വൈഷ്ണവ പരമ്പരയുടെ ധര്‍മഗുരുവായ ശ്രീമദ് സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ദീക്ഷാ സ്വീകാരത്തിന് 70 വര്‍ഷം തികയുമ്പോള്‍ രാജന് പ്രഭു ചേര്‍ത്തല എഴുതുന്നു…
അനാദിയായ സനാതനധര്‍മത്തിന്റെ സംരക്ഷകരായ കോടാനുകോടി ഭാരതീയരില്‍ ഒരു പ്രമുഖ വാഹിനിയുടെ ആജ്ഞാകാരന്‍ (കമാന്റര്‍) ആണ് അനുബന്ധ ചിത്രങ്ങളിലെ കാവി ധരിച്ച ഈ സാരസ്വതന്‍; കാശിമഠാധിപതി ശ്രീമദ് സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍.
സരസ്വതീ ദേവിയുടെ പുത്രനായ സാരസ്വതമുനിയുടെ സാമീപ്യത്താല്‍ സരസ്വതി എന്ന നാമം ലഭിച്ച നദീതീര നിവാസികളായിരുന്നു സാരസ്വതര്‍ എന്നും ആ മുനി പരമ്പരയില്‍പ്പെട്ടവരാണെന്നും വിശ്വാസം. ഒരുകാലത്ത് തിരസ്ക്കരിച്ചു കടന്നുപോയ സനാതനികള്‍ക്ക് വേദങ്ങളും പുരാണങ്ങളും തിരിച്ചു കിട്ടത്തക്കവിധം കാത്തുസൂക്ഷിച്ചു നല്‍കിയത് ഈ മുനിയും സാരസ്വതരുമാണെന്ന് പുരാണങ്ങളിലും വേദങ്ങളിലും പരാമര്‍ശം സുലഭം. സ്കന്ദപുരാണത്തില്‍ സാരസ്വത പരാമര്‍ശം വളരെയധികമാണ്.
പന്ത്രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ വരള്‍ച്ചയും സരസ്വതിയുടെ അന്തര്‍ധാനവും സാരസ്വതരെ ഉത്തരഭാരതത്തില്‍ ചിതറി പാര്‍ക്കുവാന്‍ നിര്‍ബന്ധിതരാക്കി. ദല്‍ഹിക്ക് വടക്കുപടിഞ്ഞാറ് സപ്ത കോംഗ്കണവും ബീഹാറിലൂടെ വന്ന് പടിഞ്ഞാറന്‍ കടലോരത്ത് താവളം തീര്‍ത്ത കോംഗ്കണതീരവും സാരസ്വതരാല് പ്രസിദ്ധമാണ്. മറ്റു ബ്രാഹ്മണരില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഇവരെ ദക്ഷിണ ഭാരതത്തില്‍ ഗൗഢസാരസ്വതരെന്നും കോംഗ്കണികള് എന്നും വ്യവഹരിച്ചു.
ബിസി 3042 കാലത്ത് ജനമേജയന്റെ കാലത്ത് ശ്രീ വ്യാസമഹാമുനിയാല് ഗുരുപീഠ സ്ഥാപനം നടന്നു. ഇവ വൈഷ്ണവ, ശൈവ, ശാക്ത, ഗണപത്യ, സൗര എന്നിവയാണ്. അദ്ദേഹത്തിന്റെ അഞ്ചു പ്രധാന ശിഷ്യരില്‍ വൈഷ്ണവ പെയിലമഹര്ഷി ഗുരുപീഠത്തിനെ ‘ഗുരുകുലം’ എന്ന് നാമകരണം ചെയ്തു. പെയില ശിഷ്യ പരമ്പരയിലെ ദുര്വാസാ എന്ന ശ്രീവേദമഹര്ഷി ഗുരുകുലത്തിനെ ‘യതി പരമ്പര’ എന്നാക്കി.
ഇതേ സമയം തന്നെയായിരുന്നു ഗുപ്ത സാമ്രാജ്യ സ്ഥാപനവും. അവര്‍ ഈ പരമ്പരയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. ഈ ഗുരുപീഠത്തിലെ ആദ്യ ഗുരു ശ്രീ ജ്ഞാനനിധി തീര്‍ത്ഥ അവരുടെ രാജഗുരുവായി തീരുകയും ചെയ്തു. മുഗള്‍ സാമ്രാട്ട് അക്ബറും കാശീ മഠത്തിന് മുന്തിയ ബഹുമാനം നല്‍കിയിരുന്നു. അന്നുണ്ടായ അതിരൂക്ഷമായ വരള്‍ച്ച നേരിടാന്‍ വഴിതേടി ബീര്‍ബലിനെ, അക്ബര്‍ കാശീമഠത്തിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. മഠാധിപതി യാത്ര പുറപ്പെട്ട് ദൂരദേശത്തായതിനാല് മഠത്തിലെ സന്ന്യാസ ഇതര ശ്രേഷ്ഠന് വേദമൂര്‍ത്തി നാരായണ ഭട്ട വരള്‍ച്ചയുടെ കാരണം തകര്‍ക്കപ്പെട്ട ക്ഷേത്രത്തിലെ കാശി വിശ്വനാഥന്റെ കോപമാണെന്നും പുനര്‍നിര്‍മാണവും ആരാധനാ നിരോധനം നീക്കലും പ്രതിവിധിയാണെന്നും പറഞ്ഞു. ക്ലിപ്ത സമയത്തിനുള്ളില്‍ മഴ പെയ്യിച്ചാല്‍ ഇവ അനുവദിക്കാം എന്ന വ്യവസ്ഥയില്‍ നടന്ന നിഷ്ഠാപൂര്‍ണമായ പര്‍ജന്യ സൂക്ത യജ്ഞാവസാനം മഴ പെയ്യുകയും അക്ബര്‍ വാക്കു പാലിക്കുകയും ചെയ്തു. മുഗള വംശത്തിലെ കുപ്രസിദ്ധനായ ഔറംഗസീബും പക്ഷേ മുന്‍ഗാമികളെപ്പോലെ കാശീമഠത്തിനെ ഭവ്യമായി പരിഗണിച്ചതിനാലാണ് മഠം തകര്‍ക്കപ്പെടാതിരുന്നത്. മേല്‍പ്പറഞ്ഞ നാരായണ ഭട്ടന്റെ പിന്‍ഗാമി ഗംഗഭട്ടന് മഹാരാഷ്ട്രയിലെ ശിവജി മഹാരാജിന്റെ കിരീടധാരണം നടത്തിക്കൊടുത്തു.
എഡി 400 ല്‍ ഈ പീഠത്തെ ശ്രീ ജ്ഞാനനിധി തീര്‍ത്ഥ സ്വാമികള്‍ അധിരോഹണം ചെയ്യുകയും ശ്രീമദ് സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഈ പരമ്പരയിലെ 45-ാമത്തെ സദ്ഗുരുവും ദ്വൈതദര്ശന പരമ്പരയിലെ 20-ാമത്തെ കാശീ മഠാധീശനുമാണ്. പുനഃസൃഷ്ടിക്കപ്പെട്ട കാശീമഠത്തിന്റെ ആദ്യ അധിപതിയായ ശ്രീ യാദവേന്ദ്ര തീര്‍ത്ഥയ്ക്ക് ദീക്ഷ നല്കിയ കുംഭകോണ മഠാധിപതി ശ്രീ വിജയേന്ദ്രതീര്ത്ഥവരെയുള്ള ജ്ഞാനനിധി തീര്‍ത്ഥയുടെ പിന്‍ഗാമികള്‍ ഉത്തര ഭാരതീയരായ സാരസ്വതരും പിന്നീടുള്ളവര്‍ ദക്ഷിണഭാഗ സാരസ്വതരുമാണ്; മിക്കവാറും കേരളീയരും. കാശീമഠത്തിന്റെ കേന്ദ്ര സ്ഥാനമായി വിലസുന്നത് ദര്‍ഭംഗ ഭരണാധികാരികളുടെ ഒരു കൊട്ടാരമാണ്. ഈ രാജപരമ്പരയലെ ഒരു പ്രദ്യുമ്ന സിന്‍ഹയാണ് എഡി അഞ്ചാം നൂറ്റാണ്ടില്‍ ഇത് കാശീമഠത്തിന് സമര്‍പ്പണം ചെയ്തതും കാശീമഠ സംസ്ഥാന് എന്ന് തിരിച്ചറിയപ്പെടാന്‍ കാരണമായതും.
ഇങ്ങനെ ഏറ്റവും പഴക്കവും തുടര്‍ച്ചയും അവകാശപ്പെടുന്ന ഈ വൈഷ്ണവ പരമ്പരയുടെ ധര്‍മഗുരുവായ ശ്രീമദ് സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ദീക്ഷാ സ്വീകാരത്തിന്റെ ധന്യതയും പൂര്‍ണതയും നിറഞ്ഞ 70 വര്‍ഷത്തിന്റെ ചാരെ നിന്നാണ് ഈ എഴുത്ത്.
ശ്രീകൃഷ്ണ പരമാത്മാവിന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ ആരംഭിക്കുന്ന കലിയുഗത്തില്‍ ജനസമൂഹത്തിന് മാര്ഗ്ഗദര്ശികളാവേണ്ട സന്ന്യാസിവര്യന്മാര്‍ക്ക് വര്‍ണാശ്രമ ധര്മാവസാനം ലഭിക്കുന്ന സേവന കാലം കുറഞ്ഞുപോകും എന്നതിന് പരിഹാരമായാണ് ബാലസന്യാസി സ്വീകാരം തുടങ്ങിയത്.
ബ്രഹ്മചാരിയാകുന്നതിന് മുമ്പോ, ആയ ഉടനെയോ ദത്തെടുക്കുന്ന വടുവിനെ പുണ്യക്ഷേത്രങ്ങളുടെ ദര്‍ശനവും തീര്ത്ഥസ്നാനങ്ങള്ക്കും ശേഷം ആത്മശ്രാദ്ധവും നടത്തിച്ച് സന്ന്യാസ ദീക്ഷയും പുതിയ പേരും നല്കുന്നു. അവിടെ സമാജസേവനത്തിനായി ഒരു പുനര്ജന്മം സംഭവിക്കുന്നു.
ദേശീയതലത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സന്ന്യാസ ദീക്ഷ സ്വീകാരത്തിന്റെ ശതമാന സംവത്സര ആഘോഷസമാപനം സമാധിസ്ഥാനമായ ബോംബെയിലെ വാല്കേശ്വര് മഠത്തില്‍ 2014 ജൂണ്‍ 25 മുതല്‍ 29 വരെ നടത്തപ്പെടുന്ന ശ്രീവരദേന്ദ്ര തീര്‍ത്ഥ സ്വാമികളുടെ ശിഷ്യന് ശ്രീ സുകൃതീന്ദ്ര തീര്‍ത്ഥ സ്വാമികളാണ്, ശ്രീ സുധീന്ദ്ര തീര്‍ത്ഥയ്ക്ക് ദീക്ഷ നല്‍കിയത്. ദീക്ഷാ സ്വീകാരശേഷം സമാജ താത്പര്യത്തിനല്ലാതെ മറ്റൊരു വ്യക്തിതാല്‍പ്പര്യത്തിനും പ്രാധാന്യമില്ലാ എന്നതാണ് കീഴ്വഴക്കം. എന്നാല്‍ സമാജത്തിന്റെ ഒന്നിച്ചുചേരല്‍ ഉന്നതിക്കും ആത്മാഭിമാനത്തിനും ഊന്നലും വേഗതയും നല്‍കും എന്ന് കണ്ട് സ്വാമിജി തന്റെ ഷഷ്ഠ്യബ്ദി പൂര്‍ത്തിയ്ക്കും സഹസ്രചാന്ദ്രദര്ശന ശാന്തിക്കും (അമൃതോത്സവം) സമാജത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി. ആയത് യഥാക്രമം 1986 ല്‍ ജന്മദേശമായ എറണാകുളത്തും 2009 ല്‍ മുംബൈയിലും സമുചിതം, സാഘോഷം ആചരിച്ചു.
കേരളത്തില്‍ എറണാകുളത്തെ പുരാതന ഗൗഢസാരസ്വത കുടുംബത്തിലെ ശ്രീ രാമദാസ ശേണായി അവര്‍കളുടെ പുത്രന്മാരില് 18 കാരനായ സദാശിവ ശേണായി സെന്റ് ആല്‍ബര്‍ട്സ് കോളേജിലെ സമര്‍ത്ഥനും ഉത്സാഹശാലിയുമായ വിദ്യാര്‍ത്ഥിയായിരുന്നു. ഈ സദാശിവ ശേണായി എന്ന വിദ്യാര്‍ത്ഥി, ശ്രീ സുധീന്ദ്രതീര്‍ത്ഥ എന്ന വിദ്യാര്‍ത്ഥിയും പാഠ്യവിഷയം കേരള സര്‍വകലാശാലയുടെ ക്ലിപ്ത പരിധിയില്‍നിന്ന് സനാതന ഭാരതത്തിന്റെ പരിധിയില്ലാത്ത ബ്രഹ്മജ്ഞാന തലത്തിലേക്ക് വളര്‍ന്നപ്പോള്‍, ബഹുഭാഷാ-ശാസ്ത്രജ്ഞാനം, വാക് സാമര്‍ത്ഥ്യം, ദീര്‍ഘവീക്ഷണ പടുത്വം, സംഘടനാ പാടവം എന്നിവ കരഗതമാക്കി.
1949 ല്‍ ഗുരുവുമൊത്ത് തൃപ്പൂണിത്തുറയില്‍ വച്ച് കൊച്ചി മഹാരാജാവുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്കൃത പണ്ഡിതനായ രാജാവിനോട് സംവദിക്കാന്‍ ഉള്ള അവസരം സംസ്കൃതജ്ഞാനിയായ ശിഷ്യന് നല്കി: ഗുരു-ഫലംഃ ദീര്‍ഘനാളായി രാജാവിന്റെ അധീനതയിലായിരുന്ന കൊച്ചി തിരുമല ക്ഷേത്രത്തിന്റെ പൂര്‍ണ അധികാരം സമുദായത്തിന് തിരിച്ചു കിട്ടി. പിന്നീടൊരിക്കല്‍ ഭാരതത്തിലെ ക്ഷേത്രേതര ഹിന്ദുമത ധര്‍മ സ്ഥാപനങ്ങളുടെ ഏറ്റെടുക്കല്‍ പരിഗണനാ വിഷയമായപ്പോള്‍ അത് സനാതനധര്‍മത്തെയും ഭാരതത്തെ തന്നെയും ഇല്ലാതാക്കാന്‍ ഹേതുവാകുമെന്ന് ഭാരത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുവാനും ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാനും സാധിച്ചു.
ഭാരതത്തിന്റെ പരമഗുരുവും ശ്രീ കാശീമഠത്തിന്റെ പ്രധാന പൂജാമൂര്ത്തിയുമായ ശ്രീവ്യാസ ഭഗവാന് ഹരിദ്വാറിലെ സപ്തസരോവര തീരത്ത് വ്യാസമന്ദിര്‍ (വ്യാസാശ്രമം) എന്ന പേരില്‍ 1988 ല്‍ ഒരു ക്ഷേത്രം പണിതു. മാത്രമല്ല ശ്രീവ്യാസ ഭഗവാന്റെ ജന്മസ്ഥാനമായ ഉത്തര്‍പ്രദേശിലെ കല്‍പ്പിയില്‍ ബാലവ്യാസ മന്ദിര്‍ സ്ഥാപിച്ച് പ്രാണപ്രതിഷ്ഠയും നടത്തിയത് ഭാരതത്തിലെ സനാതന ധര്മപ്രേമികളുടെ മുക്തകണ്ഠ പ്രശംസയ്ക്ക് കാരണമായി.
ശ്രീ ഗൗഢപദാചാര്യരുടെ ശിഷ്യനായ ഗോവിന്ദ പദാചാര്യരുടെ ശിഷ്യരാണ് ജഗദ് ഗുരു ശ്രീശങ്കരാചാര്യയും ശ്രീ വിവരണാചാര്യയും. ശ്രീ ശങ്കരാചാര്യര്‍ അദ്വൈത മതപ്രചാരണാര്‍ത്ഥം ഭാരതം ചുറ്റി സഞ്ചരിച്ചപ്പോള്‍ ശ്രീ വിവരണാചര്യര് തന്റെ പരമഗുരുവിന്റെ നാമത്തില്‍ ഗോവയിലെ കവളെയില് ശ്രീ ഗൗഢപാദാചാര്യ മഠം സ്ഥാപിക്കുകയും ചെയ്തു. ഗൗഢ സാരസ്വതരെ ആത്മീയ മാര്‍ഗത്തില്‍ നയിച്ച ഈ മഠമാണ് കാശീമഠത്തിന്റെ പിതൃമഠം. കാശ്മീരിലും ഭാരതത്തിന്റെ അങ്ങോളമിങ്ങോളം ചിന്നിച്ചിതറി ജീവിക്കുന്ന സാരസ്വതരെ ചരിത്രത്തിന്റെ തിളക്കമുള്ള താളുകളിലും ചരിത്രാതീത കാലത്തും ധാരാളം കണ്ടുകിട്ടും. പ്രസിദ്ധനായ ഹിന്ദി അന്ധകവി ഭക്ത സൂര്‍ദാസ്, സന്ത് തുക്കാറാം, മോട്ടിലാല്‍ ജവഹര്‍ലാല്‍ നെഹ്റുമാര്‍, (സാരസ്വതസമ്മേളന അദ്ധ്യക്ഷന്‍) ലാലാ ലജ്പത് റായ്, ടി.എ.പൈ, എച്ച്.വി. കമ്മത്ത് എന്നിങ്ങനെ നീളുന്ന പട്ടിക സമകാലീന കാലത്ത് ടി.വി.ആര്. ഷേണായി എന്ന പത്രപ്രവര്‍ത്തകനിലും വിനോദ് റാവു എന്ന ഐഎഎസുകാരനിലും എത്തിനില്‍ക്കുന്നു. സാധാരണക്കാരായ സാരസ്വതരെ ഉള്‍പ്പെടെ ഒന്നിച്ചു ചേര്‍ത്തു നിര്‍ത്തുവാന്‍ തക്ക സംഘടനാ പാടവം അവരിലെ ആത്മവീര്യം ഉണര്‍ത്തുവാന്‍ സഹായിച്ചു. അമ്പലമുകളിലെ അഷ്ടകുലദേവതാ സമുച്ചയവും ഗൗഢസാരസ്വത ബ്രാഹ്മണ സംയുക്ത ഗ്രാമ സഭയും ഈ ദിശയിലെ ചില ചുവടുവയ്പ്പുകള്‍ മാത്രം.
ശ്രീ സ്വാമിജിയുടെ കരുതലും സംരക്ഷണവും വേണ്ടുവോളം ലഭിക്കുന്ന സാരസ്വതര്‍ ഭാരതത്തിലെ ഇതര സമൂഹങ്ങളേക്കാളേറെ ധാര്‍മികരും സനാതന ധര്‍മനിഷ്ഠരും ആയി ജീവിക്കുന്നു. സന്യാസദീക്ഷാ സ്വീകാരത്തിന്റെ 70- തികഞ്ഞ ഈ സന്ദര്‍ഭത്തില്‍ ശ്രീ സ്വാമിക്കും ലക്ഷോപലക്ഷം സാരസ്വതര്ക്കും സനാതനധര്‍മ പ്രേമികള്‍ക്കും ഇത് ഹര്ഷോന്മാദം പകരുന്ന സംഗതിയാണ്. ഇനി രണ്ടുവര്‍ഷത്തിനകം ശ്രീ സ്വാമിയുടെ നവതി ആഘോഷം എത്തുന്നു. തുടര്‍ന്നും ദശകങ്ങളോളം സനാതന ധര്‍മ സംരക്ഷണ-പരിപോഷണങ്ങള്ക്ക് ശ്രീ സ്വാമിക്ക് ശക്തി നല്കണമേ എന്ന സജ്ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഈയുള്ളവനും പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: