കൊച്ചി: മാതൃഛായയിലെ സ്നേഹത്തണലില്‍ നിന്ന് ഇന്ത്യന്‍ നീതിന്യായ ലോകത്തെ ആദരപൂര്‍വ്വം നോക്കിക്കണ്ട ബാലന്, അവന്റെ മനസ്സിലും വക്കീലാകുകയെന്ന മോഹം ഇടം പിടിച്ചു. ഒടുവില്‍ ആ ആഗ്രഹം സഫലമായി. അച്ഛനും അമ്മയും അകാലത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ മാതൃഛായയുടെ തണലില്‍ അഭയം ലഭിച്ച പത്തനംതിട്ട സ്വദേശി പ്രഞ്ജിത് കുമാറാണ് കഠിന പ്രയത്നത്തിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നത്.
കേരള ഹൈക്കോടതില്‍ കഴിഞ്ഞ ദിവസം നടന്ന സന്നദ് എടുക്കല്‍ ചടങ്ങിനെത്തിയ 409 പേരില്‍ ഒരാളായി ആലുവ മാതൃഛായയില്‍ നിന്നെത്തിയ പ്രഞ്ജിത് കുമാറും സത്യവാചകം ചൊല്ലി, ബന്ധുക്കളും മാതൃഛായയില്‍ നിന്നുള്ളവരും അതിന് സാക്ഷികളായി. നിയമത്തില്‍ ബിരുദാനന്തര ബിരുദത്തിനായി ഗവ.ലോകോളേജില്‍ തന്നെ ചേര്‍ന്നിരിക്കുകയാണ് പ്രഞ്ജിത്.
പത്തനംതിട്ട റാന്നി തുണ്ടുപുരയിടത്തില്‍ ശശിധരന് നായരുടേയും രാജമ്മയുടേയും ഏകമകനാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് പ്രഞ്ജിത്തില് നിന്ന് മാതാപിതാക്കളെ രോഗത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നത്.
തനിച്ചായിപ്പോയ ബാലനെ ബാലഗോകുലം പ്രവര്‍ത്തകരാണ് ആലുവയിലെ മാതൃഛായയില്‍ എത്തിക്കുന്നത്. പഠിക്കാനുള്ള ആഗ്രഹത്തിന് എന്ത് സഹായം വേണമെങ്കിലും നല്കുവാനുള്ള മാതൃഛായയിലുള്ളവരുടെ സന്മനസ്സാണ് തന്നെ ഇവിടെവരെ കൊണ്ടുവന്നെത്തിച്ചതെന്ന് പ്രഞ്ജിത് പറയുന്നു. പ്ലസ്ടുവരെ കാലടിയിലെ ബ്രഹ്മാനന്ദോദയം ഹയര്‍ സെക്കന്ററി സ്കൂളിലായിരുന്നു പഠനം. അവിടെ നിന്നും എറണാകുളത്തെ ഗവണ്മെന്റ് ലോ കോളേജില്‍ നിയമ പഠനത്തിനായി ചേര്‍ന്നു. പണ്ടുതൊട്ടേ നിയമം പഠിക്കണമെന്നായിരുന്നു ആഗ്രഹം. വാര്‍ത്തകള്‍ മുടങ്ങാതെ വായിച്ചിരുന്നു. രാഷ്ട്രമീമാംസയിലായിരുന്നു ഏറെ താല്പര്യം-പ്രഞ്ജിത് പറയുന്നു. പഠിക്കാന്‍ ആഗ്രഹമുള്ള ഏതൊരു കുട്ടിയ്ക്കും മാതൃഛായ അതിനുള്ള സൗകര്യം ഒരുക്കുന്നു. മെറിറ്റില്‍ അഡ്മിഷന് നേടാനുള്ള മാര്‍ക്ക് ഉണ്ടാവണമെന്ന് മാത്രം.
13 വര്‍ഷമായി സന്നദ്ധ സംഘടനയായ മാതൃഛായയുടെ സ്വന്തം കുട്ടിയാണ് പ്രഞ്ജിത്. ആത്മകഥയും ജീവചരിത്രവും യാത്രാവിവരണങ്ങളും ഒക്കെ വായിക്കുകയാണ് പഠനത്തിന് പുറമെയുള്ള ഹോബി. ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയാരെന്ന് ചോദിച്ചപ്പോള്‍ വ്യക്തിയുടെ പേരല്ല ആ നാവില്‍ നിന്നും വീണത്. മറിച്ച് ഭഗവദ്ഗീതയെന്ന മഹദ്ഗ്രന്ഥത്തിലെ വാക്യങ്ങളാണ് ജീവിതത്തില്‍ അന്നും ഇന്നും സ്വാധീനം ചെലുത്തുന്നതെന്നായിരുന്നു മറുപടി. എന്തിനേയും തരണം ചെയ്യുന്നതിനുള്ള പ്രേരണയാണ് പ്രഞ്ജിതിന് ഭഗവദ്ഗീത.
മാതൃഛായയിലെ കുട്ടികള്‍ക്ക് പഠിക്കുന്നതിന് താന്‍ പ്രചോദനമാവുമെങ്കില്‍ അത്രയും സന്തോഷം എന്ന് പറയുന്നു പ്രഞ്ജിത്. കുട്ടികള്‍ താന്‍ നേടിയതിനേക്കാള്‍ വലിയ നേട്ടങ്ങള്‍ എത്തിപ്പിടിക്കണം. മികച്ചൊരു അഭിഭാഷകന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യണം. നല്ലൊരു വക്കീലായി അറിയപ്പെടണം.
ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്നാലാവുന്ന വിധം സഹായം ചെയ്യണം. സാമ്പത്തികമായോ അല്ലാതെയോ എവിടെ എത്തുന്നുവോ അവിടെ നിന്നുകൊണ്ട് ചുറ്റുമുള്ളവരെ സഹായിക്കണം. ഇതൊക്കെയാണ് പ്രഞ്ജിത് കുമാറിന്റെ ആഗ്രഹങ്ങള്‍.
ആരും ഇല്ല എന്ന തോന്നലൊന്നും പ്രഞ്ജിത്തിന് ഇല്ല. വഴിതെറ്റി പ്പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും ഈശ്വരന് കൈപിടിച്ച് നേര്‍വഴി നടത്തി പ്രഞ്ജിത് പറയുന്നു. നാട്ടിലുള്ള ബന്ധുക്കളുമായി ഇപ്പോഴും ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഇടയ്ക്കൊക്കെ അവരുടെയടുത്ത് പോകാറുമുണ്ട്. തന്റെ നേട്ടത്തില്‍ അവരെല്ലാം സന്തോഷിക്കുന്നുണ്ടെന്നും പ്രഞ്ജിത് പറഞ്ഞു. നന്നായി വരണമെന്ന് അനുഗ്രഹിച്ചവരേയും സഹായിച്ചവരേയും പ്രാര്‍ത്ഥിച്ചവരേയും ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഈ ഇരുപത്തിമൂന്നുകാരന് ഓര്‍ക്കുന്നത്. ഒപ്പം പ്രാര്‍ത്ഥനയും അനുഗ്രഹവും എല്ലാം തുടര്‍ന്നും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയും..
വിനീത വേണാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: