തിരുവനന്തപുരം: അഞ്ചുവര്‍ഷം മുമ്പ് 73.3 ശതമാനം വോട്ടായിരുന്നു പെട്ടിയില്‍ വീണത്. ഇത്തവണ അല്പംകൂടി. ശതമാനംകൂടിയ വോട്ട് അനുകൂല ഘടകമെന്ന് മുന്നണികള്‍ രണ്ടും അവകാശപ്പെടുന്നു. കൂട്ടിയും കിഴിച്ചും അണികളെ ആശ്വസിപ്പിക്കാം. 35 ദിവസങ്ങള്‍ക്ക് ശേഷമേ ജനവിധി അറിയാന്‍ കഴിയൂ.
ഇടതുമുന്നണിയുടെ നായകനായ സിപിഎം നേതാവ് പിണറായി വിജയന് കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ലെന്ന് പ്രവചിച്ചപ്പോള്‍ 20 സീററും നേടുമെന്നാണ് എ.കെ.ആന്റണിയുടെ അവകാശവാദം. ഈ വാദങ്ങള്‍ തകരുന്നത് കാണാനും 35 ദിവസം കഴിഞ്ഞേപറ്റൂ. എന്നാല്‍ ഇവരാരും കാണാത്ത ഒരു അടിയൊഴുക്ക് ഇത്തവണ കേരളത്തിലുണ്ടായി. അത് ബിജെപിക്ക് അനുകൂലമാണ്.
മുമ്പൊരുകാലത്തുമില്ലാത്തവിധം താമരചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാറും കരുത്തനായ പ്രധാനമന്ത്രിയും വേണമെന്ന ചിന്തയാണ് തരംഗത്തിന് വഴിവച്ചത്. എല്ലാ മണ്ഡലത്തിലും ഇത് പ്രകടമാണെങ്കിലും കാസര്‍കോടും തിരുവനന്തപുരത്തും അടിയൊഴുക്ക് വ്യക്തമാണ്. തിരുവനന്തപുരത്ത് പോളിംഗ് ശതമാനം കുറവാണ്. അത് പക്ഷെ ബിജെപിയുടെ പ്രതീക്ഷയെ ഒരു തരത്തിലും പ്രതികൂലമാക്കുന്നില്ല.
ബിജെപിക്ക് ലഭിക്കാനിടയുള്ള വോട്ടുകളെല്ലാം ഉച്ചയ്ക്കുമുമ്പുതന്നെ പെട്ടിയില്‍ വീഴാനുള്ള സംഘടിത ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം പാറശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടു. ഇത് വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇരുമുന്നണികളെയുമാണ് ഇത് ആശങ്കയിലാക്കിയത്. തീരപ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് ഓളങ്ങളൊന്നും ഉണ്ടാക്കിയില്ല.
തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്ന പോലീസ് റിപ്പോര്‍ട്ട് വന്നപ്പോഴാണ് എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനുമെല്ലാം അവസാനവട്ട പ്രചാരണത്തിന് തിരുവനന്തപുരത്തെത്തിയത്. തീരദേശങ്ങളില്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്കിയ ആന്റണി ഇടതുപക്ഷത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല. മറിച്ച് തീരദേശത്തെ ന്യൂനപക്ഷങ്ങളെ പേടിപ്പിക്കുംവിധം നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ നുണപ്രചാരണം നടത്തിയതും ശ്രദ്ധേയമാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ രാജ്യം തകരുമെന്ന രീതിയിലായിരുന്നു പ്രതിരോധമന്ത്രിയുടെ നിലപാട്. ഹിന്ദു വര്‍ഗീയത വരുന്നേ എന്ന് വിളിച്ചുകൂവുമ്പോള്‍ ആന്റണിക്കും വര്‍ഗീയ അജണ്ടയെന്നാണ് വ്യക്തമാകുന്നത്. ആന്റണിയുടെ പ്രചരണങ്ങളൊന്നും തീരപ്രദേശങ്ങളില്‍ പോലും ചലനമുണ്ടായില്ലെന്നാണ് ഇവിടങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞതിലൂടെ മനസ്സിലാകുന്നത്. ഇരുമുന്നണികളില്‍ നിന്നും വോട്ടുചോര്‍ന്നത് രാജഗോപാലിന് വന്‍പ്രതീക്ഷയാണ് നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാരിനെ വിലയിരുത്തുന്ന നിലയിലാണ് പൊതുവെ ലോക്സഭാ തെരഞ്ഞെടുപ്പിനെ കാണുക. അത് അബദ്ധമാകുമെന്ന് ബോധ്യമായപ്പോഴാണ് ഉമ്മന്‍ചാണ്ടി തന്റെ സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. ഇതിനു പിന്നിലും ഒരു വര്‍ഗീയ അജണ്ടയില്ലേ എന്ന സംശയം ശക്തമാണ്. കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലാക്കിയാല് കേരളത്തില്‍ യുഡിഎഫിന് വട്ടപ്പൂജ്യമാകും. എന്നാല്‍ തന്റെ സര്‍ക്കാറിനെയാണ് വിലയിരുത്തുന്നതെന്ന് പറഞ്ഞാല്‍ ഒപ്പം നല്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. കേന്ദ്രഭരണം എന്തായാലും കോണ്‍ഗ്രസിന് നഷ്ടപ്പെടും. കേരളത്തിലെങ്കിലും പിടിച്ചുനില്ക്കാന് സഹകരിക്കണമെന്ന അപേക്ഷയായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: