കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഐഎംജിയുടെ ഡയറക്ടര്‍ ജനറലുമായ നിവേദിത പി. ഹരന് സ്ത്രീകള്‍ക്കായി തന്റെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവക്കുന്നു….
“ഓരോ വനിതാ ദിനവും കടന്നുപോകുന്നത് സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന ഓരോ സന്ദേശങ്ങ ളിലൂടെയായിരിക്കും. ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്നത് സ്ത്രീകളാണെങ്കിലും രാഷ്ട്രപുരോഗതിക്ക് സ്ത്രീകളുടെ ഭാഗത്തുനിന്ന് കൂടുതല്‍ സംഭാവനകള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനവും വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവരാണ്. ഓരോ കുടുംബത്തിന്റെയും കുടുംബ പശ്ചാത്തലവും സാമൂഹ്യ സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാന്‍ അവസരം ലഭിക്കാറില്ല. എന്നാല്‍ ഈ പ്രതികൂല അന്തരീക്ഷത്തെ അതിജീവിച്ച് മുന്നേറുന്ന ചില പെണ്‍കുട്ടികളുണ്ട്. അത്തരക്കാര്‍ മറ്റ് സ്ത്രീകള്‍ക്ക് മാതൃകയായി തൊഴില്‍രംഗത്തും വിദ്യാഭ്യാസമേഖലയിലും മികവുറ്റ പ്രകടനം ഇന്നു കാഴ്ച്ചവയ്ക്കുന്നുണ്ട്. കുടുംബത്തില്‍ അമ്മയുടെയും മുത്തശിയുടെയും കാഴ്ച്ചപ്പാടുകള്‍ സ്ത്രീശാക്തീകരണത്തിന് നിര്‍ണായകമാണ്. അവരുടെ നിലപാട് സമൂഹത്തില്‍ പെണ്‍കുട്ടികള്‍ ഉയര്‍ന്നുവരുന്നതിനെ സ്വാധീനിക്കാറുണ്ട്.
എന്റെ മുത്തശി എന്നെ എട്ടാംക്ലാസില്‍ കൂടുതല്‍ പഠിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു. കാരണം ഞങ്ങളുടെ സമൂഹത്തില്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ള കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുക പ്രയാസമേറിയ കാര്യമായിരുന്നു. എന്നാല്‍ എന്റെ അമ്മ ഞങ്ങളെ ബിരുദാനന്തരബിരുദം വരെ പഠിപ്പിച്ചു. ഇത് എന്റെ ജീവിതത്തിന് വഴിത്തിരിവായി. 21-ാം നൂറ്റാണ്ട് കണ്ടുപിടുത്തങ്ങളുടെയും സോഷ്യല്നെറ്റുവര്ക്കുകളുടെയും നൂറ്റാണ്ടാണ്. കഴിഞ്ഞകാല പാകപ്പിഴകള്‍ വിലയിരുത്തി മുന്നോട്ട് പോകേണ്ട നൂറ്റാണ്ടുകൂടിയാണിത്. സ്ത്രീകള്‍ക്ക് സമസ്ത മേഖലകളിലും മുന്നേറാനുള്ള കഴിവുണ്ട്. ആ കഴിവുകള്‍ ഉപയോഗപ്പെടുത്തി സ്ത്രീകള്‍ മുന്നോട്ടുപോകണമെന്നാണ് ഈ ദിനത്തില്‍ സ്ത്രീസമൂഹത്തോട് എനിയ്ക്ക് പറയാനുള്ളത്.”
ഷീന സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: