കോട്ടയം: കേരള സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ രണ്ടാമത് ദേശീയ നാടകോത്സവം കോട്ടയത്ത് നടക്കും. ഈ മാസം 19 മുതല്‍ 22 വരെ മാമ്മന്‍മാപ്പിള ഹാളിലാണ് നാടകം അരങ്ങേറുക. ചിറ്റ്പോക് എന്ന് പേരിട്ടിരിക്കുന്ന നാടകോത്സവം കോട്ടയം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.
19-ന് വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജോസ്.കെ.മാണി എം.പി. സുരേഷ്കുറുപ്പ് എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍ എന്നിവരും പങ്കെടുക്കും. സംഗീതനാടകഅക്കാദമി ചെയര്മാന് സൂര്യാ കൃഷ്ണമൂര്‍ത്തി, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.
ആസാം, ബീഹാര്‍, രാജസ്ഥാന് എന്നിവിടങ്ങില്‍ നിന്നുള്ള കുട്ടികളുടെ നാടക സംഘങ്ങള്‍ ഉള്‍പ്പെടെ ഏഴ് നാടകങ്ങളാണ് അരങ്ങേറുക. കേരളത്തില്‍ നിന്നും നവയുഗ് ചില്‍ഡ്രന്‍സ് തീയറ്റര്‍ കോട്ടയം, തിരുവനന്തപുരം രംഗപ്രഭാത്, കണ്ണൂര്‍ ദേശീയ ഹരിതസേന, പാലക്കാട് നവരംഗ് എന്നീ ബാലസംഘങ്ങളുടെ നാടകങ്ങളും നാലുനാള്‍ അരങ്ങിലേത്തും. നാടകോത്സവത്തോടനുബന്ധിച്ച് 30 കുട്ടികള്‍ പങ്കെടുക്കുന്ന ശില്‍പ്പശാലയും നടക്കും. പ്രവേശനം പൂര്‍ണമായും സൗജന്യമാണെന്ന് ഭാരവാഹികളായ ജോഷി മാത്യു, ഷിബു വൈക്കം, ജോസ് കല്ലറയ്ക്കല്‍, അനൂപ്, ബിനോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: