ന്യൂദല്‍ഹി: സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ നൂറോളം സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍. നികുതി വെട്ടിച്ച് ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ നല്കാന് ഇന്ത്യ സ്വിറ്റ്സര്ലന്റിനുമേല് സമ്മര്‍ദ്ദം ചെലുത്തിവരുന്നതിനിടെയാണ് നൂറോളം സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നത്. നിരീക്ഷിച്ചുവരുന്ന നൂറ് സ്ഥാപനങ്ങള്‍ക്കും കേസുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
സ്ഥാപനങ്ങളെ മാത്രമല്ല അതിന്റെ ഉടമകളേയും നിരീക്ഷിച്ചുവരികയാണ്. ഇതില്‍ പത്തോ- പതിനഞ്ചോ ഇന്ത്യന്‍ കമ്പനികളാണ്. ചിലത് കള്ളപ്പേരുകളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇവര്‍ക്ക് നേരിട്ടോ അല്ലാതെയോ സ്വിസ് ബാങ്കുകളുമായി ബന്ധമുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധമുള്ള സ്വിസ് ബാങ്കുകളേയും അവരുടെ ശാഖകളേയും നിരീക്ഷിച്ചു വരികയാണെന്ന് അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
നിരീക്ഷണ വിധേയമായ ഈ സ്ഥാപനങ്ങള്‍ അവരുടെ വ്യാജ സ്വത്തുക്കള്‍ കൊണ്ടുവരുന്നത് സ്റ്റോക്ക് മാര്‍ക്കറ്റ് വഴിയാണ്. അതിന് യൂറോപ്പ്യന്‍ ബാങ്ക് എന്ന നിശ്ചിത മാര്‍ഗ്ഗം ഇവര്‍ കണ്ടെത്തുകയായിരുന്നു. ആഗോളതലത്തിലെ തന്നെ ഒരു വിഭാഗം ബാങ്കുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
നികുതി വെട്ടിപ്പ് പോലുള്ള വ്യാജ നടപടികള്‍ ബാങ്കുകള്‍ ചിലപ്പോള്‍ അറിയുന്നുണ്ടാകില്ല. ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ്മാര്‍ നേരിട്ട് നടത്തുന്ന ഇത്തരം തന്ത്രങ്ങളിലൂടെ അവര്‍ക്ക് തന്നെയായിരിക്കും പ്രതിഫലം ലഭിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സിങ്കപ്പൂര്‍, ദുബായ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പണം നിക്ഷേപിക്കാനായിരിക്കും ആദ്യം ബാങ്ക് അധികൃതര്‍ പറയുക, പിന്നീട് അത് ഇന്ത്യയിലേക്ക് മാറ്റും. സ്വിറ്റ്്സര്ലന്റില് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് ഇതിന് പിന്നില്‍. മൗറീഷ്യസ്, സൈപ്രസ് തുടങ്ങീ രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തില്‍ പണം നിക്ഷേപിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഈ സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി.
അന്വേഷണം നടക്കുന്നതിനാല്‍ നിരീക്ഷണവിധേയമായ കമ്പനികളുടേയോ അതിന്റെ ഉടമസ്ഥരുടേയോ പേര് വെളിപ്പെടുത്താനാകില്ലെന്നും, വമ്പന്‍ കമ്പനികളും കോടീശ്വരന്മാരും പട്ടികയിലുണ്ടെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. നികുതി വെട്ടിച്ച് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്കാന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് നല്കാന് അവര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: