ഒരിക്കല്‍ യുവഎഴുത്തുകാരുടെ ക്യാമ്പില്‍ മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യകാരന് ചോദിച്ചു, നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന് ആരെന്ന്.
വിവിധ ജില്ലകളില്‍നിന്നുള്ള എഴുത്തുകാരില്‍ ഭൂരിപക്ഷവും കുഞ്ഞുണ്ണിയെന്നു മറുപടി പറഞ്ഞപ്പോള്‍ ചോദിച്ചയാളിനു മുഖം വാടി. പിന്നീട് ക്ലാസെടുക്കുമ്പോള്‍ അദ്ദേഹം കുഞ്ഞുണ്ണിയെ അതിനെക്കാള്‍ ചെറിയൊരു പേരില്‍ ഒതുക്കാനാവുന്നത്ര ശ്രമിച്ചു. കുഞ്ഞുണ്ണിയെ സാഹിത്യകാരനായിത്തന്നെ കാണുന്നത് പൊട്ടക്കുളത്തില്‍ തളച്ചിടപ്പെടാനേ സഹായിക്കൂ, അതിനപ്പുറം വിശാലമായ സാഹിത്യ ലോകം നമുക്കുണ്ടെന്നും മറ്റും അദ്ദേഹം വിശദീകരിച്ചു.
കുഞ്ഞുണ്ണിയെന്ന കവി, എഴുത്തുകാരന്, എഴുതിയത് കുറുക്കിയാണ്. എഴുതിയതെല്ലാം കവിതയായിരുന്നുവെന്നൊന്നും വാദിക്കാനില്ല. പക്ഷേ കുറും കവിതയെഴുതിയതിനാല്‍ കുഞ്ഞുണ്ണിയെ കൊച്ചു കവിയാക്കിയത് ആരാണ്. അതിനു പിന്നില്‍ ആസൂത്രിതമായ ശ്രമമുണ്ടായിട്ടുണ്ടോ? ഒരു പഠനം തന്നെ വേണ്ടതാണ്. അദ്ദേഹം എഴുതിയതില്‍ വിമര്‍ശനവും ആസ്വാദനവും, ഹാസ സാഹിത്യവും നിരൂപണവും വേദാന്തവ്യാഖ്യാനവും മറ്റും മറ്റുമുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം ഏതാണ്ട് സമാനമായ ഘടനയുണ്ടായിരുന്നു. രൂപമുണ്ടായിരുന്നു. കുഞ്ഞുണ്ണിയല്ലാതെ മറ്റാരെങ്കിലുമായിരുന്നു ഘടനയിലും രൂപത്തിലും ഈ കടുത്ത നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നതെങ്കില്‍ നിരൂപകരിലും വിമര്‍ശകരിലും പെട്ട ‘ഊതിവീര്പ്പിക്കലുകാര്’ഈ എഴുത്തുകാരനെ വിശ്വ സാഹിത്യകാരനെന്നു വാഴ്ത്തിയേനെയെന്നും തോന്നിപ്പോകാറുണ്ട്. (വള്ളത്തോളിനെ ശബ്ദ സുന്ദരനും ശൃംഗാര കവിയും ആക്കിയൊതുക്കിയതും കുഞ്ഞിരാമാന്‍ നായരെ പ്രകൃതിയുടെ കവിയാക്കി പുകഴ്ത്തി ചെറുതാക്കിയതും ഉള്‍പ്പെടെ സാഹിത്യത്തിലെ ചിലരുടെ പ്രവൃത്തികള്‍ പുനരന്വേഷിക്കാന്‍ ആരെങ്കിലും ഒരുങ്ങിയിറങ്ങേണ്ടതുണ്ട്.)
കുഞ്ഞുണ്ണിക്കു പക്ഷേ ഞാന്‍ വല്യുണ്ണിയാണെന്ന് ആരുടെ മുന്നിലും സ്ഥാപിക്കേണ്ടിയിരുന്നില്ല. തനിക്കു ‘പൊക്കം കുറവാണെന്നതിനാല്‍ തന്നെ പൊക്കേണ്ടെ’ന്ന് അദ്ദേഹം എഴുതിയപ്പോള്‍ ചാരുകസേലയില്‍ ചാഞ്ഞിരുന്നു ചിരിച്ചതേയുള്ളു പലരും. ‘ബ്രഹ്മം സത്യം ജഗന്മിഥ്യ, ബ്രായും ബ്രസ്റ്റും കണക്കിനേ’ എന്നു കുഞ്ഞുണ്ണിയെഴുതി. വേദാന്തതത്വത്തിന്റെ ഇത്ര ലളിതമായ, സുവ്യക്തമായ വിവര്‍ത്തനം ആരുചെയ്തിട്ടുണ്ട്? പക്ഷേ, ഇതൊന്നും മനസിലാകാഞ്ഞോ, ആയിട്ടും മനപ്പൂര്‍വമോ ചിലര്‍ ചേര്‍ന്നു കുഞ്ഞുണ്ണിയെ ‘കുഞ്ഞുങ്ങളുടെ കവി’ മാത്രമാക്കിയൊതുക്കാന് നോക്കി. പക്ഷേ അവിടെയും മറ്റാര്‍ക്കും നേടാനാവാത്ത സ്ഥാനം കുഞ്ഞുണ്ണിമാഷ് നേടിയെടുത്തു.
കുഞ്ഞുണ്ണി മാഷിന്റെ 87-ാമത് ജന്മവാര്ഷിക ദിനമാണ് മെയ് 10-ന്. കുഞ്ഞുണ്ണിമാഷിന്റെ സര്‍ഗ്ഗ പ്രപഞ്ചത്തെ ഗഹനമായി വിലയിരുത്തിക്കൊണ്ട് ഡോ. കൂമുള്ളി ശിവരാമന് എഴുതിയ കുഞ്ഞുണ്ണിയിലൂടെ എന്ന പുസ്തകം മെയ് ഒന്നിന് തൃശൂരില്‍ പ്രകാശനം ചെയ്യുന്നു. കുഞ്ഞുണ്ണിയെ വേറിട്ടും സമഗ്രമായും ഗാഢമായും അറിഞ്ഞ്, അതു വായനക്കാരെ അറിയിക്കാന്‍ നടത്തിയ പരിശ്രമമാണ് ഈ പുസ്തകം, പുസ്തകത്തിലെ ഒരു അദ്ധ്യായത്തില്നിന്ന്…
ഞാനുണ്ണി
നിന്റെ ജ്ഞാനപ്പാനയാണ് കുഞ്ഞുണ്ണിക്കവിത. ‘ഞാനന്വേഷണം’ ആത്മാന്വേഷണം തന്നെ. അന്വേഷിക്കുന്തോറും നേതി നേതിയെന്നോതി ‘ഞാന്‍’ അകലുന്നു; ‘അഹം ബ്രഹ്മാസ്മി’യിലെത്തുന്നുമില്ല. ഇഹപര ജീവിതത്തിന്റെ ഓരങ്ങളിലൂടെ ‘ഞാന്‍’ സഞ്ചരിക്കുന്നു. ലൗകികജീവിതത്തിന്റെ ജീര്‍ണതയും നാട്യങ്ങളും ‘ഞാനെഴുത്തി’ലൂടെ ചുട്ടുപൊട്ടിക്കാന് കവി പ്രതിഭ ഉണരുന്നു. കവിതയുടെ ആനപ്പുറത്ത് ‘ഞാന്‍’ കെട്ടിയെഴുന്നള്ളിക്കപ്പെടുമ്പോള്‍ ആനയും അമ്പാരിയും പാപ്പാനും കവിതയും എല്ലാം ‘ഞാന്‍’തന്നെ.
ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയുന്നു- ‘വായകൊണ്ട് പറഞ്ഞ് എച്ചിലാക്കാന്‍ കഴിയാത്ത ഒരു വാക്കുണ്ട്.’ -‘ബ്രഹ്മം’. കവിതകൊണ്ട് എച്ചിലാക്കാന്‍ കഴിയാത്ത പദമാണ് ‘ഞാന്‍’. എന്നിലെ ‘ഞാനിനെ’ പ്രത്യക്ഷമാക്കാന്‍ കാവ്യമാര്ഗ്ഗത്തിന്റെ തപസ്യയാണ് ‘ഞാന്‍ കവിത’കള്‍. ‘ഈശാവാസ്യത്തോടൊപ്പം ആക്ഷേപഹാസ്യവും സാമൂഹ്യവിമര്‍ശവും, നര്‍മവും ആത്മോപഹാസവും ജീവിത വെളിപാടുകളും വരയ്ക്കുകയായിരുന്നു ‘ഞാനെഴുത്തിന്റെ’ തലേലെഴുത്ത്. സാധാരണജീവിതത്തിന്റെ ഉപരിപ്ലവതയിലും ആധ്യാത്മികതയുടെ ആഴത്തിലും ചരിച്ചപ്പോഴാണ് യഥാര്‍ത്ഥ ജീവിതത്തിന്റെ മുഖചിത്രമെഴുതാന്‍ കുഞ്ഞുണ്ണിയുടെ ‘ഞാന്‍’നിയോഗിക്കപ്പെടുന്നത്.
കുഞ്ഞുണ്ണി ഉള്ളില്‍ അരണികടയുന്നു. ‘ഞാന്‍ ആര്?’ അനാദികാലം മുതല്‍ ചരാചരങ്ങള്‍ പരസ്പ്പരം ചോദിച്ച് സ്വയം ഉത്തരമായി മാറിയ ആദ്യത്തേയും അവസാനത്തേയും ചോദ്യം. വേദോപനിഷത്തുക്കളുടെ ആത്യന്തികമായ ദാര്‍ശനിക പ്രശ്നം തന്നെയിത്. ‘ഞാന്‍! ഞാന്‍! എന്ന് എവിടെനിന്ന് പുറപ്പെടുന്നുവോ അതിനെ ശ്രദ്ധിച്ചാല്‍ മനസ്സ് അവിടെ ലീനമാകും. അതാണ് തപസ്സ് എന്ന് യോഗികള്‍ വ്യാഖ്യാനിക്കുന്നു. ഈ തപസ്സിലാണ് ‘ഞാന്‍’ ആര്‍ക്കും അന്വേഷണ വിഷയമാകുന്നത്. കുഞ്ഞുണ്ണിയുടെ കാവ്യാന്വേഷണവും ഞാന്‍ തന്നെ കേന്ദ്രമാക്കുന്നു. തപസ്സമാധിതമായ ആത്മാവിന്റെ ഏകാഗ്രമായ അന്വേഷണമാര്ഗ്ഗമായിരുന്നില്ല അത്. മനുഷ്യനും കവിയും ചേര്‍ന്ന സ്വത്വത്തിന്റെ ആത്മവിശകലന ശ്രേണിയാണിത്. പരിധികളും പരിമിതികളുമുണ്ടായിരുന്ന ആത്മാന്വേഷണ യാത്രയാണത്. ‘ഞാനില്‍, ഉദിച്ച് ‘ഞാനില്‍’ വൃദ്ധി നേടി ‘ഞാനില്‍’ ആനന്ദം കണ്ടെത്തുന്ന ജ്ഞാനയോഗം തന്നെയത്. കവിയിലെ ലൗകികനായ മനുഷ്യന് ചുറ്റുമുളള ജീവിത ജീര്‍ണതകളിലും ഉപരിപ്ലവതയിലും കണ്ണോടിച്ചതു കാരണമാവണം മിസ്റ്റിക്കിന്റെ ഭാവപൂര്‍ണിമയില്‍ ‘ഞാന്‍ കവിത’ സമ്പൂര്‍ണ സാക്ഷാത്കാരം നേടാതെ പോയത്. ‘ഞാന്‍’ തന്നെ ജ്ഞാനവും ജ്ഞാനഗീതയുമായി ഉരുവം കൊള്ളുകയാണ് കുഞ്ഞുണ്ണിയില്‍. ‘ഞാനാ’രാണെന്നനുഭവിച്ചറിയുന്ന വിഭൂതിവിദ്യയിലേക്ക് കവി എത്തിയില്ലെങ്കിലും അബോധാത്മകമായ പൂര്ണജ്ഞാനത്തിലേക്ക് കുതിക്കാനുള്ള ഉള്‍പ്രേരണ കവിയിലുണ്ടായിരുന്നു. ഋഷിയായ കവിക്ക് മാത്രം കാമ്യമായ ബ്രഹ്മതത്വാന്വേഷണം ഋഷിയല്ലാത്ത കവിയെ ആവേശിച്ചതിന്റെ ഫലം തന്നെ ‘ഞാന്‍ കവിതകള്‍’. കവിതയിലെ ‘ഞാന്‍ പെരുമ’യിലലിഞ്ഞ് ‘ഞാനുണ്ണി’യെന്ന് കുഞ്ഞുണ്ണിക്ക് ഓമനപ്പേരിട്ട നിരൂപകരുണ്ട്.
‘ഞാനൊഴിച്ചാരുമില്ല’
മഹാവാക്യങ്ങളിലൂടെ സംവദിക്കപ്പെടുന്ന പരമാത്മാവെന്ന ഏക സത്യം തന്നെയാണ് ‘ഞാന്‍’. ശരീരേന്ദ്രിയ വൃത്തികളിലൊന്നിലും ഞാനെന്ന പ്രതിഭാസം ഇടപെടുന്നില്ല. ക്രിയയോ കര്‍ത്തൃത്വമോ ഭോക്തൃത്വമോ ഇല്ലാതെ സാക്ഷിമാത്രമായി നിലകൊള്ളുകയാണ് ‘ഞാന്‍’. ഈ ആത്മചൈതന്യത്തെയാണ് ജ്ഞാനികള്‍ സാക്ഷിചൈതന്യമെന്ന് പറയുന്നത്. കൂടസ്ഥചൈതന്യത്തിലാണ് മനസ്സും ബുദ്ധിയും അഹങ്കാരവും ചിത്തവും ചൈതന്യവത്തായി തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ ഇവ ജഡമാണ്. കണ്ണാടിയിലെ പ്രതിബിംബം പോലെ അന്തഃകരണത്തിലെ പ്രതിബിംബമാണ് ശരീരത്തേയും ഇന്ദ്രിയാദികളെയും പ്രകാശിപ്പിച്ച് താനെന്ന നിലയില്‍ വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ‘ഞാന്‍ ജനിച്ചു, ഞാന്‍ വളര്‍ന്നു, ഞാന്‍ മരിക്കും’ എന്നെല്ലാം പറയുന്നത് ‘ഞാനി’ന്റെ വിചിത്രമായ അസ്തിത്വത്തിന്റെ പ്രകാശനമായാണ്. വേദാന്തമായ ഈ അര്‍ത്ഥധ്വനിയാണ് ‘ഞാന്‍ കവിത’ അനുയാനം ചെയ്യുന്നത്.
കണ്ണാടിയില്‍ കാണുന്ന ‘ഞാന്‍’ കുഞ്ഞിന് ‘ഞാനാ’ണെന്നറിയുന്നില്ല. ലോകത്തിനു മുമ്പില്‍ ‘ഞാനിന്റെ’ പ്രതിബിംബം തെളിയുമ്പോള്‍ അതു ‘ഞാനല്ലെന്ന’ ദുര്‍ഗ്രഹത ഈ കവിക്കുമുണ്ട്. ‘ഞാനില്‍’ നിന്ന് യഥാര്‍ത്ഥ ‘ഞാനിനെ’ തിരിച്ചറിയുകയാണ് കവിയുടെ ലക്ഷ്യം. ആത്മകഥയില്‍നിന്ന് ആത്മാവിനെ മോചിപ്പിച്ചെടുക്കാനുള്ള ആത്മീയ സംരംഭമായും കവി ‘ഞാനിനെ’ കാണുന്നു. ‘ഞാന്‍ ഒന്നേയുള്ളൂ’ എന്ന സത്യം ‘ഞാന്‍’ പരമാത്മ ചൈതന്യമാകുന്നു എന്ന സത്യവാചിയായും പ്രത്യക്ഷപ്പെടുന്നു. കവിയുടെ പദാവലിയില്‍ വിവിധ അടരുകളില്‍ നാനാര്ത്ഥങ്ങള്ക്കായി കാത്തുകിടക്കുകയാണ് ‘ഞാന്‍’ എന്ന പദം. ‘ഞാനി’ലേക്ക വളരുക, ‘ഞാനിലേക്ക്’ ചുരുങ്ങുക, ‘ഞാനി’നെ ഇല്ലാതാക്കുക. ‘ഞാനി’ല്‍ ലയിക്കുക- ‘ഞാന്‍ കവിത’യുടെ പ്രായോഗിക പദ്ധതിയാണിത്.
ലോകത്തിന്റെ മുമ്പില്‍ സ്വയം പ്രദര്‍ശന വസ്തുവാകാന്‍ അബോധാത്മകമായി കുഞ്ഞുണ്ണി കൊതിക്കുന്നു. ആത്മസ്വത്വത്തെ അല്‍പ്പം വികടസ്വഭാവമുള്ളതാക്കി കാണിക്കാനും സ്വന്തം കവിത വികടസരസ്വതിയാണെന്ന് കേള്‍ക്കാനും കവിക്ക് കമ്പമേറും. ‘ഞാനിന്റെ’ പിറകെ സദാ സഞ്ചരിക്കാന്‍ സ്വന്തം കിറുക്കും കവിക്ക് കൂട്ടായുണ്ട്. എം.എന്‍. കാരശ്ശേരി പറയുന്നു. “ഇത്ര കുറച്ച് വാക്കുപയോഗിച്ചിട്ടും ‘ഞാന്‍’ എന്ന പദം ഇത്രയധികം ആവര്‍ത്തിച്ച കവിയുണ്ടോ? സംശയമാണ്. പൊങ്ങച്ചം, അഹങ്കാരം, അസൂയ. സ്വാര്‍ത്ഥം, അധികാര മോഹം തുടങ്ങിയ ജീര്‍ണതകളുടെ തോല് പൊള്ളിക്കുവാന്‍ ‘ഞാനിനെ’ കഥാപാത്രമാക്കുകയാണദ്ദേഹം.” ‘ഞാന്‍’ എന്ന പദം ആവര്‍ത്തിച്ചുപയോഗിച്ചതും ‘ഞാനിനെ’ കഥാപാത്രമാക്കിയതുമല്ല കാര്യം സ്വകവിതയില്‍ ‘ഞാനൊഴിച്ചാരുമില്ലെന്ന്’ അടയാളപ്പെടുത്തിയതാണ് ആ അപൂര്‍വത.
‘പതുക്കെപ്പറയാനുമുറക്കെപ്പറയാനു
മെനിക്കുണ്ടൊരു കാര്യം
സ്വകാര്യം-സ്വന്തം കാര്യം’
കുഞ്ഞുണ്ണിക്കവിതയുടെ ആത്മസത്തയെ സാമാന്യമായി ഇങ്ങനെ നിര്‍വചിക്കാമെന്ന് തോന്നുന്നു. ‘സ്വ’കാര്യമായി സ്വന്തം കാര്യത്തെ ‘സ്വകാര്യ’മായി രേഖപ്പെടുത്തുകയില്ല, ‘സ്വ’കാര്യത്തെ സാമാന്യകാര്യമായി പരിവര്‍ത്തനം ചെയ്ത് ‘സ്വകാര്യ’മല്ലാതാക്കി സമൂഹത്തിന് സമര്‍പ്പിക്കുകയാണ് കവി….
(കുഞ്ഞുണ്ണിയിലൂടെ, ഡോ. കൂമുള്ളി ശിവരാമന്, വില. 160 രൂപ, ആല്‍ഫാവണ്‍)
ദേവനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: