കൊച്ചി: കാമുകിയായ സ്പാനിഷ് യുവതി വെറോണിക്ക കാര്ട്ടെലിയുമൊത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പലയിടങ്ങളിലും സഞ്ചരിക്കുന്നത് സുരക്ഷാചട്ടം ലംഘിച്ച്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരാള്‍ക്കൊപ്പം അടുത്ത ബന്ധുവല്ലാത്ത ആരെയും സഞ്ചരിക്കാന്‍ അനുവദിക്കില്ല. രാഹുലിനൊപ്പം ഇന്ത്യക്കകത്തും പുറത്തും വിദേശയുവതിയായ വെറോണിക്ക സഞ്ചരിക്കുന്നത് കടുത്ത ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2003 ല്‍ വെറോണിക്കയുമായി കേരളത്തിലെ കുമരകത്തെ സ്വകാര്യ റിസോര്‍ട്ടില്‍ രാഹുല്‍ താമസിച്ചതിനെതിരെ സുരക്ഷാലംഘനം ചൂണ്ടിക്കാട്ടി മാവേലിക്കര സ്വദേശിയായ ജോണ്‍ എം. ഇട്ടി കോട്ടയം ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാഹുലിനൊപ്പം കഴിയുന്ന വെറോണിക്കക്കെതിരെ നടപടിവേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാഷ്ട്രീയസ്വാധീനത്തിന്റെ ഫലമായി പോലീസ് നടപടിയെടുത്തില്ല. കുമരകം സന്ദര്‍ശനം വെട്ടിച്ചുരുക്കി ലക്ഷദ്വീപിലേക്ക് കാമുകിയേയുംകൂട്ടി പോവുകയായിരുന്നു രാഹുലെന്ന് ജോണ്‍ ഇട്ടി ‘ജന്മഭൂമി’യോട് പറഞ്ഞു.
രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഭാര്യ സോണിയക്കും മകള്‍ പ്രിയങ്കക്കും മകന് രാഹുലിനും ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് നികുതിപ്പണത്തില്‍നിന്ന് ചെലവാക്കുന്നത്. 2013 ല്‍ രാജസ്ഥാന് സന്ദര്‍ശനത്തിനിടെ രാഹുലിന് കൊതുകുകടിയേറ്റതിന്റെ പേരില്‍പ്പോലും സുരക്ഷാഭടന്മാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് ദുരൂഹ പശ്ചാത്തലമുള്ള വിദേശയുവതിക്ക് രാഹുലിനൊപ്പം സഞ്ചരിക്കാന്‍ എങ്ങനെ അനുവാദം ലഭിക്കുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.
2001 ല്‍ അമേരിക്കയിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍വെച്ച് 1,60,000 ഡോളറുമായി രാഹുല്‍ഗാന്ധി എഫ്ബിഐയുടെ പിടിയിലായപ്പോള്‍ വെറോണിക്കയും ഒപ്പമുണ്ടായിരുന്നു. നിരവധി കോണുകളില്‍നിന്ന് ചോദ്യമുയര്‍ന്നിട്ടും ഈ പണത്തിന്റെ ഉറവിടം രാഹുല്‍ വ്യക്തമാക്കിയിട്ടില്ല. ഭീമമായ ഈ തുകയും വെറോണിക്കയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയവും പിന്നീട് ഉയരുകയുണ്ടായി. വെറോണിക്കയുടെ അച്ഛന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മകനൊപ്പം വിദേശയുവതി സഞ്ചരിക്കുന്നതിനെക്കുറിച്ച് സോണിയാഗാന്ധിയോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല മകന്റെ കാമുകിയെന്ന് പറയപ്പെടുന്ന യുവതിയെ യുപിഎ അധ്യക്ഷയെന്ന നിലയ്ക്ക് സോണിയ ഔദ്യോഗിക വസതിയില്‍ പാര്‍പ്പിച്ചതായും പറയപ്പെടുന്നു. താന്‍ വിവാഹിതനാണെന്ന കാര്യം നാമനിര്‍ദ്ദേശപത്രികയില്‍ ഉള്‍പ്പെടുത്തിയ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതാണ് രാഹുല്‍ഗാന്ധി സുരക്ഷാചട്ടം ലംഘിച്ച് വിദേശയുവതിയെ കൂടെ കൊണ്ടുനടക്കുന്നത് ചര്‍ച്ചയാവാന്‍ കാരണം.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: