മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇക്കൊല്ലം വിഷുക്കണിയൊരുക്കാന്‍ ഗുരുവായൂരുപ്പന്റെ ചിത്രം വരക്കുകയാണ് ചെയ്തത്. ഒന്നാന്തരമൊരു ചുവര്‍ചിത്രം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചത് ഒരു വനിതയ്ക്കാണ്. ക്ഷേത്രച്ചുവരുകളില്‍ കണ്ണന്റെ ചിത്രങ്ങള്‍ വരക്കാന്‍ കഴിഞ്ഞത് ഒരു നിയോഗമായി കരുതുകയാണ് തിരുവനന്തപുരം ചേക്കലമുക്ക് സ്വദേശിയായ ശ്യാമളകുമാരി. കേരളത്തിലെ ആദ്യത്തെ വനിതാ ചുവര്ചിത്രകാരികൂടിയാണ് ഇവര്‍. ഷഷ്ഠിപൂര്‍ത്തി നിറവില്‍ തന്നെ ക്ഷേത്രചിത്രച്ചുവരില് ഈ വര്‍ണലയം തീര്‍ക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ശ്യാമളകുമാരിയും കുടുംബവും. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടഗോപുരച്ചുവരില് ആവിഷ്ക്കരിച്ച ഗുരുവായൂരപ്പന്റെ ചുവര് സാക്ഷാത്ക്കാരത്തെക്കുറിച്ച് നിരവധി ഓര്‍മകള്‍ പങ്കുവെക്കാനുണ്ട് ഈ അമ്മക്ക്.
ചിരപുരാതനമായ ചതുരശ്രീകോവിലിന്റെ പുറം ഭിത്തിയിലെ 200 വര്‍ഷത്തോളം പഴക്കമുള്ള ചുവര്‍ചിത്രങ്ങള്‍ പുതുക്കി വരയ്ക്കുന്നതിന്റെ ഭാഗമായാണ് ചുവര്ചിത്രാവിഷ്ക്കാരം ആരംഭിച്ചത്. അജ്ഞാതരായ ഓവിയന്മാര്‍ തഞ്ചാവൂര്‍ ശൈലിയില്‍ വരച്ച വര്ണ്ണചിത്രങ്ങളുടെ പഴമയും തനിമയും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ചിത്രങ്ങള്‍ ശ്യാമളകുമാരിയും കുടുംബവും ആവിഷ്ക്കരിച്ചത്. ചുവര്ചിത്രകലാചാര്യനായിരുന്ന അന്തരിച്ച മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ ആദ്യകാല ശിഷ്യരില്‍ പ്രമുഖനും ശ്യാമളകുമാരിയുടെ ഭര്‍ത്താവുമായ ജി. അഴിക്കോടിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഭര്‍ത്താവും മകന് ബിജുവും അടങ്ങുന്ന ഒരു കുടുംബ കൂട്ടായ്മയാണ് ഈ ചുവര് ചിത്രങ്ങള്‍.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള നവരാത്രി മണ്ഡപം, തഞ്ചാവൂര്‍ ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രത്തിലെ മഹാഭാരതമണ്ഡപം, തിരുമല കുശക്കോട് മഹാദേവക്ഷേത്രം തുടങ്ങിയ ബൃഹദ് ചുവര്‍ചിത്രങ്ങള്‍ ശ്യാമളകുമാരിയുടെ കുടുംബ കൂട്ടായ്മയുടെ സംഭാവനകളാണ്.
“ആചാരാനുഷ്ടാനങ്ങളില്‍ വിഭിന്നമായ മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല. അക്കാരണത്താല്‍ ക്ഷേത്രശ്രീകോവിലിന്റെ പുറം ഭിത്തിയില്‍ പുതുക്കി വരച്ച ചുവര്‍ചിത്രങ്ങളുടെ നൈസര്ഗികഭംഗി ആസ്വദിക്കാനും ഈ സംരംഭത്തില്‍ പങ്കാളിയാകാനും എനിക്ക് കഴിഞ്ഞില്ല. ഒരു നിയോഗംപോലെ ക്ഷേത്ര ഉപദേശകസമിതി ചിത്രരചനയ്ക്കായി ഒരിടം ക്ഷേത്രകവാട ഗോപുരച്ചുവരില്‍ അനുവദിച്ചു തന്നു. ഇത് കേരളീയ പരമ്പരാഗത ചുവര്ചിത്രരചനയുടെ ശൈലിയും സാങ്കേതികരീതിയും സ്ത്രീകള്‍ക്ക് കാണാനും ആസ്വദിക്കാനും അവസരമൊരുക്കി,” ശ്യാമളകുമാരി പറഞ്ഞു.
പ്രകൃതിദത്ത വര്‍ണ്ണങ്ങള്‍ വേപ്പിന് പശയില്‍ ചാലിച്ച് ഇയ്യാംപുല്‍ തൂലികകൊണ്ട് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന കേരളീയ പരമ്പരാഗത സാങ്കേതിക രീതിയിലാണ് രചന നടക്കുന്നതെന്ന് ശ്യാമളകുമാരി പറഞ്ഞു. കാവിച്ചുവപ്പ്, മഞ്ഞക്കാവി, ഹരിതനീലം, ജലപ്പച്ച, കരിമഷി എന്നീ പഞ്ചവര്‍ണങ്ങളാണ് വര്‍ണ്ണക്കൂട്ട്. ഇതിലേക്ക് ആവശ്യമായ വര്‍ണകൂട്ട് ശ്യാമളകുമാരി സ്വന്തമായാണ് സംസ്ക്കരിച്ചെടുത്തത്.
ഗുരുവായൂര്‍ കോട്ടപ്പടി ഭാഗത്തുനിന്നും ശേഖരിച്ച ഒരിനം സവിശേഷമായ കല്ലില്‍ നിന്നും സംസ്ക്കരിച്ചെടുത്തതാണ് കാവിച്ചുവപ്പു നിറം. കൊല്ലൂര്‍ മൂകാംബിക സൗപര്‍ണിക നദിയോരത്തുനിന്നും ശേഖരിച്ച ഒരിനം കല്ലില്‍ നിന്നും മഞ്ഞക്കാവി നിറം സംസ്ക്കരിച്ചെടുത്തു. നീല അമരിച്ചെടിയില്‍ നിന്നും നീലനിറവും അതില്‍ ഇരവിക്കറച്ചേര്ത്ത് പച്ചയും, നെയ്ത്തിരി കത്തിച്ച് കറുപ്പുനിറവും ഉണ്ടാക്കിയെടുത്തു.
10:1 എന്ന അനുപാതത്തില്‍ വര്‍ണ്ണപ്പൊടിയും വേപ്പ്പശയും ചിരട്ടക്കിണ്ണത്തിലെടുത്ത് ശുദ്ധജലവും ചേര്‍ത്ത് പെരുവിരല്‍കൊണ്ട് മര്‍ദ്ദിച്ചുണ്ടാക്കുന്നതാണ് വര്ക്കൂട്ട്. ഇതിലേക്ക് ആവശ്യമായ വേപ്പിന് പശ തഞ്ചാവൂര്‍ ദക്ഷിണമേഖലാ സാംസ്ക്കാരിക കേന്ദ്രത്തിന്റെ പരിസരത്തുനിന്നുമാണ് ഇവര്‍ ശേഖരിച്ചത്.
ചുവര് പ്രതലത്തില്‍ നിലവിലുണ്ടായിരുന്ന സിന്തറ്റിക്ക് പെയിന്റ് ലയര്‍ ചുരണ്ടി മാറ്റി വെള്ള പൂശിയാണ് ചുവര്‍പ്രതലം തയ്യാറാക്കുന്നത്. ചുണ്ണാമ്പ് കരിക്കിന് വെള്ളത്തില്‍ പശുവിന് പാലിന്റെ നേര്‍മ്മയില്‍ കലക്കിയെടുത്ത് തലങ്ങും വിലങ്ങും വെള്ളപൂശും. ഈ പ്രക്രിയയ്ക്ക് ഭൂമിബന്ധനം എന്നാണ് ചുവര്ചിത്രഭാഷ.
നേര്‍പ്പിച്ച കാവിച്ചുവപ്പു നിറത്തില്‍ രേഖാരൂപം വരച്ചേശേഷം മഞ്ഞ, ചുവപ്പ്, പച്ച, നീല എന്ന ക്രമത്തിലാണ് വര്ണപ്രയാഗം. ബിന്ദുവര്ത്തക സമ്പ്രദായത്തിലാണ് ഷേഡിംഗ്. വെളുപ്പ് നിറത്തിന് ചുവര്‍പ്രതലം മുന്‍വിധിയോടെ ഒഴിവാക്കിയിടുന്നു. അവസാനം കുറുപ്പ് രേഖ ആസകലം വരച്ചു പൂര്‍ത്തിയാക്കുന്നു. ഇത്തരം നൂറുനൂറായിരം രേഖകളുടെ സമാഹരണത്തിലൂടെ ഉരുത്തിരിയുന്ന രേഖീയ താളമാണ് ചുവര്‍ചിത്രങ്ങളുടെ ഓജസും തേജസുമെന്ന് ശ്യാമളകുമാരി പറയുന്നു.
ചിത്രകലയില്‍ ഡിപ്ലോമ നേടിയിട്ടുള്ള ഇവര്‍ ഭര്‍ത്താവായ ജി. അഴിക്കോടിന്റെ ശിക്ഷണത്തിലാണ് ചുവര്‍ചിത്രരചനയില്‍ പരിശീലനം നേടിയത്. ഒരു കുടുംബകൂട്ടായ്മയില് നിന്നും വ്യത്യസ്തമായി ശ്യാമളകുമാരിയുടെ രണ്ടാമത് തനത് സംരംഭമാണ് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുവര്‍ചിത്രരചന. രണ്ട് വര്‍ഷം മുമ്പ് ഇതിനടുത്ത് സാളഗ്രാം ആശ്രമത്തിലെ ഭഗവത്ഗീതാ സ്കൂളിന്റെ ചുവരില്‍ ഗീതോപദേശം ചുവര്‍ചിത്രം വരച്ചാണ് ഈ മേഖലയിലേക്കുള്ള ഈ കലാകാരിയുടെ ആദ്യ കടന്നുവരവ്. ഈ ചിത്രം നേരില്‍ കണ്ട മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാമിന്റെ അഭിനന്ദനങ്ങള്‍ തന്റെ കലാജീവിതത്തിലെ അനര്‍ഘമായ നിമിഷങ്ങളിലൊന്നായി ഹൃദയത്തില്‍ സൂക്ഷിക്കുകയാണ് ശ്യാമളകുമാരി…
എസ്. കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: