ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഔദ്യോഗിക വാഹനത്തില്‍ കെ.ആര്.ഗൗരിയമ്മയെ മോശമായി ചിത്രീകരിക്കുന്ന വാരിക പ്രചരിപ്പിച്ച കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും ജെഎസ്എസ് രാജന്‍ബാബു വിഭാഗം നേതാവുമായ കെ.ടി.ഇതിഹാസിനെതിരെ ക്രിമിനല്‍ നടപടിക്ക് കളക്ടറുടെ ഉത്തരവ്. ഇയാളുടെ വാഹനത്തില്‍ നിന്നും ജെഎസ്എസ് നേതാവ് കെ.ആര്.ഗൗരിയമ്മയെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങളടങ്ങിയ വാരികയുടെ കെട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാലിന്റെ പ്രചരണ സാമഗ്രികളും കണ്ടെത്തി. ആലപ്പുഴ നോര്‍ത്ത് പോലീസ് വാഹനം പിടിച്ചെടുത്തു. ജില്ലാ കളക്ടറും വരണാധികാരിയുമായ എന്‍.പത്മകുമാറാണ് ഇതിഹാസിനെതിരെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ടത്.
ആലപ്പുഴ കൈചൂണ്ടി വായനശാലയിലെ ബൂത്തില്‍ ഔദ്യോഗിക വാഹനത്തിലിരുന്ന് ഇതിഹാസ് വോട്ട് അഭ്യര്‍ഥിച്ചപ്പോള്‍ വോട്ടര്‍മാര്‍ ഇത് ചോദ്യം ചെയ്തിരുന്നു. ഇവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തി വാഹനം പരിശോധിച്ചപ്പോഴാണ് ഗൗരിയമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വാരികയുടെ കെട്ടുകണക്കിന് കോപ്പികള്‍ കണ്ടെത്തിയത്. കൂടാതെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള നിരവധി ലഘുലേഖകളും കണ്ടെടുത്തു. ഒന്നിലധികം ചട്ടലംഘനകള്‍ കെ.ടി.ഇതിഹാസ് നടത്തിയതായി അധികൃതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
നടപടി ആവശ്യപ്പെട്ട് തോമസ് ഐസക് എംഎല്‍എയും കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. മുതിര്‍ന്ന നേതാവായ ഗൗരിയമ്മയെ അപമാനിക്കുന്ന യുഡിഎഫിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതിഹാസിനെ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നേരത്തെ നിയോഗിച്ചതും ഗൗരിയമ്മയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: