മട്ടാഞ്ചേരി: കനാല്‍ കൈവഴിയിലെ കൂരയില്‍നിന്ന് കൗലു കുടിയൊഴിയുന്നു. രാമേശ്വരം കനാല്‍ കൈവഴിയില്‍ പാടശ്ശേരി പറമ്പില്‍ പുറമ്പോക്കിലും കനാലിലുമായി കെട്ടിയുയര്‍ത്തിയ കൂരയില്‍നിന്ന് മാര്‍ച്ച് 30 ന് കൗലവും ഭര്‍ത്താവ് ഈസഹാക്കും മൂന്നാം തലമുറയിലെ ഒരു വയസ്സുകാരനുമടക്കം എട്ടംഗങ്ങളാണ് കുടിയൊഴിയുന്നത്. കനാല്‍ പുറമ്പോക്ക് കുടിയൊഴിപ്പിക്കല്‍ പദ്ധതി വിഹിതവും ഇതര ധനസഹായവും ചേര്‍ത്ത് വാങ്ങിയ സ്വന്തം വീടിന്റെ താക്കോല്‍ 16 ന് കൗലു-ഈസഹാക്ക് ദമ്പതികള്‍ക്ക ലഭിക്കും. പിന്നീട് വീട്ടുപകരണങ്ങള്‍ നീക്കി കൗലു കനാല്‍ കൈവഴിയിലെ കൂര പൊളിച്ചു നീക്കും.
മൂന്നര പതിറ്റാണ്ടിന്റെ യാതന ജീവിതമാണ് കൗലു-ഈസഹാക്ക് കുടുംബം കനാല്‍ കൈവരി കൂരയില്‍ നയിച്ചത്. അരസെന്റില്‍ താഴെയുള്ള പുറമ്പോക്ക് ഭൂമിയില്‍ കനാലിലേക്ക് പലകകള്‍ നിരത്തി പ്ലാസ്റ്റിക് ഷീറ്റുമായി ചേര്‍ത്തുണ്ടാക്കിയ കൂര കൗലുവിനും മൂന്ന് തലമുറ മക്കള്‍ക്കും കൊട്ടാരസമാന ഭവനമായിരുന്നു. ഓട്ടോ ഡ്രൈവറായ ഈസഹാക്കുമായുള്ള വിവാഹത്തെത്തുടര്‍ന്ന് കരിപ്പാലത്തെത്തിയ കൗലുവിന് ഭര്‍ത്താവിന്റെ ഭവനത്തില്‍ അധികനാള്‍ കഴിയാനായില്ല. ഭര്‍ത്താവ് ഈസഹാക്കും നാല് മക്കളുമായി വീടുവിട്ടിറങ്ങിയ കൗലു 1978 ലാണ് രാമേശ്വരം കനാല്‍ കൈവഴിയിലെ ഷെഡ്ഡ് 1000 രൂപ നല്കി കാദറില്‍നിന്ന് വാങ്ങിയത്. തുടര്‍ന്ന് കനാലിലേക്ക് കുറ്റിയില്‍ പലകകള്‍ നിരത്തി ചെറിയ കൂര നിര്‍മിച്ചു. അയല്‍വാസികളുടെ സഹകരണത്തോടെയുള്ള ‘കൂര’യിലെ ജീവിതത്തിനിടയില്‍ നാല് മക്കളുടെ ജനനവും രണ്ടുമക്കളുടെ മരണവും ആറ് മക്കളുടെ വിവാഹവും ഒരു മകളുടെ വിവാഹമോചനവും കണ്ടുള്ളതായിരുന്നു കൗലു ഈസഹാക്കിന്റെ ജീവിതം.
വീടിനോട് ചേര്‍ന്ന് കൈവരിയില്‍ പൂക്കളും പച്ചക്കറിയും നട്ട്, ചെറിയ മിഠായി കച്ചവടവും നടത്തി ഭര്‍ത്താവിന്റെ ചെറുവരുമാനവും ചേര്‍ത്ത് തലമുറകളെ വളര്‍ത്തിയ കൗലു ഒരു മകളെ ഇഷ്ടാനുസരണം ഒരു ഹിന്ദുവിന് വിവാഹം ചെയ്ത് നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഘട്ടത്തിലും പാര്‍പ്പിട പദ്ധതി ഘട്ടത്തിലും വാഗ്ദാനങ്ങള്‍ മാത്രം നല്കിയ രാഷ്ട്രീയക്കാരുടെ വഞ്ചനക്കിടയില്‍ വൈദ്യുതിയും റേഷന്‍കാര്‍ഡുമില്ലാതെ എല്ലാം സഹിച്ച് കൗലു കുടുംബത്തെ നയിച്ചു മുന്നേറി. 90 കളില്‍ താല്‍ക്കാലിക വീട്ടുനമ്പര്‍ ലഭിച്ചതോടെ വൈദ്യുതി ലഭിച്ചുവെങ്കിലും കൗലുവിന്റെ വൈദ്യുതി ബില്‍ തുക വാണിജ്യ നിരക്കിലാണ് കണക്കാക്കിയിരുന്നത്. ഈസഹാക്ക്, കൗലു, മക്കളായ റംല, ബഷീര്‍, മരുമകള്‍ നസ്റീന്, പേരക്കുട്ടികളായ നിയാസ്, ഷമീര്‍, ആല്‍ഷ (ഒരു വയസ്സ്) എന്നിവരടങ്ങുന്ന എട്ടുപേരാണ് ഇന്നും കനാല്‍ കൈവരി കൂരയില്‍ താമസിക്കുന്നത്. ഫാനും ടിവിയും ഫ്രിഡ്ജും അലമാരയുമെല്ലാമുള്ള കൗലുവിന്റെ കൂരയിലെ അന്തിയുറക്കം കനാലിന് മുകളില്‍ നിരത്തിയ പലകയിലാണ്. കരുവേലിപ്പടിക്ക് സമീപം വാങ്ങിയ പുതിയ വീട്ടിലേക്ക് മാറുമ്പോഴും കഷ്ടകാലത്ത് കിടന്നുറങ്ങിയ ‘കൂര’യും സ്നേഹമുള്ള അയല്‍ക്കാരേയും ഉപേക്ഷിച്ചുള്ള കുടിയിറക്ക് ദുഃഖത്തിലാണ് കൗലു. ഒപ്പം ദുരിതജീവിതത്തില്‍നിന്നുള്ള “മോക്ഷ”ത്തിന്റെ സന്തോഷമുണ്ട്. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കിയും സര്‍ക്കാര്‍ സഹായം നല്‍കിയും കനാല്‍ കൈവരി ‘കൂര’യില്നിന്ന് മോചനം നല്കാന് സഹായിച്ചവരോട് നന്ദി പറഞ്ഞ് കൗലു സന്തോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: