പ്രജാക്ഷേമകരമായ വികസനമാണ് സദ്ഭരണത്തിന്റെ അടിസ്ഥാനതത്വം. സാധാരണ ജനങ്ങളെ വികസനത്തിന്റെ കേന്ദ്രവും പങ്കുകാരനുമാക്കിയ പ്പോഴെല്ലാം ആ രാജ്യം വിജയത്തിന്റെയും സമൃദ്ധിയുടേയും ഉയരങ്ങള്‍ കീഴടക്കിയെന്നതിന് ചരിത്രം സാക്ഷിയാണ്. പ്രജകളുടെ പങ്കുചേരലില്ലാതെ ഒരുരാജ്യവും പുരോഗതി കൈവരിച്ചിട്ടില്ല. നമ്മുടെ എല്ലാ മഹാന്മാരായ നേതാക്കന്മാരും ഈ യാഥാര്‍ത്ഥ്യം നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്തു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അങ്ങനെയൊരു മഹാനേതാവുണ്ടായിരുന്നു. ഛത്രപതി ശിവാജി മഹാരാജ്. അദ്ദേഹം വളരെ കഴിവുറ്റ ഭരണാധികാരിയായിരുന്നു. സദ്ഭരണത്തെ അടിസ്ഥാനമാക്കി സമൂഹ നിര്‍മിതി നടത്തിയ അദ്ദേഹം ഈ നാടിന്റെ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടി. നൂറ്റാണ്ടുകളോളം തലമുറകള്‍ക്ക് പ്രേരണാസ്രോതസ്സായ, മഹാനായ രാഷ്ട്ര നിര്‍മാതാവായിരുന്നു ശിവാജി.
കഠിനങ്ങളായ പരിതസ്ഥിതികളിലാണ് മഹത്തായ നേതൃത്വങ്ങള്‍ക്ക് രൂപം കൊടുക്കുന്നതെന്ന് പറയപ്പെടുന്നു. ശിവാജിയുടെ കാര്യത്തിലും അങ്ങനെയാണ് സംഭവിച്ചത്. അദ്ദേഹം കുട്ടിക്കാലം മുതല്‍ മാതൃഭൂമിയെ സ്വതന്ത്രമാക്കാനുള്ള സ്വപ്നം കണ്ടു. 16 വര്‍ഷം പ്രായമുള്ളപ്പോള്‍ തന്നെ അദ്ദേഹം ആദ്യയുദ്ധം നയിച്ച് തോരണദുര്‍ഗത്തില്‍ വിജയം വരിച്ചു. ഈ വിജയത്തിലൂടെ അദ്ദേഹത്തിന്റെ മനോബലം വര്‍ധിക്കുകയും തുടര്‍ന്ന് ഒന്നിനുപിറകെ ഒന്നായി പല കോട്ടകളും പിടിച്ചെടുക്കുകയും ചെയ്തു. അഫ്സല്ഖാനെപ്പോലുള്ള പല സേനാപതികളെയും പരാജയപ്പെടുത്തി; മറാഠ സാമ്രാജ്യത്തിന് അടിത്തറയിട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൈനികര്‍ നിഷ്ഠയോടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ചു. പ്രതിഭകളെ തിരിച്ചറിയാനുള്ള അത്ഭുതകരമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം അനേകം പ്രതിഭകളെ വളര്‍ത്തിക്കൊണ്ടു വന്നു.
രാമന്, കൃഷ്ണന്, ബുദ്ധന്, ഗാന്ധി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ എല്ലാ മഹാവ്യക്തിത്വങ്ങളുടെയും പക്കല്‍ ദുര്‍ലഭങ്ങളായ ഗുണങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രം പലപ്പോഴും കാട്ടിത്തന്നിട്ടുണ്ട്. ഈ ഗുണങ്ങളാണ് ഇവരെ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. അവര്‍ക്ക് അവര്‍ണനീയങ്ങളായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ഏതെങ്കിലും വ്യക്തിയുടെ യോഗ്യതയോ കഴിവോ വര്‍ധിക്കുന്നതിനൊപ്പം പ്രതിസന്ധികളും വര്‍ധിക്കുന്നു; അവയെ നേരിട്ടു വിജയിക്കുന്നതാണ് അവരെ മഹാന്മാരാക്കുന്നത്. അങ്ങനെ പ്രതിസന്ധികള്‍ക്കുമേല്‍ വിജയം നേടിയതു കാരണം ശിവാജിയുടെ വ്യക്തിത്വം ഇന്നും മുമ്പത്തെപ്പോലെ തന്നെ പ്രസക്തമാണ്. ഇന്ന് രാജ്യം സദ്ഭരണം കാംക്ഷിക്കുന്നു; എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവാജിയുടെ സാമ്രാജ്യം സദ്ഭരണത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. സദ്ഭരണം ഏതൊരു രാജ്യത്തെയും സദാചാരബോധത്തോടെ പൊതുജനങ്ങളോട് ഉത്തരവാദിത്വബോധത്തോടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
സദ്ഭരണത്തെ നിര്‍വചിക്കുകയെന്നത് വളരെ പ്രയാസമാണ്. ചിലര്‍ക്ക് അത് നീതി നിര്‍വഹണം, ശാക്തീകരണം എന്നിവയ്ക്കൊപ്പം തൊഴില്‍, സേവനങ്ങള്‍ എന്നിവ നല്കുന്ന ഒരു പ്രക്രിയയാണ്. ചിലര്‍ക്കാകട്ടെ ഇത് വ്യാപാരവും രാജ്യത്തേയും സമൂഹത്തെയും പരസ്പ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന ചരടുമാണ്. നിങ്ങള്‍ക്കിതിനെ ന്യായബോധം, ഉത്തരവാദിത്തം, സുതാര്യത എന്നിവയുള്ളതും മനുഷ്യാവകാശങ്ങളെ ആദരിക്കുന്നതുമായ വ്യവസ്ഥിതി എന്നും വിലയിരുത്താം. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ നിര്‍വചനമനുസരിച്ച് സദ്ഭരണത്തിന് നാലു ഘടകങ്ങളുണ്ട്. ഉത്തരവാദിത്വം, സുതാര്യത, ദീര്‍ഘവീക്ഷണം, പങ്കാളിത്തം. എങ്കിലും പ്രായോഗിക തലത്തില്‍ സദ്ഭരണം അക്കാദമികമായ വികസന ചര്ച്ചകള്ക്കപ്പുറമാണ്. ഇതിന്റെ സ്വാധീനം സാധാരണ ജനങ്ങളുടെ ജീവിതത്തിലാണ് കാണേണ്ടത്. ഇത് ശിവാജിയെക്കാള് നന്നായി ആര്‍ക്കുമറിയാമായിരുന്നില്ല. അദ്ദേഹം സദ്ഭരണത്തിന്റെ വിവിധ സങ്കല്‍പ്പങ്ങളെ തന്റെ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ അടിസ്ഥാനശിലകളാക്കി.
സദ്ഭരണമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് സര്‍ക്കാരിന് അതിന്റെ പ്രവര്‍ത്തന രീതികളില്‍ നടപ്പാക്കാവുന്നതാണ്. നമ്മുടെ ജനാധിപത്യത്തില്‍ സദ്ഭരണത്തിലല്ല, മറിച്ച് ജനാധിപത്യപരമായ സദ്ഭരണത്തിലാകണം ശ്രദ്ധ. വികസനപ്രക്രിയ ജനാധിപത്യപരമായ സദ്ഭരണത്തെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ജനാധിപത്യപരമായ സദ്ഭരണം ജനങ്ങള്ക്കനുരൂപമായി അവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്ഥാപിക്കപ്പെടേണ്ടത്.
നാം കുട്ടിക്കാലം മുതല്‍ രാമരാജ്യത്തെക്കുറിച്ച് കേള്‍ക്കുന്നു. അര്‍ജ്ജുനനെ കൃഷ്ണന് ഗീതയിലൂടെ ബോധ്യപ്പെടുത്തുന്നതും സദ്ഭരണത്തെക്കുറിച്ചാണ്. ഇതിലൂടെ നമുക്ക് ശരിയും തെറ്റും ന്യായവും അന്യായവും നൈതികതയും അനൈതികതയും തമ്മിലുള്ള വ്യത്യാസം കണ്ടെത്താനാകുന്നു. കൗടില്യന് അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നത് കഴിവുള്ള ഭരണകര്‍ത്താവിന്റെ വിജയം പ്രജകളുടെ സര്‍വാംഗീണമായ പുരോഗതിയിലാണെന്നാണ്.
ഈ സങ്കല്‍പ്പങ്ങളെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിന് ശിവാജിയുടെ രീതി അനുകരണീയമാണ്. അദ്ദേഹം സ്വന്തം വ്യക്തിത്വത്തില്‍ മഹാനായ ഒരു ഭരണകര്‍ത്താവിന്റെ ഗുണങ്ങള്‍ സ്വാംശീകരിച്ചിരുന്നു. അതിന്റെ ബലത്തില്‍ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യം നേടി; ശത്രുക്കളുമായി പോരാടുന്നതിന് കൂട്ടുകാരെ ശക്തമായി പ്രേരിപ്പിച്ചു. അതോടൊപ്പം അദ്ദേഹം കുടുബത്തിന്റെ സന്തോഷത്തിലും ശ്രദ്ധ വച്ചു. എല്ലാ വിഭവങ്ങളും നിസ്വാര്‍ത്ഥഭാവത്തോടെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി സമര്‍പ്പിക്കുവാന്‍ തക്കവണ്ണം അദ്ദേഹം തന്റെ പ്രജകളെ സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹം സ്വാര്‍ത്ഥരഹിതനായ ജനനേതാവെന്ന നിലയില്‍ ഖ്യാതി നേടി.
അദ്ദേഹത്തിന്റെ പ്രസിദ്ധി അദ്ദേഹത്തിന്റെ രാജ്യത്തും ഭാരതവര്‍ഷത്തിലും ഒതുങ്ങി നിന്നില്ല. പോര്‍ച്ചുഗീസ് വൈസ്രോയി കാള്‍ ദ വിന്‍സെന്റ് അദ്ദേഹത്തെ അലക്സാണ്ടര്‍, ജൂലിയസ് സീസര്‍ തുടങ്ങിയ സമ്രാട്ടുകളുമായാണ് താരതമ്യപ്പെടുത്തുന്നത്. ഗ്രാന്റ് ഡഫ് എഴുതുന്നത്, “ശിവാജി മറാഠികളെ ഉജ്ജ്വലമായ ഭാവിക്കുവേണ്ടി പ്രേരിപ്പിക്കയും മുന്നോട്ടു നയിക്കുകയും മാത്രമല്ല ചെയ്തത് മറിച്ച് അദ്ദേഹം ഉണര്‍ത്തിവിട്ട ചൈതന്യം മുഗളന്മാര്ക്ക് ഹാനികരമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പോലും അദ്ദേഹത്തെ പ്രശംസിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ വീരതയുടെ പ്രസിദ്ധി.” ശിവാജി മുഗള്‍ സ്രാമാജ്യത്തിന് ഭീഷണിയാകുമെന്ന് ഇറാന് ബാദശാഹ് ശാഹ് അബ്ബാസ് (ജൂനിയര്‍) മുഗള്‍ സമ്രാട്ട് ഔറംഗസേബിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശിവാജി പലര്‍ക്കും ചോദ്യചിഹ്നമായിരുന്നെങ്കിലും സ്വന്തം കൂട്ടുകാര്‍ക്ക് അദ്ദേഹം ആശയുടേയും മാറ്റത്തിന്റെയും വികസനത്തിന്റെയും പ്രതീകമായിരുന്നു. അദ്ദേഹം സാധാരണ ജനങ്ങളെ രാജ്യത്തിന്റെ വികസനത്തില്‍ ഉത്സാഹമുള്ള പങ്കാളികളാക്കി.
ഇതേപോലെ ഇന്നത്തെ ചുറ്റുപാടില്‍ ജനാധിപത്യ സദ്ഭരണത്തില്‍ ജനങ്ങള്‍ വെറും ഘടകം മാത്രമല്ല. സജീവമായ പങ്കാളി കൂടിയാണെന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. സദ്ഭരണത്തിന്റെ ഈ സങ്കല്‍പ്പം എല്ലാ ഗുണഭോക്താക്കള്‍ക്കും അതായത് നിയമപരവും ന്യായപരവും ഭരണപരവും സ്വകാര്യവുമായ നേട്ടങ്ങളുണ്ടാക്കുന്ന എല്ലാ പൗരന്മാര്ക്കും ഉപയോഗപ്രദമാണ്. വ്യക്തിപരമായി ഞാന്‍ പീ ടു-ജി ടു വില്‍ വിശ്വസിക്കുന്നു. അതായത് പോപ്പുലര്‍ പ്രോ ആക്ടീവ്- ഗുഡ് ഗവേണന്‍സ്. ഈ മോഡലിന്റെ സത്തെന്ന് പറയുന്നത് വികസനത്തോടുള്ള ദൃഢമായ പ്രതിബദ്ധത, വിശേഷിച്ചും മാനുഷികമായ വികസനത്തോടുള്ള വ്യക്തമായ വീക്ഷണവും ലക്ഷ്യവും നിശ്ചയിക്കുകയെന്നതാണ്. അതുകൊണ്ട് മിനിമം ഗവണ്മെന്റിലും മാക്സിമം ഗവണെന്സിലുമാണ് നമ്മുടെ ശ്രദ്ധ ഊന്നിയിരിക്കുന്നത്.
ഭരണാധികാരമെന്നത് ഒരു കെട്ട രാഷ്ട്രീയമാണെന്നാണ് സാധാരണയായി കരുതപ്പെടുന്നത്. അതുകൊണ്ട് സദ്ഭരണം നടപ്പാക്കുകയെന്നത് വളരെ പ്രയാസമാണെന്ന് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകള്‍ കരുതുന്നു. ഈ മാനസികാവസ്ഥയില്‍ നിന്ന് നമുക്ക് മോചനം വേണം. സദ്ഭരണമാണ് നല്ല രാജനീതിയെന്ന്, രാഷ്ട്രീയമെന്ന് നാം ചിന്തിക്കണം. സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പല കാര്യങ്ങളും ചെയ്യുന്നു. സദ്ഭരണം ഉറപ്പാക്കുന്നതിന് ഒന്നാമത്തെ നിബന്ധന ജനഹൃദയങ്ങളെ കീഴടക്കുക എന്നതാണ്. വോട്ടുനേടുക മാത്രമെന്നതല്ല. ഒരുകാലത്ത് ശിവാജിക്ക് 300 കോട്ടകളില്‍ ആധിപത്യമുണ്ടായിരുന്നുവെങ്കിലും ഒരു ബന്ധുപോലും ഈ കോട്ടകളുടെ അധിപന്മാരായിരുന്നില്ല. ഇന്നത്തെ ചുറ്റുപാടില്‍ സ്ഥിതി നേരെ വിപരീതമാണ്.
നമ്മുടെ രാജ്യം കുടുംബാധിപത്യത്തിന്റെ രാജനീതിയില്‍ പെട്ടിരിക്കുന്നു. എല്ലാ ഭരണകാലത്തും അങ്ങനെയാണെന്നല്ല. ചില കേന്ദ്ര സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ ‘പ്രധാനമന്ത്രി ഗ്രാമ സഡക് യോജന’ ഇതിന്റെ ഉത്തമോദാഹരണമാണ്. അദ്ദേഹം തീര്‍ത്തും നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. പദ്ധതിക്ക് പേരിട്ടപ്പോള്‍ പോലും സ്വന്തം പേരിന്റെ അടയാളം ഉപയോഗിക്കാതെ പദവിയുടെ പേരിട്ടാണ് അത് നാടിന് സമര്‍പ്പിച്ചത്.
മനുഷ്യവിഭവം, വിദ്യാഭ്യാസം, സുരക്ഷ ജീവിത നിലവാരം എന്നിവയിലൂന്നിയ പുരോഗതിയാണ് സദ്ഭരണം ഉണ്ടാക്കുന്നത്. ഗുജറാത്തില്‍ പഞ്ചാമൃതം അടിസ്ഥാനപ്പെടുത്തി വികസന പദ്ധതി പുരോഗമിക്കുന്നു. ഇതനുസരിച്ച് നമ്മുടെ ശ്രദ്ധ അഞ്ചു ശക്തികളിലാണ്. ജ്ഞാനശക്തി, ജലശക്തി, ഊര്‍ജ്ജ ശക്തി, ജനശക്തി, രക്ഷാശക്തി. ഭരണത്തിന്റെ യഥാര്‍ത്ഥ ശക്തി ജനങ്ങളുടെ കൈയിലായിരിക്കണമെന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം. സുതാര്യമായ രീതികളും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന് ഞാന്‍ അവിശ്രമം പരിശ്രമിക്കുന്നു. സാമൂഹികമായ ചിന്താഗതികള്‍, ഭരണത്തില്‍ വ്യക്തത, ജനങ്ങളുടെ പങ്കാളിത്തം ഇവയാണ് സദ്ഭരണത്തിന്റെ അടിസ്ഥാനം.
ശിവാജിയുടെ കാലവുമായി താരതമ്യപ്പെടുത്തിയാല്‍ നമുക്കിന്ന് മെച്ചപ്പെട്ട സാങ്കേതിക വിദ്യ ലഭ്യമാണ്. ഇത് സദ്ഭരണം നടപ്പിലാക്കുന്നതില്‍ നമുക്ക് സഹയകമാകാം. ടെക്നോളജിയും വിവരസാങ്കേതിക വിദ്യയും വഴി നമുക്ക് സുതാര്യതയും ജനശാക്തീകരണവും സാധ്യമാകും. ഗുജറാത്ത് സര്‍ക്കാര്‍ ഈ കാര്യങ്ങളില്‍ പല ചുവടുവയ്പ്പുകളും നടത്തിയിട്ടുണ്ട്. സ്വാഗത് എന്ന പേരിലുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം, ഈ -ഗ്രാമം, ജമിനി എന്ന പേരിലുള്ള സര്‍ക്കാര്‍ രേഖകളുടെ കമ്പ്യൂട്ടറൈസേഷന് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇതുപോലെയുള്ള പല സംവിധാനങ്ങളും നടപ്പിലാക്കാനാകും എന്നെനിക്കറിയാം. അവയുടെ സഹായത്തോടെ ജനങ്ങളെ ഭരണത്തിന്റെ കേന്ദ്രബിന്ദുക്കളാക്കി മാറ്റാം.
വികസനത്തെ ജനങ്ങളുടെ വിപ്ലവമാക്കി മാറ്റലാണ് സദ്ഭരണം. ഞാന്‍ മുമ്പു പറഞ്ഞതുപോലെ വ്യക്തതയും ജനപങ്കാളിത്തവുമാണ് ഇതിനുവേണ്ടത്. ജനങ്ങള്‍ക്ക് ഭരണത്തിന്റെ രീതികളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും പരിഹാരത്തിനുള്ള സാധ്യതകളെക്കുറിച്ചും അറിവുണ്ടാകണം. അതിലൂടെ അവര്‍ പരിസ്ഥിതിക്കനുകൂലമായി പ്രവര്‍ത്തിക്കുന്നവരാകും, സാധ്യതയുള്ള വിവിധ പോംവഴികള്‍ അവലംബിക്കാനാകും. സാധാരണയായി ഭരണകൂടം ജനങ്ങളില്‍നിന്ന് സത്യം മറച്ചുവയ്ക്കുന്നു. സാധാരണമായ ചുറ്റുപാടുകളെ പുറത്തുകാട്ടുന്നു. എന്നാല്‍ ജനങ്ങളെ യഥാര്‍ത്ഥ ബുദ്ധിമുട്ടുകളെക്കുറച്ച് അറിയിച്ചുകൊണ്ടിരിക്കണം.
അതിലൂടെ അവര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങളും ശരിയായി മനസ്സിലാക്കാനാകും. ഉദാഹരണത്തിന് എവിടെയെങ്കിലും വെള്ളത്തിന് ക്ഷാമമുണ്ടെങ്കില്‍ ആ സത്യം മറച്ചുവയ്ക്കുന്നതിനുപകരം മഴക്കുറവ് കാരണമാണ് അങ്ങനെ സംഭവിച്ചതെന്ന് അവരോട് പറയുകയും അവരുടെ മുന്നില്‍ സാധ്യതകള്‍ തുറന്നുവയ്ക്കുകയും വേണം. ഇങ്ങനെ അവര്‍ക്ക് പരിതസ്ഥിതിയുമായി പൊരുത്തപ്പെടാനാകും. ഇതാണ് ജനാധിപത്യഭരണത്തിന്റെ അടിസ്ഥാനം.
ഒരു നേതാവ്, അത് സാധാരണക്കാരനായ വ്യക്തിയാണെങ്കിലും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആണെങ്കിലും ഏറ്റവും പ്രധാന കര്‍ത്തവ്യം സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ്.
വരൂ, നമുക്കൊത്തുചേര്‍ന്ന് ഈ രാജ്യത്ത് സദ്ഭരണത്തിന്റെ ഒരു സംസ്കാരം സൃഷ്ടിക്കാന്‍ നമ്മുടേതായ പങ്കുവഹിക്കാം.
നരേന്ദ്രമോദി മുഖ്യമന്ത്രി, ഗുജറാത്ത്
(ശ്രീ അനില്‍ മാധവ് ദവേ എഴുതിയ ഛത്രപതി ശിവജി-സദ്ഭരണത്തിന്റെ മാതൃക എന്ന പുസ്തകത്തിനെഴുതിയ അവതാരികയില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: