കണ്ണൂര്‍: ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെക്കാണാന് ഇന്നലെ സിപിഎം നേതാക്കള്‍ നടത്തിയ ജയില്‍ സന്ദര്‍ശനം ഇവരെ അനുനയിപ്പിക്കാനെന്ന് സൂചന. ജയിംസ് മാത്യു എംഎല്‍എ, പി.ജയരാജന്, എം.വി. ജയരാജന് എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ ചന്ദ്രശേഖരന് വധക്കേസിന് പിന്നിലെ രഹസ്യങ്ങള്‍ രാമചന്ദ്രന് വെളിപ്പെടുത്തുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്.
ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതികളില്‍ കെ.സി.രാമചന്ദ്രനെ പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കരാര്‍ ജോലിയുമായി ബന്ധപ്പെട്ട് മോഹനന് ടി.പിയോടുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അതിനാല്‍ കൊലപാതകത്തിനുത്തരവാദിയായ മോഹനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഇന്നലെ രാമചന്ദ്രന് ഉള്‍പ്പെടെയുളളവരെ സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചതോടെ പുറത്താക്കല്‍ നാടകം മാത്രമായിരുന്നുവെന്ന് വെളിവായി. അച്യുതാനന്ദെന്റ പരാതിക്ക് താത്ക്കാലം പരിഹാരം കണ്ടെത്തുക, അങ്ങനെ അച്യുതാനന്ദന്റെ വായ അടപ്പിക്കാക്കുക എന്നതായിരുന്നു ലക്ഷ്യം.
പുറത്താക്കിയ കാര്യം രാമചന്ദ്രനെ അറിയിക്കാനാണ് പോയതെന്നാണ് വാദം. പാര്‍ട്ടിയില്‍ സജീവമല്ലാത്ത, ജീവപര്യന്തം അനുഭവിക്കുന്നയാളെ പുറത്താക്കിയതറിയിക്കാനാണ് ജയില്‍ സന്ദര്‍ശനം എന്ന വാദം അപഹാസ്യമാണ്. ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കിയത് അറിയിക്കാന്‍ സംസ്ഥാന, ജില്ലാ നേതാക്കളാണോ പോകേണ്ടതെന്നും ചോദ്യമുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിതെന്നാണ് വിശദീകരണം. എന്നാല്‍ നാല്‍പ്പതു മിനിട്ടോളം രാമചന്ദ്രനുമായി ഇവര്‍ സംസാരിച്ചതെന്തെന്നാണ്ചോദ്യം. അച്ചടക്ക നടപടി തെരഞ്ഞെടുപ്പു കഴിയുന്നതിനു പിന്നാലെ പിന്‍വലിക്കുമെന്ന ഉറപ്പ് നല്‍കാനാണ് രാമചന്ദ്രനെ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതെന്നാണ് സൂചന. രാമചന്ദ്രന് മറ്റ് ചില വാഗ്ദാനങ്ങള്‍ നല്‍കിയതായും സൂചനയുണ്ട്. കോടിയേരി ബാലകൃഷ്ണനടക്കമുളള നേതാക്കള്‍ പല ഘട്ടങ്ങളിലായി പ്രതികളെ സന്ദര്‍ശിച്ചതും ഇന്നലെത്തെ സന്ദര്‍ശനവും കൂട്ടി വായിക്കുമ്പോള്‍ ഏറെ സംശയങ്ങള്‍ ഉണ്ട്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: