കൊല്ലം: തെന്നിന്ത്യന്‍ സിനിമാ നടി സൗന്ദര്യ മരിച്ച വിമാനാപകടത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് സൗന്ദര്യയോടൊപ്പം അപകടത്തില്‍ മരിച്ച പൈലറ്റിന്റെ പിതാവ് രംഗത്ത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാംഗ്ലൂരില്‍ നിന്നും ആന്ധ്രയിലെ കരിംനഗറിലേക്ക് പോകാനായി യാത്ര തിരിക്കവെയാണ് അപകടമുണ്ടായത്. 2004 ഏപ്രില്‍ 17 നായിരുന്നു സംഭവം.
സംഭവം നടന്ന് പത്ത് വര്‍ഷം പിന്നിടുന്ന വേളയില്‍ സത്യവസ്ഥ തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി മരിച്ച പൈലറ്റ് ജോയി ഫിലിപ്പിന്റെ പിതാവ് മാവേലിക്കര ചുനക്കര പീസ് വില്ലയില്‍ ഉമ്മന്‍ ജോയിയാണ് രംഗത്ത് വന്നിട്ടുള്ളത്. സഹപൈലറ്റിനെ ഒഴിവാക്കിയാണ് അന്ന് ചെറുവിമാനം ടേക്ക് ഓഫ് ചെയ്തത്. അര നൂറ്റാണ്ട് പഴക്കമുള്ളതായിരുന്നു സൗന്ദര്യയുമായി പറന്ന സെന്സ 180 എന്ന വിമാനം. യാത്രാക്കാരെ കയറ്റാന്‍ അനുവാദമില്ലാത്ത ഇത്തരം വിമാനത്തില്‍ സഞ്ചരിച്ച സൗന്ദര്യയും സഹോദരനും ബിജെപിയുടെ ഒരു പ്രാദേശികനേതാവും മരിച്ചതിന് ഉത്തരവാദികള്‍ വിമാനക്കമ്പനിയുടെ ഉടമകളായ അഗ്നി ഏയ്റോസ്പേസ് അഡ്വഞ്ചര്‍ അക്കാദമി പ്രൈവറ്റ് ലിമിറ്റഡും അതിന്റെ ഉടമസ്ഥന് കാപ്റ്റന്‍ അരവിന്ദ് ശര്മ്മയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
അരവിന്ദ് ശര്‍മ്മ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് സിവില്‍ ഏവിയേഷന്റെ അംഗീകരിക്കപ്പെട്ട എക്സാമിനര്‍ കൂടിയാണ്. നൂറ് അടി പൊക്കത്തില്‍ തന്നെ പൊട്ടിത്തെറിച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്‍ഷുറസ് ഇല്ലാത്തതായിരുന്നു വിമാനം. ഇത് കാരണം ഒരു രൂപ പോലും മരണപ്പെട്ട മകന്റെ പേരില്‍ ലഭിച്ചില്ലെന്നും ഉമ്മന്ജോയി കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതസൈനികനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് താന്‍. 1964ലും 72ലും രണ്ട് യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മകന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ അന്വേഷണം ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിരോധമന്ത്രിയെയും എല്ലാം താന്‍ അപേക്ഷയുമായി സമീപിച്ചു. അപേക്ഷകളുടെയും രേഖകളുടെയും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ മാത്രം രണ്ടര ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്. സാമ്പത്തികമായി വലയുന്ന തന്റെ കുടുംബം മകന്റെ വേര്‍പാടിലൂടെ കൂടുതല്‍ പ്രതിസന്ധിയിലാണ്. ജോയി ഫിലിപ്പിനെ പെയിലറ്റാക്കുവാനായി വന്‍തുകയാണ് കടമെടുത്തിരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയിട്ടും ഭരണകര്‍ത്താക്കള്‍ യാതൊന്നും ചെയ്തു തരാതെ കാലം പോക്കുകയായിരുന്നു.
ബാംഗ്ലൂര്‍ കോടതിയില്‍ ശര്‍മക്കെതിരെ കേസ് നല്‍കിയതിനെ തുടര്‍ന്ന് നിരവധി തവണ ദൂതരെ വച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. ബാംഗ്ലൂരില്‍ നിന്നും പത്ത് മണിക്കൂര്‍ യാത്ര ചെയ്താണ് ഇത് സംബന്ധിച്ച കേസിന് ധാര്‍വാഡ് ലേബര്‍ കോടതിയില്‍ എത്തിയിരുന്നത്. 20013ല്‍ 5,58,939 രൂപ ജോയി ഫിലിപ്പിന്റെ പിതാവിന് നല്കാന് കോടതിവിധി വന്നു. എന്നാല്‍ മകന് ജോലി ചെയ്ത മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം പോലും കമ്പനി തരാന്‍ തയ്യാറായില്ല. പല പ്രാവശ്യം ബന്ധപ്പെട്ടിട്ടും കമ്പനി മറുപടിക്ക് ടെലിഫോണ്‍ ചെയ്യുകയോ കത്ത് നല്‍കുകയോ ചെയ്യാതെ കബളിപ്പിക്കുകയാണെന്നും ഉമ്മന്‍ ജോയി ആരോപിച്ചു.
പ്രവര്‍ത്തനക്ഷമമല്ലാത്ത ചെറുവിമാനത്തിന്റെ തകര്‍ച്ചയിലൂടെ ജോയി ഫിലിപ്പിന്റെ ജീവന് നഷ്ടപ്പെട്ടത് അവന്റെ മാതാവ് ശോശാമ്മയുടെ ആരോഗ്യനില വഷളാക്കി. അവര്‍ ഇപ്പോള്‍ കിടപ്പിലാണ്. എത്രയും വേഗം തങ്ങള്‍ക്ക് നീതി കിട്ടണമെന്നും സാമ്പത്തികബാധ്യതകള്‍ നീങ്ങാന്‍ അടിയന്തിരമായി ഇടപെടണമെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഉമ്മന്‍ ജോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: