കൊച്ചി: നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെങ്കിലും പ്രൊഫ. ടി.ജെ. ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മനുഷ്യസ്നേഹികള്‍ക്ക് ആശ്വാസം പകരുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട പ്രൊഫസര്‍ക്ക് നഷ്ടപ്പെട്ടതൊന്നും തിരികെനല്കാന് ആര്‍ക്കും കഴിയില്ലെങ്കിലും സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആ കുടുംബത്തിന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പാകുകയാണ്. ഈ തീരുമാനം കുറച്ചുകൂടി നേരത്തെ എടുത്തിരുന്നെങ്കില്‍ തന്റെ പ്രിയപത്നിയുടെ ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞേനെയെന്നോര്ത്ത് വിതുമ്പുകയാണ് അദ്ദേഹം. വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും എണ്‍പത്തഞ്ച് പിന്നിട്ട വൃദ്ധമാതാവുമടങ്ങുന്ന കുടുംബം തകര്‍ച്ചയുടെ വക്കില്‍നിന്നും തിരിച്ചുനടക്കാനൊരുങ്ങുകയാണ്.
നാളെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പ്രൊഫ. ടി.ജെ. ജോസഫ് വീണ്ടും ജോലിയില്‍ പ്രവേശിക്കും. കോളേജിലേക്കുള്ള പുനഃപ്രവേശനം സമ്മിശ്ര പ്രതികരണങ്ങളാണ് പ്രൊഫ. ജോസഫിന്റെ മനസിലുയര്ത്തുന്നത്. കൂടെനിന്നവരെയും ആശ്വസിപ്പിച്ചവരെയും നന്ദിയോടെയും സ്നേഹത്തോടെയും ഓര്‍ക്കുന്നു. വീണുപോയപ്പോള്‍ ശത്രുക്കളെപ്പോലെ കല്ലെറിഞ്ഞവരോട് വിദ്വേഷമില്ല. എല്ലാം ഒരു ദുഃസ്വപ്നം പോലെ മറക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മൂന്ന് ദിവസമാണ് ഇനി സര്‍വീസ് കാലാവധി. മാര്‍ച്ച് 31 ന് വിരമിക്കും. കൂടെ വിരമിക്കുന്ന മറ്റ് സഹാധ്യാപകര്ക്കെല്ലാം കോളേജില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്മെന്റും ചേര്‍ന്ന് യാത്രയയപ്പ് നല്കിയപ്പോഴും ആരും പ്രൊഫ. ടി.ജെ. ജോസഫിന്റെ പേര് ഓര്‍ത്തില്ല. പറഞ്ഞുമില്ല. ഇനി ഒരു യാത്രയയപ്പ്; ചടങ്ങുകള്‍. അതൊന്ന് പ്രതീക്ഷിക്കുന്നില്ല,ആ മനസ്സ്.
കുട്ടികളുടെയും കുടുംബത്തിന്റെയും ഭാവിയെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്ത. കൈവെട്ട് കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
തെറ്റിദ്ധാരണയാണ് തനിക്കുനേരെ ആയുധമെടുക്കാന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചതെന്ന് ഇപ്പോഴും കരുതുന്നു പ്രൊഫസര്‍. മനഃപൂര്‍വം ആരെയും അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല. പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍നിന്നെടുത്ത ഭാഗമാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയത്. പേരില്ലാതിരുന്ന കഥാപാത്രത്തിന് എഴുത്തുകാരന്റെ പേര് നല്‍കുകയും ചെയ്തു. അതിങ്ങനെയൊക്കെ കലാശിക്കുമെന്ന് കരുതിയിരുന്നില്ല. പലപ്രാവശ്യം പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീവ്രവാദികള്‍ 2010 ജൂലൈ നാലിന് രാവിലെ പള്ളിയില്‍നിന്ന് മടങ്ങിവരും വഴി പ്രൊഫ. ജോസഫിന്റെ കൈ വെട്ടിമാറ്റിയത്.
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച് പുനര്ജന്മം നേടിയെടുക്കാന്‍ കരുത്തായത് ഭാര്യ സലോമിയുടെ സാന്നിധ്യമായിരുന്നു. ഒപ്പം കേരളത്തിന്റെ മനഃസാക്ഷിയുടെ പ്രാര്‍ത്ഥനയും. സലോമിയുടെ വേര്‍പാട് ഏറെ തളര്‍ത്തിയിരുന്നു. പ്രാണനെപ്പോലെ സ്നേഹിച്ച സഭയുടെ നിലപാടുകളും ഏറെ വേദനിപ്പിച്ചു. ഒടുവില്‍ ഏറെ വൈകിയെങ്കിലും നീതിയുടെ വാതിലുകള്‍ പ്രൊഫ. ജോസഫിന് മുന്നില്‍ തുറക്കുകയാണ് നാളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: