി ബന്ധിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കണം. കുടുംബസദസ്സുകളിലെ മദ്യം വിളമ്പല്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ മുന്‍കൈയെടുക്കണം. ഇടയ്ക്കൊരു ‘പെഗ്ഗ്’പൗരുഷത്തിന്റെ പ്രതീകമാണെന്ന പെണ്‍കുട്ടികളുടെ തെറ്റിധാരണ മാറ്റണം. മദ്യപിക്കുന്നവനെ വിവാഹം കഴിക്കില്ലെന്ന് ഓരോ പെണ്‍കുട്ടിയും തീരുമാനിക്കണം. മദ്യം ‘സോഷ്യല്‍ സ്റ്റാറ്റസല്ല, സോഷ്യല്‍ വിപത്ത്’ എന്ന് നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ സാമൂഹിക സാംസ്കാരിക അപചയത്തിനെതിരെ കരുത്തുറ്റ പോരാട്ടവും ചെറുത്തു നില്‍പ്പും വേണം.
സി. വി. സജനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: