കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അവസാന രൂപമാകുന്നതിനു മുന്‍പുതന്നെ തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്കിറങ്ങിയ പ്രൊഫ.കെ.വി.തോമസിനെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണങ്ങള്‍ തന്നെയായിരിക്കും. മെട്രോ പദ്ധതി വൈകുന്നത്, മെട്രോക്ക് വേണ്ടി സ്ഥലം വിട്ടു നല്‍കാതെ നിഷേധാത്മക നിലപാടെടുക്കുന്ന റെയില്‍വെയുടെ നടപടി, നഗരത്തിലെ ഗതാഗത കുരുക്ക്, കുടിവെള്ള പ്രശ്നം അങ്ങനെ പോകുന്നു പ്രശ്നങ്ങളുടെ നീണ്ട നിര. മെട്രോയുടെ അവകാശം ഊദിപ്പെരുപ്പിച്ച് കാണിക്കുക മാത്രമാണ് കെ.വി.തോമസ് ചെയ്യുന്നതെന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ഓള്‍ഡ് റെയില്‍വെ സ്റ്റേഷന്റെ വികസനത്തിനു വേണ്ട യാതൊരു നടപടികളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്നും പരാതിയുണ്ട്. കൊടും ചൂടില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം തന്നെയാണ്. അതിനു പരിഹാരമായി ഒരു പദ്ധതിയും നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല്.
ഒരു തുണ്ടു ഭൂമിയുള്ള സാധാരണക്കാര്‍ വരെ ഭൂമി മെട്രോക്ക് വേണ്ടി വിട്ടു കൊടുക്കാന്‍ തയ്യാറായപ്പോള്‍ കേന്ദ്രമന്ത്രിയായ പ്രൊഫ.കെ.വി.തോമസ് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സ്ഥലം വിട്ടുകൊടുക്കണമെങ്കില്‍ മാര്‍ക്കറ്റ് വിലനല്കണം, പൊളിച്ചു നീക്കുന്ന കെട്ടിടങ്ങള്‍ പണിതു നല്‍കണം തുടങ്ങിയ ന്യായങ്ങളുമായി റെയില്‍വെ വന്നതെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നടപ്പാക്കാന്‍ ബൂദ്ധിമുട്ടുള്ള കോടികളുടെ പദ്ധതികളല്ലാതെ സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്ത് പദ്ധതിയാണ് മന്ത്രി എന്ന നിലയില്‍ തോമസിനു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളതെന്നാണ് എതിരാളികളുടെ ചോദ്യം. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കുമ്പളങ്ങിയില്‍ പോലും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വെയിലു കൊള്ളാതെ തന്നെ ജയിക്കാന്‍ കഴിയുമെന്ന അമിത വിശ്വാസത്തിലാണ് കോണ്‍ഗ്രസ്സും കെ.വി.തോമസ്സും. സ്ഥാനാര്‍ത്ഥി ദൗര്‍ലഭ്യം നേരിടുന്ന സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റി ഫെര്ണ്ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ വിജയം സുനിശ്ചിതമായി എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മോഡി തരംഗം സൃഷ്ടിച്ച രാഷ്ട്രീയ മാറ്റം വോട്ടാക്കി മാറ്റുന്നതില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം തോമസ്സിന്റെ അനായാസ വിജയത്തിന് മങ്ങലേല്പിക്കുമെന്ന് തീര്‍ച്ച. കൂടാതെ അദ്ദേഹത്തെ കാത്തിരിക്കുന്ന പരാതികളുടെ നീണ്ട നിരയും പ്രൊഫ.തോമസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: