പാരീസ്: ഉറുഗ്വൈന് സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുടെ ഇരട്ട ഗോളുകളിലൂടെ പാരീസ് സെയ്ന്റ് ജെര്മെയ്ന് ഫ്രഞ്ച് ലീഗ് കപ്പ് കൈപ്പിടിയില്‍ ഒതുക്കി. കലാശക്കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഒളിംപിക് ലിയോണിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. പിഎസ്ജിയുടെ നാലാം ലീഗ് കപ്പ് നേട്ടമാണിത്.
സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ അഭാവത്തിലും പിഎസ്ജി നിലവാരം കൈവിടാതെ നോക്കി. നാലാം മിനിറ്റില്‍ത്തന്നെ അവര്‍ മുന്നില്‍ക്കയറി. കവാനിയുടെ ക്ലോസ് റേഞ്ചാണ് ലിയോണിന്റെ വലയിലെത്തിയത്(1-0). സമ്മര്‍ദ്ദം തുടര്‍ന്ന പിഎസ്ജി ഏതു സമയവും ലീഡ് ഉയര്‍ത്തുമെന്നു തോന്നിച്ചു. 25 വാര അകലെനിന്ന് കവാനി തൊടുത്ത ഉശിരന്‍ വോളി ലിയോണ്‍ ഗോളി ആന്റണി ലോപ്പസ് തട്ടിത്തെറിപ്പിച്ചു. 33-ാം മിനിറ്റില്‍ കവാനിയുടെയും ടീമിന്റെയും രണ്ടാം ഗോള്‍ വന്നു. തിയാഗോ സില്‍വയുടെ ലോങ്ങ് പാസ് ലൂക്കാസ് സ്വീകരിക്കുമ്പോള്‍ ലോപ്പസ് മാത്രം മുന്നില്‍. ലൂക്കാസിനെതിരെ പരുക്കന്‍ അടവു പ്രയോഗിക്കുക മാത്രമേ ലോപ്പസിനു മുന്നില്‍ വഴിയുണ്ടായിരുന്നുള്ളു. അതിനു ലഭിച്ച പെനാല്‍റ്റി കവാനി ലക്ഷ്യത്തിലെത്തിച്ചു (2-0). രണ്ടാം പകുതിയില്‍ ലിയോണ്‍ മെച്ചെപ്പെട്ടു. അലക്സാന്ദ്രെ ലാക്കാസെറ്റെ (56-ാം മിനിറ്റ്) അവര്‍ക്കുവേണ്ടി ഒരു ഗോള്‍ മടക്കുകയും ചെയ്തു. എങ്കിലും പിഎസ്ജിയുടെ കിരീടമോഹത്തെ തകര്‍ക്കാന്‍ അതുപോരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: