വോത്ഥാന കാലത്തിന്റെ അനന്തര ദശകങ്ങള്‍ കേരളത്തെ സംബന്ധിച്ച് നിര്‍ണായകവും ദൂരവ്യാപകവുമായ പരിവര്‍ത്തനദശയായിരുന്നു. സര്‍വമണ്ഡലങ്ങളിലും നവീന ചിന്താധാരകളും ധൈഷണികമുന്നേ റ്റങ്ങളുമുണ്ടായി. നവഭാവുകത്വത്തിന്റെയും നവമാനവികതയുടേയും പ്രത്യക്ഷങ്ങള്‍ കലാരംഗത്തും പ്രകടമായിരുന്നു. ഒരുതരം സംഘടിതമായ കര്മശ്രേണിയായിരുന്നു അത്. എം.വി.ദേവന്റെ സംഭാവന ഇതില്‍ ഗണനീയമാണ്. ചിത്രകാരന്, ചിന്തകന്‍, ശില്‍പ്പി, വാസ്തുശില്‍പ്പി, എഴുത്തുകാരന്, പ്രഭാഷകന്‍ എന്നീ പ്രവര്ത്തരംഗങ്ങളില് സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിക്കുകയായിരുന്നു ദേവന്. ഉള്ളിലുറങ്ങുന്ന ധിക്കാരവും ധര്‍മബോധവും ആത്മാര്‍ത്ഥതയും സത്യസന്ധതയും മാനവതയോട് ചേര്‍ന്നപ്പോഴാണ് ആ കര്‍മവൈഭവം അനന്വയമായിത്തീര്ന്നത്.
കലാകാരന് സ്വാതന്ത്ര്യത്തോടൊപ്പം പ്രതിരോധമുറയും ആവശ്യമാണ്. “ധീരതയോടെ കര്‍മരഥ്യയില്‍ ചരിക്കുന്ന കലാകാരനാണ് ‘കമ്മാളന്‍.’ അന്നം തിന്നുകയും നികുതിയടയ്ക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യനാണ് അവന്. മനുഷ്യനന്മയാണ് അവന്റെ പ്രത്യയശാസ്ത്രം. വാഴുന്നവര്‍ക്ക് അവന് വഴങ്ങരുത്. സമൂഹത്തിലെ ‘അടിക്കാട്ടങ്ങളുടെ’ വിമോചന സാഫല്യമാവണം അവന്റെ കലാമന്ത്രം. ആഢ്യവര്‍ഗത്തിന്റെ ഉമ്മാക്കികളെയും ഭീഷണികളെയും അതിജീവിക്കാന്‍ കലയ്ക്ക് കഴിയുമ്പോഴാണ് കലാകാരന് ലക്ഷ്യം പ്രാപിക്കുന്നത്. നാടിന്റെ സാംസ്കാരിക ചലനത്തെ സമ്പന്നമാക്കിയ ഈ വാക്കുകളുടെ അടിത്തറയിലാണ് ദേവന് സ്വന്തം ദര്‍ശനം പണിയുക. ഡി.പി.റോയ് ചൗധരി, കെ.സി.എസ്.പണിക്കര്‍ എന്നീ ഗുരുജനങ്ങളുടെ കലാശിക്ഷണത്തിന്റെ വീറും വീര്യവും സ്വാംശീകരിച്ച് എം.ഗോവിന്ദന് എന്ന ധൈഷണിക പ്രതിഭയുടെ ജ്ഞാനപഥത്തിലും നവമാനവികതയുടെ സിദ്ധാന്തവഴികളിലുമാണ് ദേവന്റെ സ്വത്വരൂപീകരണത്തിന് രേഖാരൂപം തെളിയുന്നത്.
കേരളീയ ചിത്രകാരന്മാര്ക്ക് അന്തസ്സും അഭിമാനവും വര്‍ദ്ധിതവീര്യവും സമ്മാനിച്ച കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്തത് ദേവന്റെ ദീര്‍ഘദര്‍ശിത്വമാണ് സംഘടിതമായ ഈ മുന്നേറ്റത്തില്‍ കേരളീയ കലാരംഗം സടകുടഞ്ഞെഴുന്നേറ്റു. തലച്ചുമടായി ക്യാന്‍വാസുകള്‍ എത്തിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ ആദ്യമായി നടത്തിയ ചിത്രകലാപ്രദര്‍ശനം ദേവന്റെ കലാസമര്‍പ്പണ ചരിതം വരയ്ക്കുകയാണ്.
‘നവസാഹിതി’ ‘ഗോപുരം’ ‘സമീക്ഷ’ കേരള കവിത’ ‘ജ്വാല’, ‘കലാദര്‍പ്പണം’ എന്നീ സാഹിത്യ-മാധ്യമ രംഗങ്ങളില്‍ ദേവന്റെ ആശയസ്ഫുലിംഗങ്ങളും കലാദര്ശനസാക്ഷ്യങ്ങളും പ്രത്യക്ഷങ്ങളായി. കലയുടെ നവചിന്താ പദ്ധതിയില്‍ ആശയമൂശയൊരുക്കി അവ പരിവര്‍ത്തനനാദമായി. നവീനതയുടെ ആത്മഭാഷ്യമായി ചരിത്രത്തില്‍ ഇടംതേടിയ, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ക്കെഴുതിയ അവതാരിക ഇതിലൊന്നുമാത്രം. ചെന്നൈ ചോളമണ്ഡലം, കൊച്ചി കലാപീഠം, മാഹി കലാഗ്രാമം എന്നീ കലാവിദ്യാലയങ്ങള്ക്ക് ദേവന് നല്കിയ സര്‍ഗാത്മകവും നേതൃത്വപരവുമായ സേവനം പ്രശസ്തമാണ്.
എം.ഭാസ്കരന്, കെ.സി.എസ്. പണിക്കര്‍, നമ്പൂതിരി എന്നിവര്‍ക്കൊപ്പം രേഖാകലയിലെ ആദ്യപേരുകാരനാണ് ദേവന്. ബഷീറിന്റെയും ഉറൂബിന്റേയും മനുഷ്യര്‍ ദേവന്റെ രേഖാ രൂപത്തിലൂടെ ഇന്നും സഞ്ചരിക്കുന്നു. ഹെന്റ്റി മത്തീസും സെസാനും കെ.സിഎസും നവീനചിത്ര പ്രത്യക്ഷമായി ദേവന്റെ ആദ്യകാല ചിത്രണവിദ്യക്ക് ആധാരമായെങ്കിലും മൗലികമായ ‘ദേവന് ശൈലി’ അദ്ദേഹം പില്ക്കാലം സൃഷ്ടിച്ചെടുത്തു. ‘Ovation’, ‘competition’, ‘the Artish & the Model’ എന്നീ ചിത്രപരമ്പരകള്‍ ഇതിന് തെളിവാണ്. കാര്‍ട്ടൂണ്‍ കലയും ദേവമുദ്ര ചാര്‍ത്തി പുറത്തുവന്നപ്പോള്‍ ശ്രദ്ധേയമായ ഇടം നേടി.
കല്ലിലും കോണ്‍ക്രീറ്റിലും ദേവന് ചെയ്ത ശില്പ്പങ്ങള് ലാളിത്യഭംഗിയിലും ആന്തരിക ഗൗരവത്തിലും നവീനമാനങ്ങള്‍ തേടുന്നു. വാസ്തുശില്‍പ്പിയെന്ന നിലയില്‍ ദേവവിരചിതമായ വീടുകളും കലാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രകൃതിയും മനുഷ്യനും ഒന്നുതന്നെയെന്ന സമഗ്രദര്‍ശനത്തില്‍ നിന്ന് രൂപം പൂണ്ടവയാണ്. ജയപാലപ്പണിക്കരുടെ കൊല്ലത്തുള്ള വീട്, മാഹി കലാഗ്രാമം, മാനന്തവാടിക്കടുത്ത കന്യാസ്ത്രീ മഠത്തിന്റെ ചാപ്പല്‍ എന്നിവ മണ്ണും മനുഷ്യനുമായുള്ള ബന്ധം വിളിച്ചറിയിക്കുന്ന പെരുന്തച്ചനെ ഓര്‍മിപ്പിക്കുന്നു.
മദ്രാസ് ലളിതകലാ അക്കാദമിയിലും കേരള ലളിതകലാ അക്കാദമിയിലും കാര്യദര്‍ശിയായിരുന്ന ദേവന് ചെയ്ത കാര്യങ്ങള്‍ മാതൃകാപരമാണ്. അരനൂറ്റാണ്ടുകാലത്തെ അക്ഷര തപസ്യ ‘ദേവസ്പന്ദന’മെന്ന ബൃഹദ്ഗ്രന്ഥമായി അവതരിക്കുന്നത് 1999 ലാണ്. പുരസ്ക്കാരങ്ങളുടെ പരിവേഷത്തില്‍ പൊടുന്നനെ വിഖ്യാതമായ ഈ ഗ്രന്ഥത്തെ ‘നൂറ്റാണ്ടിന്റെ പുസ്തകം’ എന്ന് ടി. പത്മനാഭന് വിലയിരുത്തുന്നു. ജീവിതവും കലയും സമൂഹവും രാഷ്ട്രവും തത്വചിന്തയും ദര്‍ശനവും അക്ഷരസാക്ഷ്യമായി ദേവചിന്തയില് ഇവിടെ അടയാളപ്പെടുത്തുന്നു. ‘ദേവയാനം’ സ്വാതന്ത്ര്യം കൊണ്ട് നാം എന്ത് ചെയ്തു? എന്നീ കൃതികള്‍ ദേവനിലെ സാമൂഹ്യവിമര്ശനകനെയും സാംസ്കാരിക നിരൂപകനെയും പ്രത്യക്ഷമാക്കുന്നു. പ്രഭാഷണവേദിയില്‍ ധിഷണയുടെ ആ സ്വരം ധീരനും ധിക്കാരിയുമേറ്റെടുക്കുന്നു. തെളിഞ്ഞ ആശയം ലളിതമായ ഭാഷയില്‍ താളാനുസൃതമായ പദാവലിയില്‍ വികാര സംക്രമത്തോടെ ക്രമമായ സംവിധാന ശൈലിയില്‍ ആവിഷ്ക്കാരം നേടുന്നു. ശാന്തമായി ഒഴുകിവരുന്ന കൈത്തോട് പെട്ടെന്ന് വെള്ളച്ചാട്ടമാവുമ്പോലെ ആശയം പൊട്ടിത്തെറിച്ചെത്തുകയാണ്. ശ്രീനാരായണ ഗുരുവിന് ഗീത പ്രമാണമോ? ‘ഗാന്ധിജിയാണ് രാഷ്ട്രീയത്തില്‍ മതം ചേര്‍ത്തത്’ ‘കേരള വികസനത്തിന് തുരങ്കം വെച്ചത് സാക്ഷാല്‍ ഇംഎംഎസ്സാണ്.’ എടുക്കുമ്പോള്‍ ഒന്ന് തുടക്കുമ്പോള്‍ പത്ത്, പതിക്കുമ്പോള്‍ പതിനായിരം-രാമബാണംപോലെ ആ ഭാഷണാവലി അധര്‍മിയുടെ നെഞ്ചില്‍ തറയ്ക്കുന്നു.
ദേവന്റെ കലാലാവണ്യ ദര്‍ശനം മൗലികവും താത്വിക ചിന്തയിലധിഷ്ഠിതവുമാണ്. എന്തിനേയും മറ്റൊന്നാക്കി മാറ്റുന്ന കലാ വസ്തു-വസ്തുവിന്റെ ആത്മവത്ത-നമ്മുടെ ആത്മവത്തയുമായി സംവദിക്കുന്നു. ആ സന്ദര്‍ഭത്തില്‍ നമ്മെ രാസപരിണാമവിധേയമാക്കും. ഇത്തരം രാസപ്രകിയ നടത്താന്‍ കെല്‍പ്പുള്ള ഉത്തമസൃഷ്ടിയാണ് ഉത്തമകലാസൃഷ്ടി എന്ന് ദേവന് നിര്‍വചിക്കുന്നു. ദേവന്റെ കലാപ്രതിരോധത്തിന്റെ ലാവണ്യകലയാണ്. അത് ധര്മനിര്വഹണത്തിനപ്പുറമായി ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ ലക്ഷ്യമിടുന്നു. ‘സാമൂഹ്യപ്രതിബദ്ധത’യുടെ ജീര്ണവാഹിനിയായമുഖമല്ല മനുഷ്യസ്നേഹത്തിന്റെ ആര്‍ദ്രതയും ആനന്ദവുമാണ് ദേവലോകത്തിന്റെ അസംസ്കൃതവസ്തു. വ്യക്തിയേയും സമൂഹത്തേയും രാഷ്ട്രത്തേയും പുനഃസൃഷ്ടിക്കുകയെന്ന ദൗത്യമാണ് അതിനുള്ളില്‍ ഉജ്ജീവനം നേടുന്നത്.
സ്വന്തം സൃഷ്ടിയുടെ വര്ണജാലകങ്ങളിലൂടെ പ്രകൃതിയേയും മനുഷ്യനേയും സര്‍വചരാചരങ്ങളെയും തന്നിലേക്കാവഹിക്കുമ്പോഴും ഒരു തഥാഗതസ്പര്ശത്താല് അവയെ ശാന്തരസപരിവേഷമണിയിക്കാന് ദേവന് കഴിയുന്നു. വികാരമല്ല വിശ്രാന്തിയാണ് കലാകാരന്റെ പരമലക്ഷ്യം. അധികാര ശ്രേണിയുമായി എന്നും കലഹത്തിലാണ് ദേവന്. വാഴുന്നവര്‍ക്ക് വഴങ്ങാത്ത മനസ്സും സ്വന്തം നിലപാടുകളോടുള്ള ഒടുങ്ങാത്ത കൂറുമായി ചങ്കൂറ്റത്തോടെയാണ് ഈ മനീഷി എന്നും ചരിച്ചിരുന്നത് !
കലയിലെ കപടസദാചാരത്തിന്റെ വസ്ത്രാക്ഷേപം നടത്താനും ലാവണ്യാത്മകമായ അപഭ്രംശങ്ങളെ കടപുഴക്കി വീഴ്ത്താനും തന്റെ സര്‍ഗ്ഗകലയെ ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പിത്തലാട്ടങ്ങള്‍ക്ക് നേരെ ചീറിയടുക്കാനും സാമൂഹ്യരാഷ്ട്രീയ ജീര്‍ണതയ്ക്കെതിരെ ആശയസമരം നടത്താനും ദേവന് സദാ ഉണര്‍ന്നിരിപ്പായിരുന്നു. അധിനിവേശ ധിക്കാരങ്ങളെ ആട്ടിയകറ്റാനും സാംസ്കാരിക നായകവേഷങ്ങളുടെ മുഖപടം പിച്ചിക്കീറാനും കാലത്തിന്റെ ക്രൗര്യത്തെ ധര്മബോധത്തല് വെട്ടിനുറുക്കാനും ഈ മനീഷി ആവേശം കാണിച്ചിരുന്നു. ആര്‍ദ്രമായ സാമൂഹ്യദര്‍ശനവും അചഞ്ചലമായ സത്യബോധവുമാണ് ദേവനെ മനുഷ്യനാക്കിയിരുന്നത്.
മനുഷ്യസത്ത ഏകമാണെന്നും അവന്റെ കര്‍മകാണ്ഡം വിശ്വദര്‍ശനപരമായ ഉള്‍ക്കാഴ്ചയില്‍ സാന്ദ്രമാകണമെന്നും ദേവന് കരുതുന്നു. ഭാരതീയമായ കലാദര്‍ശനത്തിന്റെ മഹിതസങ്കല്‍പ്പം തന്നെയാണ് ദേവനെ ഒരേ സമയം പ്രക്ഷോഭകാരിയും സരളചിത്തനുമാക്കിയിരുന്നത്.
സര്‍ഗ്ഗാതമകതയെ വൈവിധ്യസമൃദ്ധമായ മനുഷ്യയിടങ്ങളില്‍ വ്യാപരിപ്പിക്കാനും സ്വന്തം ദര്ശനസമീക്ഷയെ സമൂഹത്തിന്റെ പ്രയാണ ചരിത്രത്തില്‍ ഉള്ചേര്ക്കാനുമായതാണ് ദേവന്റെ വിജയം. ആ മനുഷ്യസങ്കല്‍പ്പവും മൂല്യസാമഗ്രികളും കലയ്ക്കും കലാപത്തിനുമിടയില്‍ സാക്ഷാത്കരിച്ചത് ജീവിതത്തെ ചൊല്ലിയുള്ള പ്രസാദാത്മക വീക്ഷണമാണ്. കലയില്നിന്നന്യമല്ലാതെ ജീവിതത്തിന്റെ സമഗ്രതയെ ആവിഷ്കരിക്കാനും അടയാളപ്പെടുത്താനും ദേവന് കഴിയുന്നു. ആത്മീയമായ അറിവിന്റെ നിരാസവും പൈതൃകജ്ഞാനത്തോടുള്ള വിരക്തിയും ദേവന്റെ കര്‍മകാണ്ഡത്തെ അപൂര്‍ണമാക്കി. എങ്കിലും മലയാളിയുടെ സാംസ്കാരിക നൈരന്തര്യത്തിന്റെ ഇണക്കുകണ്ണിയാവാന് ഈ കലാകാരന്റെ നാനാമുഖമായ കര്‍മപഥത്തിന് സാധ്യമായി.
മണ്ണിന്റെ മണവും കേരളത്തനിമയും തനതുകലാദര്ശനവും ചേര്‍ന്ന് പുതിയൊരു മനുഷ്യനെ പ്രതിഷ്ഠിക്കുകയായിരുന്നു ദേവയത്നം. മലയാളികളുടെ വര്‍ണബോധത്തെയും ദൃശ്യസംസ്കൃതിയേയും ആത്മനിഷ്ഠമായ പന്ഥാവിലൂടെ ഭാഗികമായെങ്കിലും പരിവര്‍ത്തനം ചെയ്യാന്‍ ദേവന് കഴിഞ്ഞു. ആണ് പോരിമയുടെ കരുത്തും കാന്തിയുമായി ആ എഴുത്തുകല എന്നും ധര്‍മത്തിന്റെ വെളിച്ചമാവുന്നു. നാല്‍പ്പതുകളില്‍ കലാരംഗത്തെത്തിയ ദേവന്റെ സര്ഗ്ഗകലയും ചിന്താവൃത്തിയും നാടിന്റെ സംവേദനാത്മകമായ പരിണാമത്തില്‍ ചാലകശക്തിയായി അടയാളപ്പെടുന്നു. നമ്മുടെ തനതു സംസ്കാരത്തിനേകിയ അത്തരം ഭാവമുദ്രകളാണ് കലയ്ക്കും കാലത്തിനുമിടയില്‍ ദേവനെ ഉന്നതശീര്ഷനാക്കുന്നത്. ദേവവിയോഗം കാലത്തിന്റെ കലാവിയോഗം തന്നെ.
ഡോ. കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: