കാസര്‍കോട് ജില്ലയില്‍ മധുര്‍ പഞ്ചായത്തിലാണ് മദനന്തേശ്വര ക്ഷേത്രം. മധൂര്‍ മഹാഗണപതി ക്ഷേത്രമെന്ന പേരിലാണ് തെക്കേ ഇന്ത്യയില്‍ ഈ മഹാക്ഷേത്രം പ്രസിദ്ധമായിട്ടുള്ളത്. മൂടപ്പ സേവയിലൂടെ അനശ്വരമായ അപൂര്‍വ്വക്ഷേത്രം. പണ്ട് ഈ പ്രദേശം മുഴുവന്‍ കാടുപിടിച്ചു കിടന്നിരുന്നു. ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറുള്ള ഈ സ്ഥലം ഉളിയത്തടുക്ക എന്നറിയപ്പെടുന്നു. ഇവിടെ വലിയൊരു ആല്‍മരമുണ്ട്. വെടിക്കെട്ടുല്‍സവത്തിന് മദനന്തേശ്വരനെ എഴുന്നെള്ളിച്ച്കൊണ്ടുവരുന്ന മൂലസ്ഥാനം ഇതാണ്. പണ്ട് ഇവിടെ മദാരുപുല്ലുവെട്ടുകയായിരുന്നു. അപ്പോള്‍ അരിവാള്‍ത്തല കല്ലില്‍ തട്ടി ചോരപൊടിഞ്ഞു. അതു കണ്ട അവള്‍ നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട് ഓടിക്കൂടിയവര്‍ രാജാവിനെ വിവരമറിയിച്ചു. രാജാവായ ജയസിംഹന്‍ പരിവാരസമേതം അവിടെ എത്തി. മദാരുവിനേയും കൂട്ടി മധുവാഹിനി പുഴയുടെ പടിഞ്ഞാറേക്കരയില്‍ ആ ദിവ്യ ജ്യോതിര്‍ലിംഗം പ്രതിഷ്ഠിച്ച് ക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ് മധുര്‍ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരുദിവസം മദനന്തേശ്വരന് പൂജചെയ്യുമ്പോള്‍ പൂജാരിയുടെ ഏഴുവയസ്സുള്ള മകന്‍ പുറത്തെ ഭിത്തിയില്‍ കരിക്കട്ടകൊണ്ട് ഒരു ചിത്രം വരച്ചു. വലതുവശത്തേക്ക് തുമ്പിക്കൈ നീട്ടിയ ഗണപതിയുടെ ചിത്രം. പിറ്റേദിവസം വെളുപ്പിന് പിതാവിനോടൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടി കണ്ടത് തലേന്ന് താന്‍ വരച്ച ചിത്രത്തിന്റെ സ്ഥാനത്ത് അതേവലിപ്പത്തിലുള്ള ഒരു മഹാഗണപതി വിഗ്രഹമാണ്. കുട്ടി ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി. നിലവിളികേട്ട് ഓടിയെത്തിയ പൂജാരിയും വിഘ്നേശ്വരനെ ദര്‍ശിച്ചു. പെട്ടെന്ന് കുറച്ച് അരിമാവ് കുഴച്ചുരുട്ടി ഉരുളകളാക്കി നിലവിളക്കിന്റെ തീ നാളത്തില്‍വെച്ച് വാട്ടിയെടുത്തു. അത് ഗണേശവിഗ്രഹത്തിനു മുന്‍പില്‍ നേദിക്കാനായി വയ്‌ക്കുകയും ചെയ്തു. ഇന്നും മധൂര്‍ ഗണപതിയുടെ ഇഷ്ടനൈവേദ്യം ഇതാണ്. പച്ചയപ്പം എന്നാണ് അറിയപ്പെടുന്നത്. കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പംപോലെ മധൂര്‍ സിദ്ധിവിനായകന്റെ അപ്പത്തിനും രാജ്യാന്തര പ്രശസ്തി.മധൂര്‍ മഹാഗണപതിയുടെ മൂടപ്പസേവയ്‌ക്കുമുണ്ട് ഖ്യാതി. സേവന നടക്കുമ്പോള്‍ ശ്രീകോവിലിനുള്ളില്‍ കരിമ്പുകൊണ്ട് ഒരു വേലി തീര്‍ക്കും. അതിനുള്ളില്‍ നാല്‍പ്പത്തിയെട്ടു പറ അരിപൊടിച്ച് ശര്‍ക്കര ചേര്‍ക്കാതെ കുഴച്ചാണ്ടാക്കിയ പച്ചപ്പം നിറയ്‌ക്കുന്നു. പിന്നെ നൂറ്റിയെട്ടു നാളീകേരത്തിന്റെ അഷ്ടദ്രവ്യവും തേനും നെയ്യും കല്‍ക്കണ്ടവും നിറയ്‌ക്കുന്നു അതിനുശേഷം പൂക്കള്‍കൊണ്ട് അലങ്കരിച്ച് പഴങ്ങള്‍കൊണ്ട് മൂടുന്നു. പിന്നീടുള്ള പൂജയ്‌ക്കുശേഷം നട അടക്കുന്നു. അപ്പോഴേക്കും സമയം രാത്രി 12 മണി കഴിഞ്ഞിരിക്കും. അടുത്ത പ്രഭാതത്തില്‍ മൂടപ്പ സേവാദര്‍ശനത്തിനായി പതിനായിരക്കണക്കിനു ഭക്തര്‍ എത്തുന്നു. അപ്പവും നാളീകേരവും മറ്റു ഫലങ്ങളുംകൊണ്ട് കണ്ഠംവരെയും മൂടപ്പെട്ടിരിക്കുന്ന ഗണേശനെ ദര്‍ശിക്കുന്നത് ശിഷ്ടജീവിതത്തിനെ ഐശ്വര്യമായിരിക്കുമെന്ന് അവരുടെ വിശ്വാസം. സേവ നടക്കുന്ന ദിവസങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സദ്യയുണ്ടാകും. ലക്ഷക്കണക്കിനു രൂപാ ചെലവുവരുന്ന മൂടപ്പസേവ നാടിനും നാട്ടുകാര്‍ക്കും ഒരുപോലെ ശ്രേയസ്കരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
വിഷുസംക്രമത്തിന് കൊടിയേറി അഞ്ചുദിവസത്തെ ഉത്സവം. ഉത്സവത്തിന് ആനയില്ല. ആന കയറാത്ത അമ്പലമായും ഇതറിയപ്പെടുന്നു. ചൈത്ര വൈശാഖ മാസങ്ങളില്‍ ദിവസവും അത്താഴപുജ കഴിഞ്ഞാല്‍ തിടമ്പ് നമസ്ക്കാര മണ്ഡപത്തിലെ തൊട്ടിലില്‍ കിടത്തും. പിന്നെ നടക്കുന്ന പൂജയാണ് വസന്തപൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: