അബുദാബി: ഐപിഎല്‍ ഏഴാം എഡിഷന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 164 റണ്‍സ് വിജയലക്ഷ്യം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 46 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 72 റണ്‍സ് നേടിയ ജാക്ക് കല്ലിസ്സിന്റെയും 53 പന്തുകളില്‍ നിന്ന് 6 ഫോറും രണ്ട് സിക്സറുമടക്കം 64 റണ്‍സ് നേടിയ മനീഷ് പാണ്ഡെയുടെയും മികച്ച ബാറ്റിംഗാണ് കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മുംബൈക്ക് വേണ്ടി ലസിത് മലിംഗ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യവിക്കറ്റ് അവര്‍ക്ക് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ സുന്ദരമായ യോര്‍ക്കറിലൂടെ മലിംഗ ബൗള്‍ഡാക്കി. എന്നാല്‍ ഇൗ മുന്‍തൂക്കം നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാര്‍ക്കായില്ല. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കല്ലിസും മനീഷ് പാണ്ഡെയും ചേര്‍ന്ന് കൊല്‍ക്കത്തയെ മത്സരത്തില്‍ തിരിച്ചെത്തിച്ചു. 15.2 ഓവറില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പാണ്ഡെയെ മലിംഗ ബൗള്‍ഡാക്കി.
തുടര്‍ന്നെത്തിയ റോബിന് ഉത്തപ്പയെ (1) സ്കോര്‍ 144-ല്‍ എത്തിയപ്പോള്‍ സഹീര്‍ ഖാനും മടക്കി. തൊട്ടുപിന്നാലെ കല്ലിസിനെ മലിംഗ കോറി ആന്‍ഡേഴ്സന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ഷക്കബി അല്‍ ഹസ്സസനും കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു റണ്‍സെടുത്ത ഷക്കിബിനെ മലിംഗ തന്നെ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: