പറവൂര്‍: വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന്സ്വര്ണ്ണം കവര്‍ന്നു. പറവൂര്‍ ദേശീയ പാത തിരുത്തിപ്പുറം പെട്രോള്‍ പമ്പിന് സമീപം കുനിയംന്തോടത്ത് റിട്ട.ആര്‍മി സിവില്‍ എന്‍ജിനീയറായ ജോസ് (72) ഭാര്യ റോസിലി (70) എന്നിവരെയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയവരാണ് മരിച്ച നിലയില്‍ കണ്ടത്.
ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന ജോസിന്റെ സഹോദരന് ജോര്‍ജിനെ വിവരം അറിയിച്ചു. റോസിലിയെ സ്റ്റെയര്‍ കീസിന്റെ ലാന്റിംഗില്‍ കഴുത്തിന് വെട്ടേറ്റ് ഭിത്തിയില്‍ ചാരി ഇരിക്കുന്ന നിലയിലും ജോസിനെ വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ തലയ്ക്കും പുറത്തും വെട്ടേറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. പറവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജോസിന്റെ മകന് റോജോ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പറവൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മകള്‍ ജോസിലി വിദേശത്താണ്. എറണാകുളം റൂറല്‍ എസ്പി സതീഷ് ബിനോ സംഭവസ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫാദര്‍ ചെറിയാന് കുനിയംന്തോടത്ത്, മേരി ജോസഫ്, ആലീസ്, ഉമ്മച്ചന്, ചെറിയാന്, തോമസ്, ജോര്‍ജ്ജ്, പോള്‍ വര്‍ഗീസ്, അമ്മിണി എന്നിവരാണ് സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: