ചങ്ങനാശേരി: സാമൂഹികനീതിക്കു വേണ്ടി സമുദായം വോട്ടുബാങ്കായി മാറണമെന്ന് എന്‍എസ്എസ്. സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഒരു ശതാബ്ദക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന സമുദായസംഘടനയാണ് നായര്‍ സര്‍വീസ് സൊസൈറ്റിയെന്ന് സംഘടനയുടെ മുഖപത്രമായ സര്‍വീസിന്റെ പുതിയ ലക്കത്തില്‍ വ്യക്തമാക്കുന്നു. സമുദായപുരോഗതിക്കും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുമായി പ്രവര്‍ത്തിക്കുവാന്‍ സമുദായാംഗങ്ങളെ സജ്ജരാക്കിയ മന്നത്ത് പത്മനാഭന്റെ ദര്‍ശനങ്ങളിലൂടെയും ആദര്‍ശങ്ങളിലൂടെയുമാണ് സര്‍വീസ്സൊസൈറ്റിയുടെ പ്രവര്‍ത്തനം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയത്തിലെ സമദൂരംകൊണ്ട് എന്‍എസ്എസ് ഇന്ന് സുസംഘടിതമാണ്. ആര് ഈ രാജ്യം ഭരിച്ചാലും സമുദായപരമോ സംഘടനാപരമോ ആയ ആവശ്യങ്ങളോട് ഒരുസര്‍ക്കാരിനും പുറംതിരിഞ്ഞുനില്‍ക്കാനാവില്ല. അത് ഉറപ്പുവരുത്താന്‍ സമുദായം ഒറ്റക്കെട്ടാവണം. അതിലൂടെ സാമൂഹികനീതിക്കുവേണ്ടി സമദൂരത്തില്‍ നിന്നുകൊണ്ടുതന്നെ സമുദായം ഒരു വോട്ടുബാങ്കായി മാറുകയാണ് വേണ്ടത്.
സമുദായത്തെ മാത്രമല്ല, സമൂഹത്തെയും രാജ്യത്തെയും പൊതുവെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായങ്ങളും നിലപാടുകളും സംഘടന സ്വീകരിച്ചുവന്നിട്ടുണ്ട്. സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുകയെന്നത് സംഘടനയുടെ പ്രഖ്യാപിതനയമാണ്. രാജ്യഭരണത്തില്‍ ആര് വന്നാലും എന്നും അവഗണിക്കപ്പെടുന്ന ഒരു ജനവിഭാഗമുണ്ട്. അവര്‍ക്കുവേണ്ടിയാണ് എന്‍എസ്എസ് നിരന്തരമായി ശബ്ദമുയര്ത്തിക്കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നിരന്തരമായി നടത്തിയെങ്കിലും അവയില്‍ പലതും ആഗ്രഹിച്ചവണ്ണം ഫലംകാണാതെപോയി. കാരണം, അവയൊന്നും അസംബ്ലിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ എത്തിയിരുന്നില്ല, അല്ലെങ്കില്‍ അതിനുള്ളില്‍ എത്തിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ്.
ഇതിന് പോംവഴിയെന്ന നിലയിലാണ് എന്‍എസ്എസ്സിന്റെ നേതൃനിരയിലുള്ളവര്‍ എന്‍ഡിപി എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നല്‍കിയത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മുന്നണിസംവിധാനത്തിലൂടെ നായര്‍സമുദായത്തില്‍പ്പെട്ട പലരേയും എംഎല്‍എമാരാക്കി അസംബ്ലിയിലെത്തിച്ചു. അവരില്‍പ്പെട്ട പലരും മന്ത്രിമാരും കോര്പ്പറേഷന് ചെയര്മാന്മാരും ആയി. സ്ഥാനമാനങ്ങള്‍ നേടിയവരെല്ലാം അവരുടെ സ്വാര്‍ത്ഥതമൂലം സംഘടനയുമായി അകന്നു, അല്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ അകറ്റി. അതേസമയം, മറ്റുരാഷ്ട്രീയപ്പാര്ട്ടികളുമായി ബന്ധപ്പെട്ടുനിന്നിരുന്ന സമുദായാംഗങ്ങള്‍ക്ക് സംഘടനയുമായി അകല്‍ച്ചയ്ക്ക് ആ രാഷ്ട്രീയബന്ധം ഇടയാക്കി. ഇതൊഴിവാക്കി സംഘടനയില്‍ സമുദായഐക്യം ഉറപ്പുവരുത്താനാണ് എന്‍ഡിപി യുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എന്‍എസ്എസ് തീരുമാനിച്ചത്.
വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ സമുദായത്തിലുണ്ട്, രാഷ്ട്രീയം ഇല്ലാത്തവരുമുണ്ട്. അവരെയെല്ലാം എന്‍എസ്എസിന്റെ കൊടിക്കീഴില്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തില്‍ സമദൂരനിലപാട് സ്വീകരിക്കുവാന്‍ പിന്നീട് തീരുമാനിച്ചത്. അതിലൂടെ സംഘടന ശക്തിപ്രാപിച്ചുവെന്നത് ഒരു വസ്തുതയാണ്. സമദൂരത്തില്‍ നിന്നുകൊണ്ടുതന്നെ സാമൂഹികനീതിക്കായി സര്‍ക്കാരുകള്‍ക്കെതിരെ രാഷ്ട്രീയനിലപാടുകള്‍ എന്‍എസ്എസ്സിന് സ്വീകരിക്കേണ്ടതായിവന്നിട്ടുണ്ട്. അതിനായി ചിലസമയത്ത് ശരിദൂരം കണ്ടെത്തേണ്ടതായും വന്നിട്ടുണ്ട്. അതിലൂടെ അവരുടെതെറ്റുകള്‍ പലതും തിരുത്തിക്കാനും ഗുണകരമായ പല തീര്‍പ്പുകള്‍ ഉണ്ടാക്കാനും സംഘടനയ്ക്ക് കഴിഞ്ഞു. എങ്കിലും, അതിനോട് സഹകരിക്കാത്തവരും എന്നാല്‍ ആ നിലപാടുകളുടെ ഗുണഭോക്താക്കളായവരും വസ്തുതകള്‍ മനസ്സിലാക്കാതെ രാഷ്ട്രീയമായും അല്ലാതെയും എന്‍എസ്എസ്സിനെതിരെ അനാവശ്യ പ്രതികരണങ്ങള്‍ നടത്തുകയാണ്. അത്തരം പ്രതികരണങ്ങള്‍ക്ക് ഇനിയും അവസരം നല്കാതിരിക്കാന് സംഘടന ഇപ്പോള്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നും സര്‍വീസ് മുഖപ്രസംഗത്തിലൂടെ എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: