ശ്രീകൃഷ്ണനും ബാലരാമനും മഥുരയിലെ യാദവസേനയും ചേര്‍ന്ന് ഇരുപത്തിമൂന്നക്ഷൗഹിണിയെയും നശിപ്പിച്ചു. ജരാസന്ധനെ ബലരാമന് ബന്ധനത്തിലാക്കിയെങ്കിലും ഭഗവാന് അയാളെ മോചിപ്പിച്ചു. പതിനേഴുതവണ ജരാസന്ധന് മഥുര ഉപരോധിച്ചു. എല്ലാത്തവണയും ജരാസന്ധന് കൊണ്ടുവന്ന സൈന്യത്തെ നശിപ്പിച്ചുവെങ്കിലും ജരാസന്ധനെ വിട്ടയയ്ക്കുകയായിരുന്നു. മൂന്നൂറ്റിത്തൊണ്ണൂറ്റി ഒന്ന് അക്ഷൗഹിണിപ്പടയാണ് ഇങ്ങനെ നശിപ്പിച്ചത്. എന്നിട്ടും ജരാസന്ധനെ വധിക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്യാത്തത് ഭൂഭാരം കുറയ്ക്കുക എന്ന അവതാരലക്ഷ്യം സാധിക്കുന്നതിനുവേ ണ്ടി ആയിരുന്നുവെന്നാണ് ആചാര്യന്മാര് പറയുന്നത്. ഏതായാലും ജരാസന്ധന് ജയിച്ചു എന്നുപറയാവുന്ന രീതിയിലാണ് കാര്യങ്ങള്‍ നടന്നത്.
325. യവനേശ്വരദാഹകഃ – കാലയവനന് എന്ന യവനരാജാവിനെ (മുചുകുന്ദന്റെ നേത്രാഗ്നിയില്‍) ദഹിപ്പിച്ചവന്‍.
ജരാസന്ധന് പതിനെട്ടാം തവണയും മഥുര ഉപരോധിക്കാന്‍ ഒരുങ്ങി. അതേ സമയത്ത് കാലയവനന് എന്ന യവനരാജാവ് മൂന്നുകോടി യവന സൈനികരോടൊപ്പം മഥുര വളഞ്ഞു. ജരാസന്ധനും ഉടനെ എത്തുമെന്നുക ണ്ട് ഭഗവാന് വിശ്വകര്മാവിനെ കൊണ്ട് സമുദ്രമധ്യത്തില്‍ ദ്വാരക എന്നൊരു പട്ടണം ഉണ്ടാക്കിച്ചു. തന്റെ യോഗശക്തികൊണ്ട് മഥുരയിലുള്ള തന്റെ ജനങ്ങളെ ദ്വാരകയിലേക്ക് മാറ്റിപാര്‍പ്പിച്ചു. എന്നിട്ട് ഒരു താമരമാല കഴുത്തിലണിഞ്ഞ് ഭഗവാന് പുറത്തിറങ്ങി സാവധാനം നടന്നു. നാരദന് പറഞ്ഞു കൃഷ്ണന്റെ രൂപത്തെക്കുറിച്ചറിഞ്ഞിരിക്കുന്ന കാലയവനന് ഭഗവാനെ പിടിക്കാനായി പിന്തുടര്ന്നു. ഭയന്ന മട്ടില്‍ ഭഗവാന് ഓടിത്തുടങ്ങി. യവനന് പിന്നാലെ ഓടി. മുമ്പെ ഓടിയ ഭഗവാന് ഒരു പര്വതഗുഹയ്ക്കടുത്ത് മറഞ്ഞു. പിന്തുടര്ന്നുവന്ന യവനന് ഭഗവാനെ തേടി കണ്ടെത്താതെ കുഴങ്ങിയപ്പോള്‍ ഗുഹകണ്ട് അതിനകത്ത് കടന്നു. ഗുഹയ്ക്കകം പരിശോധിച്ചപ്പോള്‍ ഒരാള്‍ അതിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതായി കണ്ടു. തന്നെ ഇത്രയും ദൂരം ഓടിച്ചിട്ട് സുഖമായി കിടന്നുറങ്ങുന്ന കൃഷ്ണനെന്ന് കരുതി കോപിച്ച യവനന് ഉറങ്ങിക്കിടന്നയാളെ ആഞ്ഞു ചവിട്ടി. ചവിട്ടേറ്റയാള്‍ ഉറക്കമുണര്‍ന്ന് ചവിട്ടേറ്റയാളെ കോപത്തോടെ നോക്കി. ആ നോട്ടത്തില്‍ കാലയവനന് ഭസ്മമായിപ്പോയി. (ഉറങ്ങിക്കിടന്നയാളിന്റെ കഥ 327-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിട്ടുണ്ട്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: