മലപ്പുറം: കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുര്‍ ഖാദര്‍ മൗലവി (82)അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. എടവണ്ണ-പത്തപ്പിരിയം ജുമാ മസ്ജിദില്‍ ഖബറടക്കി.
കേരള നദ്വത്തുല് മുജാഹിദീന്റെ (കെഎന്‍എം) അമരക്കാരനായ എ.പി. അബ്ദുള്‍ ഖാദര്‍ മൗലവി മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1996 മുതല്‍ കെഎന്‍എം ജനറല്‍ സെക്രട്ടറിയായി.1994-96 കാലത്ത് ആക്ടിംഗ് സെക്രട്ടറിയായിരുന്നു. 1972 മുതല്‍ 1994 വരെ സംസ്ഥാന സെക്രട്ടറിയും. കോഴിക്കോട്, എടവണ്ണ എന്നിവിടങ്ങളിലെ ഗവ. ഹൈസ്കൂളുകളില്‍ അധ്യാപകജോലിക്കു ശേഷം അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും എടവണ്ണ ജാമിഅ നദ്വിയ്യയിലും അധ്യാപകനായി. 1988-ല്‍ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചു. പുളിക്കല്‍ ജാമിഅ സലഫിയ്യ വൈസ് ചാന്‍സിലര്‍, എടവണ്ണ ജാമിഅ നദ്വിയ്യ മാനേജിംഗ് ട്രസ്റ്റി, കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന്, കെ ജെ യു ഫത്വ ബോര്‍ഡ് ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.
ഭാര്യ: ഹലീമ, മക്കള്‍: ആരിഫ് സൈന്‍ (സുല്ലമുസ്സലാം അറബിക് കോളേജ്, അരീക്കോട്), ജൗഹര്‍ സാദത്ത് (പ്രിന്‍സിപ്പല്‍, ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, എടവണ്ണ), ബുഷ്റ, ലൈല, ഷുഹ്ദ. മരുമക്കള്‍: ഉമ്മര്‍ (മദീന), എം എം അക്ബര്‍ (ഡയറക്ടര്‍, നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് ചങ്ങരംകുളം (ബിസിനസ്സ്), ഷാഹിന, നുബ്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: