കൊച്ചി: വിവിധ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും മാതൃക പെരുമാറ്റച്ചട്ടം ബാധകമാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. ഗ്രാമീണ വികസനം ലക്ഷ്യമാക്കിയുളള ഇത്തരം പദ്ധതികളുടെ നടത്തിപ്പിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. ഇവ കര്‍ശനമായി പാലിക്കുന്നുവെന്നുറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം പുതിയ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ പുതിയ നിര്‍മാണം നടത്തുകയോ ചെയ്യരുത്. എന്നാല്‍ നേരത്തെ തിരഞ്ഞെടുക്കപ്പെടുകയും നിര്‍മാണം തുടങ്ങിയതുമായ ഭവന പദ്ധതിക്കുളള സഹായം നിയമാനുസൃതം നല്‍കാം.
സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജന പദ്ധതി പ്രകാരം പുരോഗമിക്കുന്ന പ്രവൃത്തികള്‍ തുടരാനും അതിനനുവദിച്ച ഫണ്ട് നല്‍കാനും കഴിയും. ഒരു പഞ്ചായത്തിലെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായ ശേഷം പുതിയൊരു പദ്ധതി തുടങ്ങേണ്ട ആവശ്യമുണ്ടെങ്കില്‍ നിലവിലുളള വാര്‍ഷിക പദ്ധതിയില്‍ അനുമതിയുളളതാണെങ്കില് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടെ തുടങ്ങാം. മറ്റൊരു തരത്തിലുളള ഫണ്ടുപയോഗിച്ചുളള പ്രവൃത്തിയും ഇക്കാലയളവില്‍ തുടങ്ങരുത്.
സ്വര്‍ണജയന്തി ഗ്രാമ സ്വറോസ്ഗര്‍ യോജനയില്‍ പുതിയ ഗുണഭോക്താവിനോ സ്വയം സഹായ സംഘത്തിനോ തിരഞ്ഞെടുപ്പു കഴിയും വരെ സാമ്പത്തിക സഹായം അനുവദിക്കരുത്. ഭാഗികമായ സഹായം സ്വീകരിച്ച സംഘത്തിന് ബാക്കി ഗഡു നല്‍കുന്നതിന് കുഴപ്പമില്ല. ജോലിക്കു കൂലി ഭക്ഷണം പദ്ധതി പ്രകാരം ആരംഭിച്ച പണി തുടരാം. എന്നാല്‍ 45 ദിവസത്തേക്കുളള വേതനത്തേക്കാള്‍ കൂടുതല്‍ തുക മുന്‍കൂറായി അനുവദിക്കരുത്. ദേശീയ തൊഴിലുറപ്പു പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കരുത്. ജോബ് കാര്‍ഡുളളവര്‍ ആവശ്യപ്പെട്ടാല്‍ തുടരുന്ന പ്രവൃത്തികളില്‍ തൊഴില്‍ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: