കൊച്ചി: വഴിയില്‍ വച്ചു മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്ത വീട്ടമ്മയെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയിലായി. കൊല്ലപ്പെട്ട യുവതിയുടെ അയല്‍വാസിയായ മധു (30) ആണ് പിടിയിലായത്. ഇയാളെ പാലക്കാട്ടു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി നമ്പ്യാപുരം കോളനിയില്‍ താമസിക്കുന്ന കൊറശേരി വീട്ടില്‍ ജയന്റെ ഭാര്യ സിന്ധു (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം പ്രതി എറണാകുളത്തു നിന്ന് ബൈക്കില്‍ പാലക്കാട്ടേക്ക് രക്ഷപെട്ടതായി പോലീസ് മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ബസില്‍ സഞ്ചരിക്കുമ്പോഴാണ് മധുവിനെ പോലീസ് പിടികൂടിയത്. മധു മയക്കുമരുന്നിനടിയമയാണെന്ന് പോലീസ് പറയുന്നു. റേഷന്‍ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി ഏഴുവയസുള്ള മകള്‍ വിഷ്ണുമായക്കൊപ്പം മടങ്ങുകയായിരുന്നു സിന്ധു. അടുത്തെത്തിയ മധു സിന്ധുവിന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചു. സിന്ധു ചെറുത്തതോടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന കുട്ടിയാണ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ ഓടിയെത്തി സിന്ധുവിനെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിന്ധു ജോയിക്കെതിരെ അപരയായി മത്സരിച്ച് സിന്ധു ശ്രദ്ധനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: