ദുബായ്: ഐപിഎല്ലില്‍ പുതിയ മുഖവുമായാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ വരവ്. കഴിഞ്ഞ ആറു സീസണുകളിലെ തിരിച്ചടികളുടെ നോവകറ്റാന്‍ ഇത്തവണ അവര്‍ മികച്ച സ്ഥാനം ലക്ഷ്യമിടുന്നു. അതിന് ഊര്‍ജമേകുന്ന ഒരു ജയം മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ശനിയാഴ്ച രാവില്‍ ചെകുത്താന്മാര് സ്വന്തമാക്കി. ജെപി ഡുമിനിയിലെ (35 പന്തില്‍ 52 നോട്ടൗട്ട്, മൂന്ന് സിക്സ്, മൂന്ന് ഫോര്‍) ഉശിരന്‍ ഹിറ്ററാണ് ഡെവിള്‍സിന് ആവേശോജ്ജ്വല ജയം ഒരുക്കിയത്. റോബിന് ഉത്തപ്പയുടെയും മനീഷ് പാണ്ഡെയുടെയും ഷാക്കിബ് അല്ഹസന്റെയുമൊക്കെ മികവില്‍ നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഡെവിള്‍സ് മറികടക്കുമ്പോള്‍ ഡുമിനി അക്ഷാര്‍ത്ഥത്തില്‍ ഹീറോയായി. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായ പേസര്‍ മോണി മോര്‍ക്കലിനെ ഒരോവറില്‍ 21 റണ്‍സിന് നിഷ്ഠുരം ശിക്ഷിച്ച ഡുമിനി കളി ഡെവിള്‍സിന്റെ വരുതിയിലാക്കുകയായിരുന്നു.
ഇടിമിന്നല്പോലത്തെ രണ്ടു സിക്സറുകളും ഒരു ബൗണ്ടറിയും ഡുമിനി മോര്‍ക്കലിന്റെ ആ ഓവറില്‍ കുറിച്ചു. പിന്നാലെ അഞ്ച് റണ്‍സ് മാത്രം വിട്ടു നല്കിയ സുനില്‍ നരെയ്ന് റൈഡേഴ്സിനു നേരിയ പ്രതീക്ഷ നല്കി. എന്നാല്‍ അവസാന ഓവറിലെ ആറു റണ്‍സ് പ്രതിരോധിക്കാനുള്ള ബൗളിങ് പാടവമൊന്നും പിയൂഷ് ചൗളയ്ക്കില്ലായിരുന്നു. ചൗളയുടെ ആദ്യ പന്ത് ജിമ്മി നീഷത്തെ ബീറ്റ് ചെയ്തു.
പിന്നാലെ നീഷം (8) ഇര്ഫാന് പഠാന് പിടികൊടുത്തു മടങ്ങി. പക്ഷേ, മൂന്നാം പന്ത് ഡീപ് ബാക്വേര്‍ഡ് സ്ക്വയര്‍ ലെഗിലൂടെ ഡുമിനി ഗ്യാലറിയിലെത്തിക്കുമ്പോള്‍ ഡെയര്‍ ഡെവിള്‍സിനു നാലു വിക്കറ്റ് ജയം. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ (56) ബാറ്റിങ്ങും ഡല്‍ഹിയെ തുണച്ചെന്നു പറയാം. മുരളി വിജയ് (0), മായാങ്ക് അഗര്‍വാള്‍ (26), റോസ് ടെയ്ലര് (6) എന്നിവരുടെ സേവനം അധികം ലഭിക്കാതെ പോയപ്പോള്‍ കാര്‍ത്തിക്കാണ് ടീമിനെ മുന്നോട്ടു നയിച്ചത്.
സിംഗിളുകളിലും ഡബിളുകളിലും ശ്രദ്ധവച്ച കാര്‍ത്തിക്ക് റണ്‍സ് നിരക്ക് താഴാതെ കാത്തു. ഡുമിനിക്കൊപ്പം അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും കാര്‍ത്തിക്കിനായി. നരെയ്ന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്പോഴേക്കും ഡെവിള്‍സിന്റെ നായകന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറും സ്വന്തം പേരിലെഴുതിയിരുന്നു.
നൈറ്റ് റൈഡേഴ്സിനുവേണ്ടി മോര്‍ക്കല്‍ രണ്ടു വിക്കറ്റ് പിഴുതു. നരെയ്ന്, ജാക്വസ് കാലിസ്, ചൗള എന്നിവര്‍ ഓരോ ഇരകളെ വീതം കണ്ടെത്തി. ഡുമിനി മാന്‍ ഒഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: