ആറന്മുള: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് മുന്‍നിലപാടിലുറച്ച് നിന്ന് ആറന്മുളക്കായി പൊരുതുമെന്ന് തനിക്ക് പൂര്‍ണ്ണവിശ്വാസമാണുള്ളതെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി ചെയര്‍പേഴ്സണണ്‍ കവയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ 83-ാം ദിവസം സത്യഗ്രഹ പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സുഗതകുമാരി.
ആറന്മുളയില് നടക്കുന്ന മാതൃകാസമരം നമ്മുടെ പച്ചപ്പ്, നെല്‍വയല്‍, ചാലുകള്‍, തോടുകള്‍, പുഴകള്‍, ക്ഷേത്രങ്ങള്‍ എന്നിവ സംരക്ഷിക്കുവാനായി ഒരുജനത നടത്തുന്ന ധര്‍മ്മസമരമാണ്. തെരഞ്ഞെടുപ്പ് സമയത്തുപോലും ആറന്മുള യോജിച്ച് നീങ്ങിയെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ആറന്മുളക്കായി അനവധി പ്രമുഖരുടെ ശബ്ദങ്ങളും ഉയരും. എന്റെ ജിവന്റെ തുടിപ്പ് ആറന്മുളയിലാണ്. എന്റെ കാവുകളും കുടുംബവും ആറന്മുളയിലാണ്. എന്റെ ആത്മാവ് ആറന്മുളയിലാണ്. ഞാന്‍ ഈ മണ്ണിന്റെ മകളാണ്. ഈ മണ്ണിനുവേണ്ടി പടവെട്ടുക എന്റെ കടമയാണ്. ആറന്മുളയില് എനിക്ക് എന്ത് അവകാശം എന്നു ചോദിക്കുന്ന പി.ജെ. കുര്യനും ആന്റോ ആന്റണിയും ശിവദാസന്‍ നായരും ഒന്നു മനസ്സിലാക്കുക, ഞാന്‍ ഈ മണ്ണിന്റെ മകളാണ്. ഭാരതം മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്കായി മുറിച്ചു വില്‍ക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ആര്‍ത്തിയോടെ നീളുന്ന ആ കൈകള്‍ ആറന്മുളയിലും എത്തിനില്‍ക്കുന്നു. ആറന്മുളയിലെ ഈ കരാള ഹസ്തം വെട്ടിക്കളയും. ഇവിടെ ഈ ഭൂമി, ഈ ക്ഷേത്രം, ഈ പരിപാവനമായ പ്രകൃതി ഇവ നശിപ്പിക്കാന്‍ നമ്മള് അനുവദിക്കില്ല. ഈ മണ്ണ് പവിത്രമാണ്. പമ്പയുടെ തീരത്തെ ക്ഷേത്ര സംസ്കാരത്തിന്റെ ഗ്രാമത്തെ നാം നശിപ്പിച്ചു കൂടാ എന്നും സുഗതകുമാരി പറഞ്ഞു.
മാനവരാശിയുടെ അവസാന ജീവന് തുടിക്കുന്നതുവരെ പ്രകൃതിയും വിശ്വാസവും നശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ചലച്ചിത്ര സംവിധായകന് കവിയൂര്‍ ശിവപ്രസാദ് അഭിപ്രായപ്പെട്ടു.
സമരത്തില്‍ സമൂഹത്തിന്റെ എല്ലാ തുറയിലുള്ളവരും പങ്കെടുക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലയ വിജയമെന്ന് ദേശത്തുടി സാംസ്കാരികവേദി രക്ഷാധികാരി കോന്നിയൂര്‍ ബാലചന്ദ്രന് അഭിപ്രായപ്പെട്ടു. ഫാദര്‍ തോമസ് കൊച്ചേരിയുടെ നിര്യാണത്തില്‍ പന്തലില്‍ അനുശോചനം രേഖപ്പെടുത്തി. സിപിഐ. ജില്ലാ സെക്രട്ടറി പി. പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സൂര്യ എസ്. കുമാര്‍, സുധാ വിജയന്, എരുമേലി വിജയന്, ജയചന്ദ്രന് കടമ്പനാട്, അഭികൃഷ്ണ എന്നിവര്‍ കവിതയും നാടന്‍പാട്ടും അവതരിപ്പിച്ചു.
സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ശരത്ചന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, പൈതൃക ഗ്രാമ കര്‍മ്മ സമിതി പ്രസിഡന്റ് പി. ഇന്ദുചൂഢന്, കോണ്‍ഗ്രസ് ആറന്മുള മുന്‍ മണ്ഡലം പ്രസിഡന്റ് ഷാജി ചാക്കോ, കെ.ഐ. ജോസഫ്, പിആര്‍. ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: