തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ് തിരിച്ചറിയല്‍ കാര്‍ഡിനു പകരമുള്ളതല്ല. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകരം ഉപയോഗിക്കാവുന്ന 11 ഔദ്യോഗിക രേഖകളില്‍ ഒന്നു മാത്രമാണ് വോട്ടര്‍മാര്‍ക്ക് നല്കുന്ന സ്ലിപ്. സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. പുതിയതായി പേര് ചേര്‍ത്തവര്‍ക്ക് കാര്‍ഡ് നല്‍കുന്നത് പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് കാര്‍ഡുകള്‍ അവര്‍ക്ക് എത്തിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രത്യേക സത്യവാങ്മൂലം നല്‍കുകയും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ള 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കുകയും ചെയ്താല്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നല്കുന്ന സര്‍വ്വീസ് ഐഡി കാര്‍ഡുകള്‍, സഹകരണ ബാങ്കുകളുടേതൊഴിച്ചുള്ള ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ്, ആര്‍ജിഐ-എന്‍പിആര്‍ കാര്‍ഡുകള്‍, പെന്ഷന് രേഖകള്‍, വോട്ടേഴ്സ് സ്ലിപ് എന്നിവയിലേതെങ്കിലുമൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്സ് ഐഡി ഇല്ലാത്തവര്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖ.
സംസ്ഥാനത്ത് വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു മണി വരെയായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റം വരുത്തിയിട്ടുണ്ട്. പോളിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. ആറു മണിക്ക് ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്കിയ ശേഷമേ പോളിംഗ് അവസാനിപ്പിക്കുകയുള്ളൂ. പോളിംഗ് സ്റ്റേഷനുകളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. വോട്ടര്‍മാര്‍ക്ക് ക്യൂ നില്‍ക്കുന്നതിന് തണല്‍ ഉണ്ടായിരിക്കണം. രോഗികളായവര്‍ക്ക് വോട്ട് ചെയ്യുന്നതിന് പോളിംഗ് സ്റ്റേഷനുകളില്‍ വീല്‍ചെയര്‍ സംവിധാനമുണ്ടാകും. പോളിംഗ്സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ വാഹനങ്ങള്‍ അനുവദിക്കില്ലന്നും നളിനി നെറ്റോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: