വെള്ളരിക്കുണ്ട്: ഉരുകുന്ന ചൂടില്‍ കുളിരണിയിച്ചെത്തിയ വേനല്‍മഴയില്‍ മലയോരത്ത് വ്യാപക നാശ നഷ്ടം. ഇന്നലെ വൈകിട്ട് മലയോരത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടി പെയ്ത മഴയില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. പത്തോളം വീടുകള്‍ തകരുകയും നിരവധി പേര്‍ക്ക് ഇടിമിന്നലേല്‍ക്കുകയും ചെയ്തു. കരിന്തളം പ്രദേശത്ത് മഴയോടൊപ്പം ആലിപ്പഴം പെയ്തത് കൗതുകമായി. ചിറ്റാരിക്കാല്‍, ഭീമനടി, വെള്ളരിക്കുണ്ട്, മാങ്ങോട്, പെരിയങ്ങാനം, കനകപ്പള്ളി, പുങ്ങംചാല്‍ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിണ്റ്റെ അകമ്പടിയോടെ വേനല്‍മഴ തകര്‍ത്തു പെയ്തത്. പുങ്ങംചാലില്‍ കുഞ്ഞമ്പുനായരുടെ ൨൫൦ ഓളം കുലക്കാറായ വാഴകള്‍ കാറ്റില്‍ നശിച്ചു. ജോര്‍ജ്ജിണ്റ്റെ മുപ്പതോളം റബ്ബര്‍ മരങ്ങളും ഒടിഞ്ഞ് വീണു. ചിറ്റാരിക്കാലിലെ എന്‍.എ.വര്‍ക്കി, തൈപ്പറമ്പില്‍, ശശി കരിപ്പത്ത്, ജോര്‍ജ് കട്ടക്കയം എന്നിവരുടെ റബ്ബര്‍, കവുങ്ങ് തുടങ്ങിയവ നശിച്ചു. കരിന്തളം പാറക്കോലിലെ മോഹനന്, രാഘവന് എന്നിവരുടെ നൂറോളം നേന്ത്രവാഴകള്‍ കാറ്റില്‍ നിലം പൊത്തി. ഉദയപുരത്തും വാഴക്കൃഷി നശിച്ചു. കോടോംബേളൂറ്‍ പഞ്ചായത്തിണ്റ്റെ ചില പ്രദേശങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായി. കുഞ്ഞിക്കൊച്ചിയില്‍ ചെറുനാരകത്തില്‍ സി.വി.ബാബുവിന് നഷ്ടപ്പെട്ടത് അമ്പതോളം കുലച്ച വാഴകളാണ്. ഇടിമിന്നലേറ്റ് നിരവധി പേര്‍ക്ക് പരിക്കുണ്ട്. കരിന്തളം വാളൂരിലെ അനീഷിണ്റ്റെ ഭാര്യ സൗമ്യ, കടുമേനി കടുപ്പാറയില്‍ സെലിന്, മക്കളായ ജോബിന്, ജോസ്മിന്‍ എന്നിവര്‍ക്ക് ഇടിമിന്നലേറ്റു. രണ്ടരമണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ നിരവധി വീടുകള്‍ക്കും നാശനഷ്ടം നേരിട്ടു. കനകപ്പള്ളി, പുങ്ങംചാല്‍, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകി. രാത്രി വൈകിയും വൈദ്യുതി ബന്ധം നേരെയാക്കാനായിട്ടില്ല. ചിലയിടങ്ങളില്‍ മരം വീണ് ഗതാഗത തടസ്സവും ഉണ്ടായി. ഇത്തവണ കനത്ത വേനലാണ് മലയോരങ്ങളില്‍ അനുഭവപ്പെട്ടത്. ഒടുവില്‍ വേനലകറ്റാന് മഴ ലഭിച്ചെങ്കിലും കര്‍ഷകര്‍ക്ക് കണ്ണീരായിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് ബിരിക്കുളത്തും ശക്തമായ കാറ്റില്‍ കൃഷി നശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: