ആനന്ദിബെന്‍ പട്ടേല്‍
ഗുജറാത്ത് മുഖ്യമന്ത്രിയായി ആനന്ദി ബെന്‍ പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡാണ് 73-കാരിയായ പട്ടേലിന്റെ പേരില്‍ കുറിക്കപ്പെടുന്നത്. അധ്യാപികയായി തുടങ്ങി, 30 വര്‍ഷത്തെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരം. നരേന്ദ്രമോദി മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു. അധ്യാപികയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം 1998-ല്‍ ആനന്ദിയെ നിയമസഭാംഗമാക്കി. റവന്യൂ, നഗരവികസന വകുപ്പ് കൈകാര്യം ചെയ്ത ആനന്ദിബെന്‍ മുന്‍പ് കേശുഭായി പട്ടേല്‍ മന്ത്രിസഭയിലും അംഗമായിരുന്നു.
കേശുഭായ് പട്ടേല്‍ മന്ത്രിസഭ മുതല്‍ തുടര്‍ച്ചയായി 16 വര്‍ഷം ഗുജറാത്ത് മന്ത്രിസഭയില്‍ അംഗമാകാന്‍ ആനന്ദി ബെന്നിന് ഭാഗ്യം ലഭിച്ചു. അഹമ്മദാബാദിലെ ഗാട്ട്ലോഡിയ മണ്ഡലത്തില്‍ നിന്നും 2012-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1.10 ലക്ഷം വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് അവര്‍ നിയമസഭയിലെത്തിയത്. തീരുമാനങ്ങളെടുക്കുന്നതില്‍ കര്‍ശന നിലപാടുകാരിയെന്നാണ് ആനന്ദി അറിയപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദിയുടെ അസാന്നിധ്യത്തില്‍ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാന്‍ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ കൂടിയായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: