തിരുവനന്തപുരം: ട്രാവര്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് വിജിലന്‍സിന്റെ വിലക്ക് മറിടന്ന് തൂത്തുക്കുടിയിലെ സ്വകാര്യ കമ്പനിയായ മിറക്കിള്‍ സാന്ഡ്സില് നിന്ന് കരിമണല്‍ ഇറക്കാനുള്ള നീക്കത്തില്‍. 1800 ടണ്‍ കരിമണല്‍ ഇറക്കുമതി ചെയ്യാനാണ് മിറക്കിള്‍ സാന്‍ഡ്സിന് ടിടിപി മാനേജ്മെന്റ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ടൈറ്റാനിയത്തില്‍ തൂത്തുക്കുടിയില്‍ നിന്ന് വന്ന 32 ടണ്‍ കരിമണല്‍ ലോഡിനെ തൊഴിലാളികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ജനറല്‍മാനേജര്‍ ഓര്‍ഡര്‍ കൊടുത്തിരിക്കുന്ന വിവരം വെളിപ്പെട്ടത്.
2005 മുതല്‍ ഐആര്‍ഇയില്‍ നിന്നുള്ള കരിമണലിന്റെ ലഭ്യതക്കുറവ് കാണിച്ച് തൂത്തുക്കുടിയിലെ ടെക്സ്റ്റെയില്‍ ഡൈകോം, മിറക്കിള്‍ സാന്‍ഡ്സ് എന്നീ കമ്പനികളില്‍ നിന്ന് കരിമണല്‍ ഇറക്കുമതി ചെയ്തതിലൂടെ കോടികളുടെ അഴിമതി നടന്നതായിട്ടാണ് എജി കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇറക്കുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സിന്റെ അന്വേഷണം നിലനില്‍ക്കെ മിറക്കിള്‍ സാന്ഡ്സില് നിന്ന് കരിമണല്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നത് വീണ്ടും അഴിമതിയുടെ കളമൊരുക്കുന്നതിനാണെന്നാണ് അറിയുന്നത്.
ഐആര്‍ഇയില്‍ നിന്ന് കരിമണല്‍ എടുക്കാന്‍ രൊക്കം പണം കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് തൂത്തുക്കുടിയില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഐആര്ഇയെക്കാളും ടണ്ണിന് 3000 രൂപ അധിക വിലയ്ക്കാണ് ടൈറ്റാനിയത്തിന് മിറക്കില്‍ സാന്‍ഡ്സ് കരിമണല്‍ കൊടുക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ തൂത്തുക്കുടിയിലെ കരിമണല്‍ ഉപയോഗത്തിലൂടെ ഉല്പാദനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനം വീണ്ടും അതേ കമ്പനിയില്‍ നിന്നുതന്നെ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ദുരൂഹതയുയര്‍ത്തുന്നു. മാനേജ്മെന്റിന്റെ ഈ നീക്കത്തില്‍ തൊഴിലാളികള്‍ ആശങ്കയിലാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: