സ്വാഭാവികമായി ഉരുവെടുക്കുന്ന ലിപി
കുഞ്ഞന്‍പിള്ള സാറിന്റെ വാദത്തില്‍ സായിപ്പു തോറ്റു എന്നു ധരിക്കരുത്. ഭാരതത്തില്‍ മലാളത്തില്‍ മാത്രം നടന്ന ലിപി നശീകരണം ഡോ.കുഞ്ഞന്‍പിള്ളയുടെ പേരിലാണറിയപ്പെടുന്നത്. അത് ആംഗ്ലോ-അമേരിക്കന്‍ വാണിജ്യതന്ത്രത്തിന്റെ വിജയമാണ്.
ആ കാലത്ത് ഞാന്‍ ഡോ.ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ കീഴില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. ദില്ലിയില്‍നിന്നു മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ട് അമേരിക്കക്കാരന് പറഞ്ഞ കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ചിരിച്ചുപോയി. “ലോകത്തെവിടെയെങ്കിലും ലിപി മാറ്റാന്‍ ശ്രമിച്ച ഭാഷകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു. ലിപി ആരെങ്കിലും കുറെപ്പേര് ചേര്‍ന്ന് ഉണ്ടാക്കിക്കൊടുക്കുന്നതല്ല. ഭാഷയെപ്പോലെ സമൂഹത്തില്‍ സ്വാഭാവികമായി ഉരുവെടുക്കുന്നതാണ് “മുസ്തഫാ കമാല്‍ പാഷ ടര്ക്കിഭാഷയുടെ ലിപി മാറ്റാന്‍ ശ്രമിച്ചതായി കേട്ടിട്ടുണ്ട്” എന്നുഞ്ഞാന്‍ പറഞ്ഞു. “എന്നിട്ടെന്തായി? വിജയിച്ചോ? കമാല്‍ പാഷ ഏകാധിപതിയായിരുന്നു. അദ്ദേഹം തന്നെ ബ്ലാക്ബോര്‍ഡും ചോക്കുമായി തെരുവുകളില്‍ ആളുകളെ വിളിച്ചുകൂട്ടി ടര്‍ക്കിഷ് ഭാഷ, റോമന്‍ ലിപിയില്‍ എഴുതാന്‍ പഠിപ്പിച്ചു. രാജ്യമൊട്ടാകെ കൊണ്ടുപിടിച്ച പ്രചാരണം ദയനീയമായി പരാജയപ്പെട്ടു” എന്നായിരുന്നു സാറിന്റെ മറുപടി.
അമേരിക്കന്‍ ഭാഷാ ശാസ്ത്ര വിദഗ്ദ്ധര്‍ ഭാരതീയ ലിപികള്ക്കെതിരെയുള്ള യുദ്ധം തുടര്‍ന്നു. അവരെ പിന്താങ്ങാന് കുറെപ്പേരെ അവര്‍ക്ക് കിട്ടുകയും ചെയ്തു. പ്രചാരണം വേണ്ടത്രയായി എന്നു തീര്‍ച്ചയായപ്പോള്‍ അലഹബാദില്‍ ഒരു ദേശീയ സമ്മേളനം വിളിച്ചുകൂട്ടി. കുറെയേറെ ഭാരതീയ ഭാഷാശാസ്ത്രജ്ഞരും അതില്‍ പങ്കെടുത്തു. അദ്ധ്യക്ഷനായി ഡോ.കെ.എം.മുന്‍ഷിയെയാണ് അവര്‍ ക്ഷണിച്ചത്. കുറെക്കാലം മുമ്പ് “ഭാരതീയ ഭാഷകള്‍ക്ക് ഒരു ലിപി മതി” എന്ന് ഒരു ആശയം അദ്ദേഹം അവതരിപ്പിച്ചിരുന്നു. അതിന്റെ പേരിലാകാം അദ്ദേഹത്തെ ക്ഷണിച്ചത്. അന്ന് അണ്ണാമല യൂണിവേഴ്സിറ്റിയില്‍ ഭാഷാശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനായിരുന്ന എന്നെയും ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു.
അമേരിക്കന്‍ ഭാഷാ ശാസ്ത്രജ്ഞര്‍ പ്രൊജക്റ്റര്‍ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഭാരതീയ ഭാഷകളില്‍ ഓരോന്നിന്റേയും ലിപി അശാസ്ത്രീയവും എഴുതാനും വായിക്കാനും ടൈപ്പ് ചെയ്യാനും വിഷമമുണ്ടാക്കുന്നതുമാണെന്ന് സ്ഥാപിച്ചു. അവര്‍ക്ക് കൈയടിയും കിട്ടി.
ഒടുവില്‍ കെ.എം.മുന്‍ഷിയുടെ ഊഴമായി. അദ്ദേഹവും സ്ലൈടും പ്രൊജക്ടുമൊക്കെയായി ഒരുങ്ങിയാണു വന്നത്. അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്ന ഭാരതീയ ലിപി സമ്പ്രദായത്തോളം ശാസ്ത്രീയമായി ലിപി മറ്റു ലോകഭാഷകള്ക്കൊന്നുമില്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. ലോകത്തു നിലവിലുള്ളതില്‍ ഏറ്റവും അശാസ്ത്രീയമായ ലിപി ഇംഗ്ലീഷും ബന്ധപ്പെട്ട ഭാഷകളുമുപയോഗിക്കുന്ന റോമന്‍ ലിപിയാണെന്നും ഈ ഭാഷകളില്‍ ഓരോ വാക്കിനും സ്പെല്ലിംഗ് പഠിക്കുന്ന ഭാരം ആ ഭാഷകള്‍ പഠിക്കുന്നവരെ ക്ലേശിപ്പിക്കുന്നുവെന്നും ഉദാഹരണങ്ങള്‍ കൊണ്ടു വ്യക്തമാക്കി. അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞരോട് അമേരിക്കയിലേക്ക് തിരിച്ചുപോയി ഇംഗ്ലീഷ് ലിപിമാലയെ ഒട്ടെങ്കിലും ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുക എന്ന് സ്നേഹപൂര്‍വം ഉപദേശിച്ചുകൊണ്ടാണ് സമ്മേളനം അവസാനിപ്പിച്ചത്.
അതിനുശേഷം ഭാരതത്തില്‍ ലിപി പരിഷ്ക്കരണ ശ്രമം ഒരേ ഒരു ഭാഷയിലേ നടന്നിട്ടുള്ളൂ. ബുദ്ധിപരമായ അടിമത്തം ഒരിക്കലും ഉപേക്ഷിക്കാനാകാത്ത കേരളീയരായ നമ്മുടെ മാതൃഭാഷയായ മലയാളത്തില്‍ മാത്രം.
മലയാളഭാഷയെ സ്നേഹിക്കുകയും ആരാധിക്കുകയും ഭാഷയ്ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കുഞ്ഞന്‍പിള്ള സാറിന്റെ പേരിലാണ് ഈ ലിപിഹത്യ അറിയപ്പെടുന്നത് എന്നത് വിചിത്രമാണ്. ഇത് സാധിച്ച വാണിജ്യതന്ത്രത്തെക്കുറിച്ച് അടുത്ത ലേഖനത്തില്‍ എഴുതാം.
(തുടരും)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: