ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന് എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കേണ്ട പ്രധാന്യം കേസിനില്ലെന്ന് സിബിഐ വക്താവ് കഞ്ചന്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണവും വിചാരണയും പൂര്‍ത്തിയായി പ്രതികള്‍ക്ക് കോടതി ശിക്ഷയും വിധിച്ചതാണ്. സിബിഐ അന്വേഷിച്ചതുകൊണ്ട് കൂടുതല്‍ എന്തെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയും ഇല്ല, ഇതാണ് ദേശീയ ഏജന്‍സിയുടെ നിലപാട്. കേരളത്തില്‍ ആവശ്യത്തിലധികം കേസുകള്‍ ഇപ്പോള്‍ത്തന്നെ സിബിഐ അന്വേഷിക്കുന്നുണ്ടെന്നും സിബിഐ വക്താവ് കൂട്ടിച്ചേര്‍ത്തു. പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അന്വേഷണത്തിനെതിരായ നിലപാടിലേക്ക് സിബിഐ എത്തിച്ചേര്‍ന്നത്. അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന നിലപാട് ഉടന്‍ തന്നെ സിബിഐ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി കൈമാറും.
ടി.പി കേസിലെ സിപിഎം നേതാക്കളുള്‍പ്പെട്ട ഗൂഢാലോചനയേപ്പറ്റി അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ മാസമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഉന്നതതല ഗൂഢാലോചനയും പുറമെനിന്നുള്ള സാമ്പത്തികബന്ധങ്ങളും കേസിലെ പ്രതികള്ക്കുണ്ടെന്നും അന്വേഷണം മറ്റൊരു ഏജന്‍സിക്ക് വിടണമെന്നും ഉത്തരമേഖലാ ഐ.ജി ശങ്കര്‍ റെഡ്ഡി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇത്തരം നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന സിബിഐയുടെ ചുമതലയുള്ള കേന്ദ്രപേഴ്സണല് മന്ത്രാലയത്തിനാണ് കൈമാറിയത്. പേഴ്സണല്‍ മന്ത്രാലയം ഇക്കാര്യത്തില്‍ സിബിഐയോട് അഭിപ്രായം തേടിയതിനുള്ള മറുപടിയിലാണ് കേസന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ഏജന്‍സി അറിയിച്ചിരിക്കുന്നത്.
സംസ്ഥാന പോലീസ് അന്വേഷിച്ച് വിചാരണയും പൂര്‍ത്തിയായി ശിക്ഷ വിധിച്ച കേസുകളില്‍ പുനരന്വേഷണം നടത്തേണ്ടതില്ലെന്ന കീഴ്വഴക്കമനുസരിച്ചാണ് ടി.പി കേസ് ഏറ്റെടുക്കേണ്ടെന്ന തീരുമാനം. 2003ലെ മാറാട് കൂട്ടക്കൊലക്കേസിലും ഇതേ പേരിലാണ് അന്വേഷണത്തിന് സിബിഐ തയ്യാറാവാതിരുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ടി.പി വധക്കേസിലെ പ്രതികളായ സിപിഎം നേതാക്കളുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ നല്കിയ പരാതിയിലാണ് എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ ധാരണ പ്രകാരം കേസ് പിന്നീട് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുകയും ചെയ്തു.
യുഡിഎഫ് സര്‍ക്കാരും ആര്‍എംപിയും തമ്മിലുള്ള ധാരണപ്രകാരമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐക്ക് കൈമാറിയതെന്ന ആക്ഷേപം സിപിഎം നേതൃത്വം ഉന്നയിച്ചിരുന്നു. കേസില്‍ പുതിയതായി യാതൊന്നുമില്ലെന്നും സിപിഎം നേതാക്കളെ കുടുക്കുന്നതിനായി നടന്ന ശ്രമങ്ങളുടെ ഫലമായാണ് പുതിയ ഗൂഢാലോചനക്കേസെന്നുമായിരുന്നു സിപിഎമ്മിന്റെ ആക്ഷേപം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: