കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധഗൂഢാലോചനക്കേസ് അന്വേഷിക്കില്ലെന്ന സിബിഐ നിലപാടിന് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് രാഷ്ട്രീയ ഒത്തുകളിയാണെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമ ജന്മഭൂമിയോട് പറഞ്ഞു.
സിബിഐ അന്വേഷണമില്ലെന്ന അറിയിപ്പ് വരുന്നതിന് മുന്‍പുതന്നെ അത്തരമൊരന്വേഷണം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാന്‍ സിപിഎം തയാറായത് ഇതിന്റെ തെളിവാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള കോഴിക്കോട്ട് വെച്ച് സിബിഐ അന്വേഷണം ഉണ്ടാവില്ലെന്നും അഥവാ വന്നാല്‍ തന്നെ ഈ കൂട്ടിലിട്ട തത്തയെ കൈകാര്യം ചെയ്യുന്നത് യുപിഎ ആയിരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതും ഈ ഒത്തുകളിയുടെ സൂചനയാണ്. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടതു കക്ഷികളുടെ സഹായം തേടുമെന്ന എ.കെ ആന്റണിയുടെ പ്രസ്താനവയും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്, രമ പറഞ്ഞു. എന്നാല്‍ ഈ കേസില്‍ സിബിഐ അന്വേഷണത്തിനായി നിയമ പോരാട്ടം തുടരുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും രമ പറഞ്ഞു.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി അംഗം പി മോഹനനെ അറസ്റ്റ്ചെയ്തതിനു ശേഷം സിപിഎം- കോണ്‍ഗ്രസ് രഹസ്യ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കേസ് സംബന്ധിച്ച തുടര്‍ നീക്കങ്ങള്‍ നടന്നതെന്ന് വ്യക്തമാക്കുന്നതാണ് സിബിഐ അന്വേഷണം സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരമേഖല ഡിഐജി ശങ്കര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും നിയമവിധേയമായിത്തന്നെ സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിക്കാനായിരുന്നു. സിപിഎം- കോണ്‍ഗ്രസ് ഗൂഢാലോചനയുണ്ടന്ന ആരോപണമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്.
ടി പി കേസില്‍ അന്വേഷണം നടത്താനാവില്ലെന്ന സിബിഐ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച പേഴ്സണല്‍ മന്ത്രാലയത്തിന്റെ നീക്കം രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്ന വിമര്‍ശനവും ഉയര്‍ന്നു. സിബിഐ ഏറ്റെടുക്കേണ്ടയത്ര പ്രാധാന്യം കേസിനില്ലെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ മറ്റൊരു തീരുമാനം എടുക്കുന്നത് അവര്‍ക്ക് വിഷമകരമായിരിക്കും. പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണ് സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: