തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ട് നല്കാന് ഡിസിസികള്‍ക്ക് കെപിസിസിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്നും പാളിച്ചകളോ വീഴ്ചകളോ ഉണ്ടായെങ്കില്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈമാസം 20നകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 22ന് ചേരുന്ന കെപിസിസി നിര്‍വാഹക സമിതി 14 ഡിസിസികളുടെ റിപ്പോര്‍ട്ടുകള്‍ വിശദമായി ചര്‍ച്ച ചെയ്യും. വോട്ടെടുപ്പിന് ശേഷം ഇത്തരമൊരു റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ആദ്യമായാണ്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കമ്മിറ്റികളോ ഗ്രൂപ്പുകളോ നേതാക്കളോ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ അക്കാര്യം നേതൃത്വത്തെ അറിയിക്കണമെന്നാണ് പ്രധാനനിര്‍ദേശം. ചില മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള കാലുവാരലുകള്‍ ഉണ്ടായെന്നാണ് കെപിസിസിക്ക് ലഭിച്ചിരിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട്. ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കെതിരേയും പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുണ്ട്. നേതാക്കള്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്നു വിട്ടുനില്‍ക്കുകയോ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ജ്ജീവമാവുകയോ ചെയ്തെങ്കില്‍ അക്കാര്യവും പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും പ്രാദേശിക ഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ എതിരായി പ്രവര്‍ത്തിച്ചെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം.
എന്നാല്‍ എന്ത് അച്ചടക്ക നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിലെ പ്രശ്നങ്ങള്‍ അച്ചടക്ക സമിതിയെ ഉപയോഗിച്ച് അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് നേരത്തെ വ്യക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തല പ്രസിഡന്റായിരുന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടിക്കുള്ളില്‍ ഇതേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വക്കം പുരുഷോത്തമന് അധ്യക്ഷനായ കമ്മിറ്റിയെ കെപിസിസി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ കമ്മിറ്റിയുടെ റിപ്പോര്ട്ടിന്മേല് ഇതുവരേയും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: