ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിനെതിരെ പാക്കിസ്ഥാന് പ്രത്യേക കോടതി രാജ്യ ദ്രോഹത്തിന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. കുറ്റം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ വിധിക്കാം. ഇത്തരം നടപടി നേരിടേണ്ടി വരുന്ന ആദ്യ സൈനിക മേധാവിയാണ് മുഷ്റഫ്. അദ്ദേഹം പ്രസിഡന്റായിരിക്കെ 2007ല്‍ ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരിലാണ് കുറ്റപത്രം.
ജസ്റ്റീസ് ഫൈസല്‍ അറബ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അദ്ദേഹത്തിനെതിരെയുള്ള അഞ്ച് കുറ്റങ്ങളും കോടതിയില്‍ വായിച്ചത്. ആര്‍ട്ടിക്കിള്‍ ആറ് പ്രകാരമുള്ള രാജ്യദ്രോഹ കുറ്റമാണ് മുഷ്റഫിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ച മുഷ്റഫ് എല്ലാ കുറ്റവും നിഷേധിച്ചു. എന്തിനാണ് തന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 45 വര്‍ഷം ഞാന്‍ സൈന്യസേവനം നടത്തി. രണ്ടു യുദ്ധങ്ങളില്‍ പങ്കെടുത്തു.
ഒന്‍പതു വര്‍ഷം താന്‍ സൈനികമേധാവിയായിരുന്നു. ഇതാണോ രാജ്യദ്രോഹം മുഷാറഫ് കോടതിയോട് ചോദിച്ചു. താന്‍ കോടതിയെയും വിചാരണയെയും ബഹുമാനിക്കുന്നു. തനിക്ക് ലവലേശം പോലും അഹംഭാവമില്ല. ഈ വര്‍ഷം താന്‍ 16 തവണ വിവിധ കോടതികളില്‍ ഹാജരായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ രോഗബാധയെ തുടര്‍ന്ന് അവശയായി കിടക്കുന്ന അമ്മയെ കാണാന്‍ മുഷ്റഫിന് ഇന്ന് വിദേശത്തേക്ക് പോകേണ്ടതുണ്ടെന്നും അതിനാല്‍ കുറ്റം ചുമത്തരുതെന്നും മുഷ്റഫിന്റെ അഭിഭാഷകന് വാദിച്ചിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ഈ വര്‍ഷം ആദ്യം മുതല്‍ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഷ്റഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: