കൊച്ചി: വിദേശ യാത്രകള്‍ക്കായി കോര്‍പ്പറേഷനില്‍ നിന്നും പണം ഉപയോഗിച്ചിട്ടില്ലെന്ന മേയര്‍ ടോണി ചമ്മണിയുടെ വിശദീകരണം തെറ്റാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. കോര്‍പ്പറേഷനില്‍ നിന്നും 6,94,775 രൂപ ചെലവഴിച്ച് മേയര്‍ റഷ്യ സന്ദര്‍ശിച്ചതായി വിവരാവകാശ രേഖകള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ സുധ ദിലീപ് വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയില്‍ മേയര്‍ നടത്തിയ റഷ്യ, ദല്‍ഹി യാത്രകളുടെ വിവരങ്ങള്‍ വ്യക്തമായിട്ടുണ്ട്. രണ്ടു യാത്രകള്‍ക്കും കോര്‍പ്പറേഷനാണ് പണം ചെലവാക്കിയത്.
എന്നാല്‍ മേയറുടെ മറ്റ് യാത്രകളുടെ വിശദാംശങ്ങള്‍ നല്കാന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ അപ്പീലിനുപോകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷത്തിനിടെ 22 വിദേശ യാത്രകളാണ് ടോണി ചമ്മണി നടത്തിയത്.
ആറു യാത്രകള്‍ മാത്രമാണ് നടത്തിയതെന്നും എല്ലാ യാത്രകളും സര്‍ക്കാര്‍ അനുമതിയോടെയാണെന്നും കോര്‍പ്പറേഷനില്‍ നിന്നും പണം ചെലവായിട്ടില്ലെന്നുമായിരുന്നു മേയറുടെ വിശദീകരണം.
പ്യാതിഗോര്സ്ക് നഗരവുമായി സിസ്റ്റര്‍ സിറ്റി ബന്ധം സ്ഥാപിക്കാനാണ് റഷ്യന്‍ യാത്രയെന്നാണ് രേഖകളില്‍ കാണുന്നത്. 2010ല്‍ ഇതേ പദ്ധതി അമേരിക്കയുമായി ഒപ്പിട്ടിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടികള്‍ ഒന്നുമായില്ല ദുബായിയിലേക്ക് തന്നെ ഏഴ് തവണയാണ് മേയര്‍ യാത്ര നടത്തിയിരിക്കുന്നത്. കൊച്ചി മെട്രൊ റെയ്ലിന്റെ ബോഗികള്‍ സംബന്ധിച്ച് വിദേശ രാജ്യവുമായി രഹസ്യ ചര്‍ച്ച നടത്താനായിരുന്നു ഈ യാത്രകള്‍. നാട്ടുകാരനായ കേന്ദ്രമന്ത്രിക്കും ഇതില്‍ പങ്കുണ്ട്.
ഇദ്ദേഹത്തിന്റെ ബിനാമിയായിട്ടാണ് മേയര്‍ പ്രവര്‍ത്തിക്കുന്നത്. ഏതൊക്കെ സംഘടനകളാണ് മേയറുടെ വിദേശ യാത്രകള്‍ക്ക് പണം ചെലവാക്കുന്നതെന്നും എന്താണ് ഇവര്‍ക്ക് മേയറുമായുള്ള ബന്ധമെന്നും കോണ്‍ഗ്രസ് അന്വേഷിക്കണം. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണമെന്നും എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: