311. ശൂരവംശസമുദ്ഭൂതഃ – ശൂരന്റെ വംശത്തില്‍ പിറന്നവന്.
പ്രസിദ്ധനായ ഒരു യാദവരാജാവായിരുന്നു ശൂരസേനന്. യദുവംശത്തിലെ ആദ്യത്തെ രാജാവായിരുന്ന ശൂരസേനന്റെ പുത്രനായിരുന്നു ശ്രീകൃഷ്ണന്റെ പിതാവായ വാസുദേവന്‍.
312. കേശവ : കേശവന്. വിഷ്ണുപര്യായമായും കൃഷ്ണന്റെ പദ്യമായും കേശവശബ്ദം പ്രസിദ്ധമാണ്. ഈ പദത്തെ ആചാര്യന്മാര് പലവിധത്തില്‍ വ്യാഖ്യാനിക്കുന്നു. ചിലതുമാത്രം ഇവിടെ സ്വീകരിക്കുന്നു. 1. കൃഷ്ണാവതാരത്തില്‍ കേശി എന്ന അസുരനെ വധിച്ചതുകൊണ്ട് കേശവന് എന്നുപേര്. അടുത്തനാമം ഈ ലീല സംഗ്രഹിക്കുന്നുണ്ട്. 2. ‘ക’ എന്ന പദം ബ്രഹ്മാവിനെയും ‘ഈശ’ എന്ന പദം ശിവനെയും കുറിക്കുന്നു. ബ്രഹ്മാവിനും ശിവനും ഉത്പത്തികാണമാകയാല് വിഷ്ണുവിന് ‘കേശവഃ’ എന്നുപേര്. 3. മനോഹരമായ കേശഭാരമുള്ളതിനാല് കേശവന്. 4. സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശരശ്മികളാകുന്ന കേശങ്ങളുമുള്ളതിനാല് കേശവന്. ഇനിയും പലവ്യാഖ്യാനങ്ങളുള്ളവ ഒഴിവാക്കുന്നു.
313. കേശസൂദനഃ – കേശി എന്ന അസുരനെ വധിച്ചവന്. കംസന്റെ ഉറ്റ ബന്ധുവാണ് കേശി എന്ന അസുരന്. കംസന്റെ പ്രേരണകൊണ്ട് കേശി വലിയ ഒരു കുതിരയുടെ രൂപത്തില്‍ കൃഷ്ണനെ കൊല്ലാനെത്തി. ഘോരമായ ഹേഷാരവം കൊണ്ട് ഏവരെയെല്ലാം കടിച്ചും ചവിട്ടിയും അവശരാക്കിയിട്ട് ഭഗവാന്റെ മുന്നില്‍ ചാടിവീണു. ഭഗവാനെ കണ്ടയുടനെ അവര്‍ ചാടിയുയര്‍ന്ന് നെഞ്ചില്‍ തൊഴിച്ചു. കുളമ്പുശരീരത്തില് തട്ടാതെ ഒഴിഞ്ഞുമാറിയിട്ട് ഭഗവാന് അവനെ ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അവന് വീണ്ടും പാഞ്ഞെത്തി ഭഗവാനെ കീഴടക്കാനായി വാ തുറന്നു. തുറന്ന വായ്ക്കകത്തേക്ക് ഭഗവാന് തന്റെ കൈകടത്തി. കൈ പെട്ടെന്ന് വലുതാക്കി. അവനുശ്വാസം കഴിക്കാന്‍ ആകാതെയായി. കേശി മരിച്ചുവീണു. ദേവന്മാര് കേശവന് എന്നു ഭഗവാനെ സ്തുതിച്ചു. (നാരായണീയം 71-ാം ദശകം ഈലീല പ്രതിപാദിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: