ആറന്മുള: ഭൂമിക്കും പരിസ്ഥിതിക്കും പ്രകൃതിക്കും സ്ഥിരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ മൂലധനശക്തികളെ അനുവദിക്കരുതെന്നും, രാജ്യത്തിന്റെ പൈതൃകങ്ങളായ ഇവയെ ഊഹക്കച്ചവടത്തിനുള്ള വസ്തുവായി മാറ്റുവാനുള്ള വന്‍കിടക്കാരുടെ ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.കെ. ശശിധരന്‍പിള്ള അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ എഴുപത്തിമൂന്നാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി സംരക്ഷണ സൗഹൃദവേദി പ്രസിഡന്റ് ആറന്മുള വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ(എംഎല്) റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.ഐ. ജോസഫ്, എന്‍എസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയന് മുന്‍ സെക്രട്ടറി വാഴമുട്ടം ഗോപാലകൃഷ്ണന്, ഹിന്ദു ഐക്യവേദി രക്ഷാധികാരി എം.കെ. കുഞ്ഞുമോന്, കെ.പി. മണികണ്ഠന് അങ്ങാടിപ്പുറം, യുവജന വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗിരീഷ് ഗോപിനാഥ്, അജിത്ത് കുറുന്താര്‍, സാവിത്രി ബാലന്, കുറുന്താര്‍ ഉത്തമന്, പി.ആര്. ഷാജി എന്നിവര്‍ സംസാരിച്ചു. സത്യാഗ്രഹത്തിന്റെ എഴുപത്തിനാലാം ദിവസമായ ഇന്ന് ചിന്മയാ മിഷന് സംസ്ഥാന ഘടകം സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ചിന്മയാ മിഷന് സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: