കൊച്ചി: കേരളത്തില്‍ ഇതുവരെ നടപ്പിലാക്കാന്‍ കഴിയാത്ത ഭക്ഷ്യ സുരക്ഷാ നിയമം ഭരണ നേട്ടമായ് ഉയര്ത്തത്തിക്കാട്ടി യുഡിഎഫ് എറണാകുളം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്വെന്ഷന്. ഒന്നേകാല്‍ ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിച്ച ഭക്ഷ്യസുരക്ഷാ ബില്‍ എല്ലാ കടമ്പകളും കടന്ന് സാധ്യമാക്കിയ കെ.വി.തോമസിനെ അഭിനന്ദിക്കുന്നു എന്ന ഒരു വരിയില്‍ മാത്രം പ്രശംസ ഒതുക്കി അമിത ആത്മവിശ്വാസം പരാജയം ക്ഷണിച്ച് വരുത്തുമെന്ന് തോമസിനെ ഒര്‍മ്മിപ്പിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിച്ചത്.
തുടര്‍ന്ന് പ്രസംഗിച്ച മന്ത്രി ഇബ്രാഹിംകുഞ്ഞുള്പ്പെടെ നേട്ടങ്ങളോ നിര്‍ദ്ദേശങ്ങളോ പറയാതെ യോഗം വിരസമാക്കിയപ്പോള്‍ ടി.എച്ച്.മുസ്തഫയുടെ ആക്ഷേപം കലര്‍ന്ന പ്രസംഗമാണ് അണികളെ അല്പമെങ്കിലും പിടിച്ചിരുത്തിയതെന്നു വേണം പറയാന്‍. സരിതയും അബ്ദുള്ളക്കുട്ടിയും വരെ കടന്നു വന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പത്മജ വേണുഗോപാലിന്റെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ വന്നവരെ പോലും തിരിച്ചറിയാന്‍ കഴിയാത്തവരായിരുന്നു മുന്‍കാലങ്ങളില്‍ ബൂത്തുകളില്‍ ഉണ്ടായിരുന്നത്. ആ സ്ഥിതി ഇത്തവണ വരരുതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
രമേശ് ചെന്നിത്തലയോടൊപ്പം ഭൂരിഭാഗം പ്രവര്‍ത്തകരും വേദി വിട്ടു. ശുഷ്കമായ വേദിയിലാണ് കെ.വി.തോമസ് പ്രസംഗം ആരംഭിച്ചത്. കല്ലുകടിയോടെയാണ് തോമസ് പ്രസംഗം ആരംഭിച്ചത്.
മെട്രോയുടെ ആലോചന താന്‍ കേരളത്തില്‍ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ചതാണെന്നു പറഞ്ഞെങ്കിലും ഡിഎംആര്‍സിയെ കൊണ്ടുവന്നത് ഉള്‍പ്പെടെയുള്ള നേട്ടങ്ങളുടെ ക്രെഡിറ്റ് എ.കെ.ആന്റണിക്കും വയലാര്‍ രവിക്കുമാണെന്നാണ് തോമസ് പറഞ്ഞത്. ഒരുമണിക്കൂറോളം നീണ്ട കെ.വി.തോമസിന്റെ പ്രസംഗത്തില്‍ കോണ്ഗ്രസ്സിനെകുറിച്ചും, എ.കെ.ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, സോണിയ ഗാന്ധി, മന്മോഹന് സിംഗ് എന്നീ നേതാക്കളെ കുറിച്ചും മാത്രം സംസാരിച്ചത് വേദിയില്‍ പ്രതിഷേധത്തിനിടയാക്കി. ബെന്നി ബഹനാന് ഇടപെട്ട് ഇത് യുഡിഎഫ് കണ്‍വന്‍ഷനാണ് എന്ന് തിരുത്തിയതിനു ശേഷവും വളരെ ചുരുക്കം മാത്രമെ യുഡിഎഫ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കടന്നു വന്നുള്ളു.
യുഡിഎഫ് ഇലക്ഷന് കമ്മറ്റിയെ പ്രഖ്യാപിച്ചതും വേദിയില്‍ തര്‍ക്കത്തിനിടയാക്കി. യുവജന പ്രസ്ഥാനങ്ങളെ ഒഴിവാക്കി കൊണ്ടുള്ള കമ്മിറ്റിക്കെതിരെ വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി വന്നു. തുടര്‍ന്ന് ഡൊമനിക് പ്രസന്റേഷന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞാണ് കമ്മിറ്റി ചെയര്മാന്, ജനറല്‍ കണ്‍വീനര്‍ ബെന്നി ബഹനാന്, മീഡിയ കണ്‍വീനര്‍ പി.എന്‍.പ്രസന്നന്, പബ്ലിസിറ്റി കണ്‍വീനര്‍ ഹൈബി ഈഡന്, ചീഫ് ഇലക്ഷന് ഓഫീസര്‍ അജയ് തറയില്‍ എന്നിവരെയും തിരഞ്ഞെടുത്തു.
കേന്ദ്ര നോമിനി എന്ന ലേബലിലാണ് ഇപ്പോഴും പ്രൊഫ.കെ.വി.തോമസ് എന്നത് കണ്‍വന്‍ഷനില്‍ പ്രകടമായിരുന്നു. പ്രവര്‍ത്തകര്‍ നേതാവായി അംഗികരിക്കാത്തത് മണ്ഡലത്തിലെ തണുപ്പന്‍ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: