ഏപ്രില്‍ അവസാന ദിവസങ്ങളിലൊന്നില്‍ കണ്ണൂര്‍നിന്നും ജന്മഭൂമിയുടെ അവിടുത്തെ പതിപ്പിന്റെ മുഖ്യചുമതലക്കാരന് എ. ദാമോദരന്‍ വിളിച്ചപ്പോള്‍ അതു സാധാരണപോലെ എന്തോ വിശേഷമറിയിക്കാ നുള്ളതാണെന്നേ വിചാരിച്ചുള്ളൂ. എന്നാല്‍ ഏപ്രില്‍ 30 ന് താന്‍ ജന്മഭൂമിയില് നിന്നു വിരമിക്കുകയാണെ ന്നറിയിച്ചപ്പോള് ഒരുപാട് ഓര്‍മകള്‍ തിക്കിത്തിരക്കിവന്നു. മൂന്നുപതിറ്റാണ്ടുകാലമായി ജന്മഭൂമിയും കണ്ണൂരുമായി ബന്ധപ്പെടുത്തി എന്തു ചിന്തിച്ചാലും ആദ്യം ഓര്‍ക്കുക ദാമോദരനെ ആയിരിക്കും. എല്ലാവരും ഒരുനാള്‍ അരങ്ങൊഴിയേണ്ടവര് തന്നെയാണ്. ജന്മഭൂമിയുടെ തുടക്കത്തിനു തന്നെ കാരണക്കാരനായിരുന്ന യു. ദത്താത്രയ റാവു കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. കഴിഞ്ഞയാഴ്ച തന്നെയായിരുന്നു അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമി എറണാകുളത്തുനിന്നു പുനരാരംഭിച്ചപ്പോള്‍ മുഖ്യപത്രാധിപത്യം ഏറ്റെടുത്ത്; അതിന്റെ നടത്തിപ്പിന് ഇറങ്ങിയ യുവതലമുറയിലെ ഒട്ടേറെ പുതുക്കക്കാരെ കൈപിടിച്ചുകൊണ്ടുവന്ന് നൂതന സരണിയില്‍ ചരിക്കാന്‍ പ്രാപ്തരാക്കിയ പ്രൊഫ.എം.പി. മന്മഥന്റെ ജന്മശതാബ്ദി. മന്മഥന് സാറിനെ അദ്ദേഹത്തിന്റെ പുത്രന് തന്നെ അനുസ്മരിച്ചുകൊണ്ട് ഹൃദയസ്പൃക്കായി ഒരു ലേഖനവും ജന്മഭൂമിയില് എഴുതിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യവാഴ്ചക്കെതിരെ നടന്ന ഐതിഹാസിക സമരത്തിന് കേരളത്തില്‍ നേതൃത്വം നല്‍കിയത് ജനസംഘര്‍ഷ സമിതിയുടെ സംസ്ഥാനാധ്യക്ഷനായിരുന്ന മന്മഥന് തന്നെയായിരുന്നു.
അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിച്ച കാലത്താണ് സഹതടവുകാരന് എന്ന നിലയ്ക്ക് എ. ദാമോദരനെ എനിക്കടുത്തറിയാന്‍ ഇടവന്നത്. നാല്‍പ്പതുകൊല്ലത്തോളം നീണ്ട സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ഞങ്ങള്‍ക്കെതിരായി ചുമത്തപ്പെട്ടിരുന്ന കള്ളക്കേസിന്റെ കള്ളിവെളിവാക്കിക്കൊണ്ട് എല്ലാവരേയും കോടതി വിട്ടയച്ചപ്പോള്‍ ഓരോ ആളും തന്റെ വഴിക്കുപിരിഞ്ഞു. മിസാ വാറണ്ട് ലിസ്റ്റില്‍ പെട്ടിരുന്നതിനാല്‍ ഞാന്‍ പിടികൊടുക്കാതെ സംഘടനാ പ്രവര്‍ത്തനവുമായി നടന്നു. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയെന്ന നിലയ്ക്ക് സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അതിനിടെ കണ്ണൂര്‍ ജില്ലയിലെ നായാട്ടുപാറ എന്ന സ്ഥലത്തു ചേര്‍ന്ന ഒരു പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുക്കാന്‍ അന്ന് ജില്ലയുടെ സംഘടനാ പ്രവര്‍ത്തനം നോക്കി വന്ന കുഞ്ഞിക്കണ്ണനുമൊത്തുപോയി. നായാട്ടുപാറയിലെ ഒരു വീട്ടില്‍ രാത്രിയില്‍ നടന്ന ഒരു യോഗത്തില്‍ ദാമോദരനെ വീണ്ടും കണ്ടു. വരാനിരിക്കുന്ന സത്യഗ്രഹത്തിന്റെയും അറസ്റ്റുവരിക്കലിന്റെയും കാര്യങ്ങള്‍ വിശദീകരിക്കാനായിരുന്നു ആ യോഗം. അന്നു പരിചയപ്പെട്ട മറ്റൊരു സ്വയംസേവകന് മോഹനകണ്ണന്‍ പിന്നീട് പ്രചാരകനായി വിവിധ ചുമതലകള്‍ വഹിച്ച് ഭാരതത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ചശേഷം ഇപ്പോള്‍ പ്രാന്തീയ സമ്പര്‍ക്ക് പ്രമുഖ് എന്ന ഉത്തരവാദിത്തം വഹിക്കുകയാണ്. ദാമോദരന്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് ഒരിക്കല്‍ കൂടി ജയില്‍ വാസം അനുഭവിച്ചുവെന്നു തോന്നുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാപാര്‍ട്ടിയിലും പിന്നീട് ബിജെപിയിലും സജീവമായിത്തീര്‍ന്ന ദാമോദരന്‍ മാരാര്‍ജിയുടെ പ്രേരണയുള്‍ക്കൊണ്ടു മുഴുവന്‍ സമയവും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ യുവമോര്‍ച്ചയുടെ വളര്‍ച്ചയ്ക്ക് കെ. കുഞ്ഞിക്കണ്ണനും എ. ദാമോദരനുമാണ് ആദ്യകാലത്ത് കനത്ത സംഭാവനകള്‍ നല്‍കിയത്. കണ്ണൂര്‍ പോലീസ് മൈതാനത്ത് നടത്തപ്പെട്ട യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയത് സാക്ഷാല്‍ അടല്‍ജി തന്നെ ആയിരുന്നു. ആ സമ്മേളനത്തിന്റെ സൂത്രധാരന്മാരില് ചെറുതല്ലാത്തൊരു പങ്ക് ദാമോദരന്‍ വഹിച്ചു.
കേരളത്തിലെ മറ്റൊരു ജില്ലയിലും കാണത്തക്കവിധത്തിലുള്ള രാഷ്ട്രീയ ബോധവും വീക്ഷണവും കണ്ണൂര്‍ ജില്ലയില്‍ കാണാന്‍ കഴിയുന്നുണ്ട്. 1958 മുതല്‍ ആ ജില്ലയിലെ യുവജനങ്ങളുമായി ഇടപെടാന്‍ കഴിഞ്ഞതിന്റെ ഫലമായി അവരോട് അസൂയാവഹമായ ആരാധനയാണ് എനിക്കുള്ളത്. മലയാളത്തിലെ കൂട്ടക്ഷരങ്ങള്‍ ശരിയായി വായിക്കാന്‍ വിഷമിച്ചിരുന്ന ഒന്നുരണ്ട് ബീഡി തെറുപ്പുകാര് അക്കാലത്ത് കണ്ണൂരിലെ ശാഖയില്‍ വന്നിരുന്നു. അവര്‍ അവിടെ നടക്കുന്ന രാഷ്ട്രീയയോഗങ്ങളിലൊക്കെ സ്ഥിരമായി പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോകുമായിരുന്നു. അന്നത്തെ യോഗങ്ങളില്‍ സമകാലീന വിഷയങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അഴീക്കോടന്‍ രാഘവന്, സുകുമാര്‍ അഴീക്കോട്, പി.വി.കെ. നെടുങ്ങാടി, പാമ്പന്‍ മാധവന്, ഒ. ഭരതന്, എ. ശ്രീധരന്, പി.ആര്. കുറുപ്പ് തുടങ്ങിയ വിവിധ രാഷ്ട്രീയ നിറക്കാരായ നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ കേട്ട് കാര്യാലയത്തില്‍ എത്തിയശേഷം അവയെപ്പറ്റി ചര്‍ച്ച ചെയ്തിരുന്ന സാന്ഡോ നാണുവും സി.ലക്ഷ്മണനും നരിക്കുട്ടി രാജനുമെല്ലാം എനിക്കു ശരിക്കും രാഷ്ട്രീയ ഗുരുക്കന്മാര് തന്നെയായിരുന്നു. അവരുടെ അവരുടെ അഭിപ്രായങ്ങള്‍ മാധവ്ജിയുടെ മുമ്പില്‍ അവതരിപ്പക്കുകയും അദ്ദേഹം അവരുടെ മനസ്സില്‍ അതിന്റെ പശ്ചാത്തലത്തില്‍ സംഘത്തിന്റെ കാഴ്ചപ്പാട് ഉറപ്പിക്കുകയും ചെയ്തു.
1962 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ച സുകുമാര്‍ അഴീക്കോട് വോട്ട് അഭ്യര്‍ത്ഥിക്കാനായി കാര്യാലയത്തില്‍ വന്നപ്പോള്‍, തലേന്ന് അദ്ദേഹം നടത്തിയ ഉജ്ജ്വല ആര്‍എസ്എസ് വിരുദ്ധ പ്രസംഗത്തിലെ വാചകങ്ങള്‍ തന്നെ ഉദ്ധരിച്ചുകൊണ്ട് (ആര്‍എസ്എസുകാരന്റെ ആര്‍ജവമുള്ള ദണ്ഡയോട് ഞാന്‍ ചോദിക്കുന്നു…. എന്നു തുടങ്ങുന്ന ഒരു നീണ്ട വാചകം) നിരക്ഷരകുക്ഷിയാനായ മാസ്റ്ററെ നേരിട്ടത്.
കണ്ണൂര്‍ക്കാരുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കും രാഷ്ട്രീയ സാക്ഷരതക്കും ഉദാഹരണം തന്നെയായിരുന്നു ദാമോദരനും. 1977 ല്‍ ജന്മഭൂമി എറണാകുളത്തു നിന്നാരംഭിച്ചപ്പോള്‍ത്തന്നെ കുഞ്ഞിക്കണ്ണന് കണ്ണൂര്‍ ലേഖകനായി പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഭാരവാഹികൂടിയായിരുന്ന അദ്ദേഹത്തെ അക്കാരത്തില്‍ സഹായിച്ചത് ദാമോദരന്‍ തന്നെയായിരുന്നു. കുഞ്ഞിക്കണ്ണന് ജന്മഭൂമിയില് കൂടുതല്‍ ചുമതലയുമായി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും മാറിയപ്പോള്‍ കണ്ണൂരിന്റെ ഭാരം ദാമോദരനായി.
പത്രപ്രവര്‍ത്തകനാകാന്‍ ബിരുദവും ബിരുദാനന്തര ജേര്‍ണലിസ ഡിപ്ലോമയും അനിവാര്യമായിത്തീര്‍ന്ന ഇക്കാലത്ത് അത്തരക്കാരെക്കാള്‍ ഒട്ടും കുറയാത്ത സാമര്‍ത്ഥ്യത്തോടെ തല്‍സംബന്ധമായ ചുമതലകള്‍ നിര്‍വഹിച്ചയാളാണ് അദ്ദേഹം. അനുഭവത്തില്‍ നിന്നും ലഭിച്ച നൈപുണ്യത്തിനുപുറമെ കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും മണത്തറിയാനും തക്ക തീഷ്ണമായ കണ്ണും ചെവിയും മൂക്കുമാണ് ഏറ്റവും പ്രധാനമെന്ന് തെളിയിച്ചു അദ്ദേഹം.
തന്റെ ബന്ധുവായ ഒരു രോഗിയെ അവശനിലയില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ തിരിച്ചുവരുന്ന വഴിക്കു കാസര്‍കോട്ടുണ്ടായ അപകടത്തില്‍ അതിഗുരുതരമായ പരിക്കുകള്‍ ഏറ്റ് സന്ദിഗ്ദ്ധാവസ്ഥയില്‍ മാസങ്ങളോളം അദ്ദേഹത്തിന് കഴിയേണ്ടിവന്നു. സംഘപരിവാറിലെ സഹപ്രവര്‍ത്തകരുടെ എല്ലാവിധത്തിലുമുള്ള സഹായസഹകരണങ്ങള്കൊണ്ടാണ് ദീര്‍ഘകാലത്തിനുശേഷം ദാമോദരന്‍ ജോലിയില്‍ പ്രവേശിക്കാനായത്.
ശയ്യാവലംബിയായി കണ്ണൂരിനടുത്തു കൂടാളിയിലെ ഒരുബന്ധുവീട്ടില് കഴിഞ്ഞ അദ്ദേഹത്തെ പോയി കണ്ടത് ഇന്നും മനസ്സില്‍ തങ്ങിനില്ക്കുന്നു. ഒടിഞ്ഞ അസ്ഥികള്‍ കട്ടയും പിരിയുമിട്ടു മുറുക്കി വെച്ചിരിക്കയാണിപ്പോള്. നടക്കുമ്പോള്‍ അതു ചില ശബ്ദങ്ങളുണ്ടാക്കുമത്രേ. എന്നാലും ജന്മഭൂമിയുടെ കണ്ണൂര്‍ പതിപ്പാരംഭിക്കുന്നതിനും അതു വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനും ദാമോദരന്‍ കിണഞ്ഞു പരിശ്രമിച്ചു. യാത്രകള്‍ ചെയ്യാനും മടി കാട്ടുന്നില്ല. കണ്ണൂരിനടുത്ത് മുണ്ടയാട് പത്രപ്രവര്‍ത്തകര്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതിയനുസരിച്ച് സ്വന്തമായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശത്തിനു പോയപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ സംഘപരിവാറിനെ മുഴുവന്‍ അവിടെ കാണാന്‍ കഴിഞ്ഞു. എന്റെ മകന് അനുവിന്റെ വിവാഹത്തിനു ക്ഷണിച്ചപ്പോള്‍, ദാമോദരനും തളിപ്പറമ്പിലെ കണ്ണേട്ടനും മുന്നൂറിലേറെ കിലോമീറ്ററുകള്‍ താണ്ടി എത്തുകയം വധൂവരന്മാരെയും എന്നെയും ആശീര്‍വദിക്കുകയും ചെയ്തു.
ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ജന്മഭൂമിയില് നിന്നു വിരമിച്ചപ്പോള്‍ പത്രപ്രവര്‍ത്തനത്തിലെ ഇന്നത്തെ അംഗീകൃതമാനദണ്ഡങ്ങളെയെല്ലാം അതിലംഘിച്ച ഒരാള്‍ പിന്മാറുകയാണ് ചെയ്തത്. എ. ദാമോദരന്‍ എന്ന പേരിന്റെ ഇനിഷ്യല്‍ എന്താണെന്ന് ജയിലില്‍ വച്ച് അന്വേഷിച്ചപ്പോല്‍ ആയില്യത്ത് എന്നായിരിക്കും പറയുക എന്നാണ് വിചാരിച്ചത്. അദ്ദേഹത്തിന്റെ നാട്ടില്‍ ആ കുടുംബക്കാര് ധാരാളമുണ്ട് എന്നറിയാമായിരുന്നു. എന്നാല്‍ അഴീക്കോടന്‍ എന്നായിരുന്നു ഉത്തരം. പണ്ടെങ്ങോ അഴീക്കോട്ടുനിന്നും അന്നാട്ടിലെത്തിയതാണത്രേ ആ കുടുംബം. കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്റെയും മുതിര്‍ന്ന പ്രചാരകന് എ. ഗോപാലകൃഷ്ണന്റെയും തറവാടാണ് ആയില്യത്ത് എങ്കില്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് അഴീക്കോടന്‍ രാഘവനെപ്പോലെ അഴീക്കോടന്‍ ദാമോദരനും നമുക്കുണ്ട് എന്ന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദമോദരന് ജന്മഭൂമിയില്‍നിന്നു വിരമിച്ചാലും മാനസികമായി എന്നും അതിന്റെ ഭാഗമായി തുടരും എന്നു തീര്‍ച്ച.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: