മിര്‍പൂര്‍: ശ്രീലങ്കക്കെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇഴഞ്ഞ ബാറ്റിംഗിനെത്തുടര്‍ന്ന് ഏറെ പഴികേട്ട യുവരാജ്സിംഗിന് പിന്തുണയുമായി ക്യാപ്റ്റന്‍ ധോണി രംഗത്തെത്തി. കഴിഞ്ഞത് യുവിയുടെ മോശം ദിവസമായിരുന്നുവെന്നും കഴിവിന്റെ പരമാവധി വേഗത്തില്‍ റണ്ണെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധോണി പറഞ്ഞു.
ആദ്യ പന്തു മുതല്‍ അടിച്ചു തകര്‍ക്കുക എന്നത് എളുപ്പമുള്ള സംഗതിയല്ല. എങ്കിലും യുവി തനിക്ക് കഴിയുന്നതുപോലെയെല്ലാം റണ്‍നിരക്ക് കൂട്ടാന്‍ ശ്രമിച്ചു. മത്സരത്തിനിടെ യുവിയുടെ മെല്ലെപ്പോക്ക് കണ്ട് പ്രത്യേക സന്ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും ധോണി പറഞ്ഞു.
എന്നാല്‍ യുവരാജിന്റെ ഭാവി എന്താകുമെന്ന ചോദ്യത്തിന് ധോണി വ്യക്തമായ മറുപടി നല്‍കിയില്ല. ഇന്ത്യയുടെ ക്രിക്കറ്റ് സീസണ് അവസാനിച്ചുവെന്നും അടുത്ത സീസണ് മുമ്പ് ഒരുപാട് സമയമുണ്ടെന്നും ധോണി പറഞ്ഞു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ സംസാരിക്കേണ്ടെന്നായിരുന്നു ധോണിയുടെ പ്രതികരണം. യുവിയുടെ പ്രകടനത്തില്‍ ആരാധകര്‍ക്ക് ദേഷ്യമുണ്ടാവാം. എന്നാല്‍ അവര്‍ ഒരുകാര്യം മനസ്സിലാക്കണം. സ്വന്തം പ്രകടനത്തില്‍ ഗ്രൗണ്ടിലിറങ്ങിയ യുവി മറ്റാരേക്കാളും നിരാശനാണ്. കളിക്കാരനെന്ന നിലയില്‍ 40,000 കാണികള്‍ക്ക് മുമ്പില്‍ ആരും മോശം പ്രകടനം നടത്താന്‍ ആഗ്രഹിക്കില്ല. ക്യാച്ചുകള്‍ കൈവിടാന്‍ ആഗ്രഹിക്കില്ല. ഏതു കളിക്കാരനും ഒരു മോശം ദിവസമുണ്ടാകും. യുവിക്കും അതാണ് സംഭവിച്ചത്.
യുവിയുടെ മെല്ലെപ്പോക്കാണോ തോല്‍വിക്ക് കാരണമെന്ന ചോദ്യത്തിന് അതെല്ലാം ടീമിനെ സംബന്ധിക്കുന്ന കാര്യങ്ങളാണെന്നും അതുകൊണ്ട് വ്യക്തിഗതപ്രകടനങ്ങളെക്കുറിച്ച് പറയുന്നതില്‍ കാര്യമില്ലെന്നും ധോണി പറഞ്ഞു. വൈഡ് യോര്‍ക്കറുകള്‍ ഫലപ്രദമായി എറിയാന്‍ കഴിഞ്ഞതാണ് ലങ്കന്‍ ബൗളര്‍മാരുടെ വിജയമെന്നും ധോണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: